ശബരിയുടെ ഭക്തി

 

സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഫെബ്രുവരി 2012

 

മനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങള്‍ ലൌകികപദാര്‍ത്ഥങ്ങളെയും, കര്‍മ്മങ്ങളെയും കേവലം വിട്ടു കാലദേശങ്ങളില്‍നിന്നും, നാമരൂപങ്ങളില്‍നിന്നും, അതീതനായ ഈശ്വരങ്കല്‍ ഏതെങ്കിലും ഒരു പ്രകാരത്തില്‍ രമിക്കാനും, ലയിക്കാനും തുടങ്ങലാണല്ലോ ഭക്തിയുടെ ആരംഭം. ലൌകികപദാര്‍ത്ഥങ്ങളിലും കര്‍മ്മങ്ങളിലും സത്യബുദ്ധിയോടും, സുഖഭാവത്തോടുംകൂടി രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനു സ്വാഭാവികമായി അതുണ്ടാവാന്‍വയ്യ. അതാണ് ആദ്ധ്യാത്മികജീവിതമുണ്ടാവാനും, നിലനില്ക്കാനും, വളരാനുമൊക്കെ വൈദികസംസ്‌കാരം അവശ്യം ഉണ്ടായിരിക്കേണമെന്നു നിര്‍ബന്ധിക്കാന്‍ കാരണം. വൈദികമായ അറിവും, സംസ്‌കാരവുമുണ്ടാവുമ്പോള്‍ ഈ ജഗത്ത് അനൃതവും ജഡവും, ദുഃഖവുമാണെന്നു ബോധിക്കാനും, കര്‍മ്മങ്ങള്‍ ജനനമരണക്ലേശഭൂയിഷ്ഠങ്ങളാണെന്നു സ്വയം ബോദ്ധ്യംവരാനും ഇടയാവും. ജഗത്തിന്റെ മിത്ഥ്യാത്വത്തെപ്പറ്റിയും, ദുഃഖാനുഭൂതിയെപ്പറ്റിയും സ്വയം ബോദ്ധ്യമുണ്ടാവുമ്പോള്‍ അതില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ സ്വാഭാവികമായുണ്ടാവും. അറിവുകൊണ്ടു സംസാരത്തില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ ഒരു ഭാഗത്തും, അതുവരെയുള്ള സംസാരാനുഭവംകൊണ്ടുള്ള ക്ലേശം മറുഭാഗത്തും ഇട്ടുഞെരുക്കാന്‍ തുടങ്ങുമ്പോള്‍ അഭീഷ്ടപ്രാപ്തിക്കും. ദുഃഖനിവൃത്തിക്കുംവേണ്ടിയെങ്കിലും ഈശ്വരനെ ആശ്രയിക്കാനുള്ള സല്‍ബുദ്ധിയുണ്ടാവുകയെന്നത് എളുപ്പമാണ്. അതാണ് വൈദികജ്ഞാനവും, വേദോക്തകര്‍മ്മങ്ങളില്‍ നിഷ്ഠയുമൊക്കെയുണ്ടാവണമെന്നു പറയുന്നത്. അങ്ങനെ വൈ ദികജ്ഞാനവും, വേദോക്തകര്‍മ്മനിഷ്ഠയുമൊക്കെയുണ്ടായിട്ടും പലപ്പോഴും പലര്‍ക്കും ഭക്തിയും വൈരാഗ്യവുമൊന്നുമില്ലാതെ വെറും വിഷയാസക്തനും, മൂഢനുമായിത്തന്നെ കഴിഞ്ഞുകൂടാനും ഇടവരാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ദുര്‍ല്ലഭം ചില അനുഗൃഹീതവ്യക്തികള്‍ക്കു വേദസംബന്ധമൊന്നും കൂടാതെത്തന്നെ ജഗത്തില്‍ തീവ്രവൈരാഗ്യവും ഈശ്വരങ്കല്‍ നിരതിശയപ്രേമവുമുണ്ടാവാറുണ്ട്. ജന്മാന്തരസുകൃതവിശേഷമെന്നോ, ഈശ്വരകാരുണ്യമെന്നോ ഒക്കെയാണ് അതിന്നു കാരണം പറയാറ്. ഏതായാലും അങ്ങനെ ഒരനുഗൃഹീതവ്യക്തിയായിരുന്നു ശബരി.

മതംഗമഹര്‍ഷിയുടെ പുണ്യാശ്രമത്തിന്റെ പരിസരപ്രദേശത്തു താമസിച്ചുവന്നിരുന്ന ഒരു കാട്ടാളസ്ത്രീയായിരുന്നു രാമായണത്തിലെ പ്രസിദ്ധയായ ശബരി. അവള്‍ നിത്യേന തന്റെ കുടിലില്‍നിന്നു പല ആവശ്യങ്ങള്‍ക്കുമായി കാട്ടിലേയ്ക്കു പോവുകയും വരികയും ചെയ്തിരുന്നു. അതു മതംഗമഹര്‍ഷിയുടെ ആശ്രമത്തിന്റെ പടിക്കല്‍ക്കുടെയുമായിരുന്നു. ദിവസേന ആശ്രമപരിസരത്തില്‍ക്കൂടെ ചുറ്റിസ്സഞ്ചരിച്ചിരുന്ന ആ കാട്ടാളസ്ത്രീക്കു മഹര്‍ഷിമാരുടെ ദര്‍ശനമോ, ആശ്രമത്തിലെ ഹോമധൂമം പരത്തുന്ന സുഗന്ധത്തിന്റെ ആഘ്രാണനമോ, വേദഘോഷങ്ങളുടെയും, മന്ത്രോച്ചാരണങ്ങളുടെയും ശ്രവണമോ പുതിയതായിരുന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ അതുവരെ ഒരിക്കലെങ്കിലും ആശ്രമത്തില്‍ പോവാനോ, തപസ്വികളുമായി അടുത്തു പെരുമാറാനോ, ആശ്രമത്തില്‍ നടക്കുന്ന ഏതെങ്കിലും പുണ്യകര്‍മ്മത്തില്‍ പങ്കുകൊള്ളാനോ ഇടവന്നിട്ടില്ല. ഭക്തിയും വിശ്വാസവും ഇല്ലാഞ്ഞിട്ടല്ല. തപസ്വികളെ മതിപ്പില്ലാഞ്ഞിട്ടല്ല. സല്‍സംഗത്തില്‍ തൃഷ്ണയില്ലാഞ്ഞിട്ടുമല്ല. ചണ്ഡാളസ്ത്രീ തപസ്വികളെ സമീപിക്കാന്‍ പാടില്ലെന്ന ആചാരനിര്‍ബ്ബന്ധമാണവളെ വിലക്കിയത്. എന്നാലും സച്ഛ്രദ്ധ അവളെ അങ്ങോട്ടാകര്‍ഷിച്ചുകൊണ്ടിരുന്നു.

കാന്തം ഇരുമ്പിനെയെന്നപോലെയാണ് സജ്ജനങ്ങള്‍ സച്ഛ്രദ്ധയുള്ളവരെ ആകര്‍ഷിക്കുന്നത്. അവര്‍ക്കു സജ്ജനങ്ങളെക്കണ്ടാല്‍ അവരെ സമീപിക്കാതിരിക്കാന്‍ വയ്യ. ഈ നില ശബരിയെയും ബാധിച്ചു. തനിക്കര്‍ഹതയില്ലാ ത്തകാര്യത്തില്‍ ആഗ്രഹം ജനിക്കരുതെന്നു മനസ്സിനെ പലപാടു നിര്‍ബ്ബന്ധിച്ചുനോക്കി. പക്ഷേ, അതുകൊണ്ടാന്നും പ്രയോജനമുണ്ടായില്ല. അവള്‍ക്കവരെ സമീപിക്കാതിരിക്കാന്‍ വയ്യെന്നായി. ലോകനിയമപ്രകാരം അനര്‍ഹവുമാണ്. അവസാനം ഒരു യുക്തി തോന്നി. അവിടെ പോവാനോ അവരുടെ സത്ക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളാനോ വയ്യെങ്കില്‍വേണ്ട അവര്‍ക്ക് സേവനം ചെയ്യാമല്ലോ എന്നുകരുതി അര്‍ദ്ധരാത്രിയില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത് ആരും അറിയാതെ ആശ്രമത്തിലെ മുറ്റമടിച്ചു വൃത്തി യാക്കുക; വിറകുകൊണ്ടുപോയി വെയ്ക്കുക, പഴങ്ങളും, കിഴങ്ങുകളും കൊണ്ടുപോയിവെയ്ക്കുക – ഇങ്ങനെ ആരും അറിയാതെ ഒരു സേവനം തുടങ്ങി. അങ്ങനെ കുറെദിവസം കഴിഞ്ഞു. അതുകൊണ്ടു കൃതാര്‍ത്ഥതപ്പെട്ടു കഴിഞ്ഞുവരികയാണ്. അങ്ങനെയിരിക്കേ അതും കണ്ടുപിടിക്കപ്പെട്ടു. ദിവസേന ആശ്രമത്തില്‍ വിറകും, പഴങ്ങളും മറ്റും കൊണ്ടുവെയ്ക്കുന്നതും, മുറ്റമടിച്ചു വൃത്തിയാക്കുന്നതും മറ്റും ആരാണെന്നറിയാന്‍ ആശ്രമവാസികളായ ചില ബ്രഹ്മചാരികള്‍ ഉല്‍ക്കണ്ഠിതരായി. അതിന്റെ ഫലമായി അവരൊരു ദിവസം ഒളിച്ചു കാത്തിരുന്നു. ശബരിയെ കണ്ടുകിട്ടുകയും ചെയ്തു. അവര്‍ ബഹളംകൂട്ടി. ആശ്രമത്തെയും, തങ്ങളെയും വളരെ ദിവസമായി അശുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ആ നീചസ്ത്രീയെ ശിക്ഷിക്കണമെന്നായി അവര്‍. അപ്പോഴാണ് മതംഗമഹര്‍ഷി വിവരം അറിയുന്നത്. ശബരിയുടെ അത്യന്തനിഷ്‌കളങ്കമായ ഭക്തിയും, ത്യാഗവുംകണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു അവളെ അന്നുമുതല്‍ ആശ്രമത്തില്‍ താമസിപ്പിച്ചുവരികയും ചെയ്തു. ഇങ്ങനെയാണ് കാട്ടാളസ്ത്രീയായ ശബരി മതംഗമഹര്‍ഷിയുടെ പുണ്യാശ്രമത്തില്‍ താമസിക്കാനിടയായത്.

വിദ്യാഭ്യാസം, തപസ്സ്, യോഗാനുഷ്ഠാനം, തത്ത്വവിചാരം തുടങ്ങിയ ആദ്ധ്യാത്മികജ്ഞാനത്തിന്റെ ഉപകരണങ്ങളില്‍ ഒന്നുപോലും അവള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും സ്വാഭാവികമായിത്തന്നെ പരമനിഷ്‌കളങ്കയായ ഒരു ഭക്തിയും, ഏറ്റവും ദൃഢമായ ഒരു വിശ്വാസവുമുണ്ടായിരുന്നു. അതാണ് ആ പാവപ്പെട്ട കാട്ടാളസ്ത്രീയെ സജ്ജനങ്ങളുടെ മദ്ധ്യത്തിലേയ്ക്കും അവരില്‍ക്കൂടെ ക്രമേണ ഈശ്വരങ്കലേയ്ക്കും നയിച്ചതെന്നു പറയണം. ഭഗവാനു നിവേദിക്കാന്‍ വേണ്ടി അവള്‍ സഞ്ചയിച്ചിരുന്ന പഴങ്ങളില്‍ ഓരോന്നും കടിച്ചു രുചിനോക്കുകപോലും ചെയ്തിരുന്നു. താന്‍ കടിച്ച പദാര്‍ത്ഥം ഭഗവാനു നിവേദിക്കാന്‍ പറ്റില്ലെന്നുള്ള അറിവുപോലും അവള്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും ഭഗവാന്‍ ആ പുണ്യവതിയെ ഏറ്റവും ആര്‍ദ്രതയോടെ അനുഗ്രഹിച്ചു. അവള്‍ കൊടുത്ത പഴങ്ങളെ ഭഗവാന്‍ വളരെ രുചിയോടെ ഭക്ഷിച്ചു. ഭഗവാന്‍ ശ്രീരാമചന്ദ്രനും ശബരിയും തമ്മില്‍ രസകരമായൊരു സംഭാഷണം നടക്കുന്നുണ്ട്. ശബരി ചോദിക്കയാണ് ഭഗവാനോട്, ഈശ്വരസാക്ഷാ ത്ക്കാരത്തിന്നു വേണ്ട ഉപകരണങ്ങളൊന്നുമില്ലാത്ത അവള്‍ക്കു ഭഗവാന്‍ എന്താണ് ദര്‍ശനം കൊടുക്കാന്‍ കാരണമെന്ന്. അതിന്നുള്ള ഭഗവാന്റെ മറുപടി, വേദാന്തജ്ഞാനത്തിന്റെ മര്‍മ്മം തുറന്നു കാണിക്കുകയാണ്. മറ്റെല്ലാ ഉപകരണങ്ങളെക്കൊണ്ടും ഉണ്ടായിത്തീരേണ്ട മുഖ്യമായ സംസ്‌കാരമാണ് വിഷയങ്ങളില്‍നിന്നുള്ള നിത്യമായ വേര്‍പാടും, ഈശ്വരങ്കലുള്ള നിരതിശയമായപ്രേമവും അതാണൊരാളെ ഈശ്വരങ്കലേയ്ക്കുയര്‍ത്തുന്നത്. ഭാഗ്യംകൊണ്ട് അതു നിനക്കുണ്ടായി. അപ്പോള്‍ മറ്റൊന്നിന്റെയും ആവശ്യമില്ലാതായി എന്നാണ്. ഇതില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു, ഒരാള്‍ക്കെന്തൊക്കെയുണ്ടായാലും ഇല്ലെങ്കിലും വിഷയവിരക്തിയും, ഈശ്വരപ്രേമവുമാണ് അയാളെ ഉയര്‍ത്തുന്നതെന്ന്; അതുണ്ടെങ്കില്‍ ബാക്കിയെല്ലാം ഉപയോഗശൂന്യമായി; അതില്ലെങ്കില്‍ ബാക്കിയെന്തൊക്കെയുണ്ടായിട്ടും ജീവിതത്തിന്നുയര്‍ച്ചയുണ്ടാവുന്നതുമല്ല എന്ന്. അതിനാല്‍ ഭക്തിയും, വൈരാഗ്യവുംതന്നെ മുഖ്യമായ സമ്പത്ത്. അത് സമ്പാദിച്ചവന്‍ ധന്യന്‍തന്നെ. അല്ലാത്തവര്‍ നിരാശരും.

Leave a Reply

Your email address will not be published. Required fields are marked *

2 × 1 =