ജീവിതശുദ്ധി

 

സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ജനുവരി 2012

 

വിവേകിയായ മനുഷ്യന്റെ ജീവിതം എല്ലാ പ്രകാരത്തിലും പവിത്രമായിരിക്കേണ്ടതാണ്. ശരീരമനോബുദ്ധികളുടെ പവിത്രതയാണ് ജീവിതത്തിന്റെ ശുദ്ധി. ശുദ്ധമായ ജീവിതം നയിക്കുന്നൊരാള്‍ക്കുമാത്രമേ സം തൃപ്തിയും സമാധാനവും കൃതാര്‍ത്ഥതയുമുണ്ടാവു. ധാര്‍മ്മികങ്ങളായ കര്‍ത്തവ്യകര്‍മ്മങ്ങളെമാത്രം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ ശരീരം എപ്പോഴും ശുദ്ധമാണ്. ദുഷ് കര്‍മ്മങ്ങളാണ് ശരീരത്തിന്റെ അശുദ്ധി. അവയെ സ്പര്‍ശിക്കാതെ ജീവിക്കുന്നൊരാളുടെ ശരീരം കുളിച്ചാലും ഇല്ലെങ്കിലും എപ്പോഴും സംശുദ്ധമാണ്. എന്നാല്‍ അങ്ങ നെ ചെയ്യാന്‍ വളരെ കുറച്ചുപേര്‍ക്കേ സാധി ക്കുന്നുള്ളു. മനസ്സിന്റെ അശുദ്ധിയാണതിനു കാരണം. രാഗാദിവികാരങ്ങളെക്കൊണ്ടും വര്‍ദ്ധിച്ച വിഷയതൃഷ്ണകൊണ്ടുമാണ് മനസ്സു ദുഷിക്കുന്നത്. ജീവികളിലും, പദാര്‍ ത്ഥങ്ങളിലും രാഗദ്വേഷങ്ങളും മദമത്സരങ്ങളും വര്‍ദ്ധിച്ചാല്‍ പലപ്പോഴും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാനിടയാവും. ദുര്‍ഭാവങ്ങളെക്കൊണ്ടു മനസ്സു കലുഷമായിത്തീര്‍ന്നാല്‍ മിക്കപ്പോഴും ദുഷ്‌കര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. അങ്ങനെ അനിയന്ത്രിതവും ഉച്ശൃംഖലവുമായ മനുഷ്യജീവിതം എത്ര വലിയ നരകത്തിലാണെത്തിപ്പെടുന്നതെന്നു പറയാന്‍ വയ്യ ! ബുദ്ധിയുടെ കടിഞ്ഞാണ്‍ പിടിയില്ലാത്ത ക്ഷുബ്ധവും, പ്രാകൃതവുമായ മനസ്സിനാല്‍ നയിക്കപ്പെടുന്ന ജീവിതമാണ് ഇങ്ങനെയൊക്കെയായിത്തീരുന്നത്. നിര്‍മ്മലമായ ബുദ്ധിയുടെ നിയന്ത്രണത്തിലുള്ള മനസ്സും, ശുദ്ധവും ഉപശാന്തവുമായ മനസ്സിനാല്‍ നയിക്കപ്പെടുന്ന ശരീരവുമാണ് ഒരാളുടെ ജീവിതത്തിന്റെ ഘടകങ്ങളെന്നുവന്നാല്‍ ആ ജീവിതം സര്‍വ്വോല്‍കൃഷ്ടവും വിജയവുമാവാതിരിക്കാന്‍ വയ്യ. തെറ്റിദ്ധാരണകളും അവിവേകവുമാണ് ബുദ്ധിയുടെ അശുദ്ധി. ബോധവിവേകങ്ങളെക്കൊണ്ട് അവയെനീക്കി ബുദ്ധിയെ നിര്‍മ്മലമാക്കാന്‍ കഴിയും.

ദൃഢമായ ഈശ്വരവിശ്വാസം, ത്യാഗം, വൈരാഗ്യം, ശമം, ദമം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങളെല്ലാം ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കപ്പെടേണ്ടവയാണ്. ജീവിതത്തില്‍ വിജയം വേണമെന്നുള്ളൊരാള്‍ക്ക് ഇവയെല്ലാം ഒഴിക്കാന്‍ പാടില്ലാത്തവയാണ്. വിവേകാദിഗുണങ്ങളെക്കൊണ്ടു ബുദ്ധി വേണ്ടത്ര നിര്‍മ്മലയും വീര്യയുക്തയുമായിരിക്കണം. അങ്ങനെയുള്ള ബുദ്ധിക്കു മാത്രമേ എളുപ്പത്തില്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. ഒരു നല്ല ജീവിതത്തിന്ന് ആ തിരിച്ചറിയല്‍ അത്യാവശ്യമാണുതാനും. തക്കസമയത്ത് വേണ്ടതുവേണ്ടപോലെ ഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അതാണ് വിവേകത്തിന്റെ ലക്ഷണവും. അതില്ലെങ്കില്‍ പിന്നെ മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായിട്ടും കാര്യമില്ല. എല്ലാകാര്യത്തിലും പരാജയമായിരിക്കും ഫലം.

ലോകത്തില്‍ ഓരോരുത്തരും അനുഭവിക്കുന്ന എല്ലാവിധ അനുഭവങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ തന്നെയാണ് കാരണം. നല്ലതോ ചീത്തയോ ആയ ഒരനുഭവം ആരില്‍ക്കൂടെ വന്നുചേരുന്നതാണെങ്കിലും അതിന്റെ ഉത്തരവാദി അനുഭോക്താവാണ്. തനിക്കനുഭവിക്കാന്‍ അര്‍ഹതയില്ലാത്തൊരനുഭവം ഒരിക്കലും ഒരാള്‍ക്കു വന്നുചേരില്ല. പക്ഷേ തന്റെ അര്‍ഹത മിക്കപ്പോഴും ഓരോരുത്തര്‍ക്കും അജ്ഞാതമായിരിക്കും. വന്നുചേരുന്ന അനുഭവവും താനും തമ്മിലുള്ള സം ബന്ധം ഓരോരുത്തര്‍ക്കും അജ്ഞാതമാണെ ന്നതുകൊണ്ടാണ് പൊതുവെ അദൃഷ്ടങ്ങളെന്നു പറഞ്ഞുവരുന്നത്. അദൃഷ്ടഫലങ്ങളെല്ലാം ദൃഷ്ടങ്ങളായ ചില കര്‍മ്മങ്ങളുടെ പ്രതിഫലങ്ങളാണ്. ഫലാസ്പദങ്ങളായ കര്‍മ്മങ്ങള്‍ മുമ്പു കഴിഞ്ഞുപോയതിനാല്‍ വര്‍ത്തമാനകാലത്തിനെ അറിയാന്‍ കഴിയുന്നില്ലെന്നേ ഉള്ളു. അതിനാല്‍ അവരവരുടെ ജീവിതത്തിലെ ശുഭാശുഭങ്ങളായ എല്ലാ അനുഭവങ്ങള്‍ക്കും അവരവര്‍ തന്നെയാണ് തികച്ചും ഉത്തരവാദിയായിട്ടിരിക്കുന്നത്.

അപ്പഴപ്പോള്‍ മനസ്സില്‍ പൊന്തിക്കൊണ്ടിരിക്കുന്ന വിചാരങ്ങളും ഭാവങ്ങളുമെല്ലാം മനസ്സിന്റെ വൃത്തികളാണ്. വൃത്തികളെല്ലാം അകത്താണ് ഉണ്ടാവുന്നതെങ്കിലും പുറത്തുള്ള പദാര്‍ത്ഥങ്ങളോടും ജീവികളോടും ബന്ധപ്പെടുന്നു. പല രൂപത്തില്‍ പല വസ്തുക്കളിലും ജനങ്ങളിലും വൃത്തികള്‍ വഴി യ്ക്കു ജീവന്‍ ബന്ധപ്പെടുന്നു. അതാണൊരുപ്രകാരത്തില്‍ സംസാരബന്ധം. ബന്ധത്തിനനുസരിച്ചാണ് ഓരോരുത്തരുടെയും വിചാരങ്ങളും പ്രവൃത്തികളും. അങ്ങനെ ചെയ്യപ്പെടുന്ന പ്രവൃത്തികളാണ് പില്‍ക്കാലത്തു ഫലസ്വരൂപങ്ങളായി മാറുന്നത്. ഏതേതു വസ്തുക്കളേയോ, ജീവികളേയോ ആശ്രയിച്ചുകൊണ്ടാണോ കര്‍മ്മം വളരാനിടവന്നത്; അതാതു വ്യക്തികളില്‍കൂടെ ഫലവും വന്നുചേരുന്നു. ഇതാണ് സംസാരത്തിന്റെ സ്വഭാവം. അതാതു വ്യക്തികളില്‍കൂടെയാണ് ഫലാനുഭൂതി വന്നുചേരുന്നതെങ്കിലും അവരാരും അതിനുത്തരവാദിയല്ലെന്നും ഭോക്താവുമാത്രമാണ് ഉത്തരവാദിയെന്നും ഈ വീക്ഷണത്തില്‍കൂടെ നോക്കിയാല്‍ അറിയാന്‍ കഴിയും. മനസ്സില്‍ അപ്പഴപ്പോള്‍ പൊന്തിക്കൊണ്ടിരിക്കുന്ന വൃത്തികളെ മുഴുവന്‍ – അവ ഏതെല്ലാം രൂപത്തിലൊക്കെയുള്ളതായാലും-ഈശ്വരനോടു മാത്രം ബന്ധപ്പെടുത്തുന്നു എന്നുള്ളതാണ് ഏറ്റവും സുരക്ഷിതമായ അവസ്ഥ. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ കര്‍മ്മങ്ങള്‍ വളരാന്‍ തന്നെ ഇടയാവില്ല. എന്തെങ്കിലും കര്‍ത്തവ്യകര്‍മ്മങ്ങളെയൊക്കെ ചെയ്താലും അവയൊന്നും യാതൊരു വ്യക്തിയോടും ബന്ധപ്പെടാനും പോവുന്നില്ല. പക്ഷേ; പരമാര്‍ത്ഥമായ ഈശ്വരവിശ്വാസവും, സമ്പൂര്‍ണ്ണമായ ഈശ്വരശരണാഗതിയും ഉള്ളൊരാള്‍ക്കു മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. ജഡമായിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ ചൈതന്യസ്വരൂപനും സര്‍വ്വശക്തനുമായ ഈശ്വരനെയല്ലാതെ മറ്റാരെയാണ് വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യേണ്ടത് ! വിവേകമുള്ള ഏതൊരാള്‍ക്കും ഉപേക്ഷിക്കാന്‍ കഴിയാത്തതാണ് ഈശ്വരാശ്രയം. ജീവിതത്തിന്റെ വിജയത്തിനു അതില്‍പ്പരം നല്ലൊരു മാര്‍ഗ്ഗം മറ്റൊന്നുംതന്നെയില്ലെന്നു പറയണം. ശരീരമനോബുദ്ധികളുടെ ശുദ്ധിയാണ് ജീവിതവിജയത്തിന്റെ മുഖ്യഹേതു. ഈശ്വരശരണാഗതി കൊണ്ടല്ലാതെ കരണങ്ങള്‍ സംശുദ്ധങ്ങളാവാന്‍ പോവുന്നില്ല. അറിവും, വിചാരവും, പ്രവൃത്തിയും നന്നായാല്‍ മാത്രമേ ഒരാളുടെ അനുഭവങ്ങള്‍ നന്നാവാന്‍ പോവുന്നുള്ളൂ. കരണങ്ങളുടെ പരിശുദ്ധിയാണ് അറിവിനേയും, വിചാരങ്ങളേയും, പ്രവൃത്തികളേയും നന്നാക്കിത്തീര്‍ക്കുന്നത്. ശാസ്ത്രബോധം, സല്‍സംഗം, ദൃഢമായ ഈശ്വരവിശ്വാസം എന്നിവയാണ് ശരീരാദികരണങ്ങളെ പവിത്രങ്ങളാക്കിത്തീര്‍ക്കുന്നത്. കരണങ്ങളുടെ പവിത്രതയും ശരിയായ വിവേകവും തന്നെ ജീവിതത്തിന്റെ ശുദ്ധി. അതുള്ളവന്‍ അനുഗ്രഹീതനും ധന്യനുമാണ്. അവന്റെ ജീവിതം ഇഹത്തിലും പരത്തിലും വിജയവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

one × 4 =