സ്വാമി ജ്ഞാനാനന്ദ സരസ്വതി

“അന്വര്‍ത്ഥനാമാവായ അദ്ധ്യാത്മജ്ഞാനനിധി”

ജ്ഞാനാനനന്ദസരസ്വതി എന്ന അന്വര്‍ത്ഥ നാമാവായ മഹാപുരുഷനെക്കുറിച്ച് കേള്‍ക്കാത്തവരായി കേരളക്കരയില്‍ ആദ്ധ്യാത്മികമണ്ഡലത്തില്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. തരണം ചെയ്യാന്‍ പ്രയാസമുള്ള സംസാരസമുദ്രം സ്വപ്രയത്നംകൊണ്ട് നീന്തിക്കടന്ന് മറ്റുള്ളവരേയും സംസാരത്തിന്റെ മറുകരയെത്തിക്കാന്‍ ജീവിതകാലമത്രയും പരിശ്രമിച്ച സമുജ്വലപ്രഭാവനാണദ്ദേഹം.

1910 ജനുവരി 16-‍ാം തീയതി വെള്ളിനേഴി പുളിക്കല്‍ വാര്യത്തെ കൃഷ്ണവാര്യരുടേയും കരിമ്പുഴ പടിഞ്ഞാറെ പുതിയ വാര്യത്തെ കുഞ്ഞിക്കുട്ടിവാരസ്യാരുടേയും മൂന്നാമത്തെ സന്താനമായി ജനിച്ച അദ്ദേഹം 4-‍ാംതരം വരെ പഠിച്ചശേഷം നിയതിയുടെ ഗതിയനുസരിച്ച് സംസ്കൃതപഠനമാരംഭിച്ചു. സംസ്കൃതത്തില്‍ ഏതാണ്ട് നല്ല പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹത്തിന് മറ്റു ഗ്രന്ഥാപേക്ഷയില്ലാതെ ശ്ലോകങ്ങളുടെ അര്‍ത്ഥഗ്രഹണവും പാഠനവും സാധിച്ചിരുന്നു.

ചെറുപ്പം മുതലേ സുദൃഢമായ ഭക്തിയും, ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മറ്റും അടിയുറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും തനിക്കാശ്രയം ഭഗവാന്‍ കൃഷ്ണനാണെന്ന ധാരണ അദ്ദേഹത്തിന് എപ്പോഴുമണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുഖത്തില്‍ അധികക‍ാംക്ഷയോ ദുഃഖത്തില്‍ അധികവ്യഥയോ അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നില്ല. എല്ല‍ാം ഈശ്വരേച്ഛപോലെയേ വരൂ എന്ന ഉറച്ച വിശ്വാസത്തോടെ പ്രവര്‍ത്തിച്ചിരുന്നു. മറ്റുള്ളവര്‍ തന്നെ എങ്ങനെ വിലയിരുത്തുന്നു എന്നു നോക്കാതെ തനിക്ക് ശരിയെന്ന് തോന്നുന്നതില്‍ മനസ്സും ബുദ്ധിയും ഉറപ്പിച്ച് സര്‍വ്വ പ്രവൃത്തികളിലും ഏര്‍പ്പെട്ടിരുന്നു.

ശ്രീമദ് ഭാഗവതത്തോട് സ്വാമിജിക്ക് ചെറുപ്പം മുതലേ വലിയ പ്രതിപത്തിയായിരുന്നു. ഭാഗവതം വായന എവിടെയുണ്ടെങ്കിലും അവിടെയെത്തും. ഒരു ഭാഗവത ഗ്രന്ഥം സ്വന്തമാക്കുക എന്നത് ചെറുപ്പകാലത്തെ ഒരു ജീവിതാഭിലാഷമായിരുന്നു. നിര്‍ധനാവസ്ഥയിലായിരുന്ന അദ്ദേഹം പതിനെട്ട‍ാം വയസില്‍ അതു സാധിച്ചു. “ശ്രീമദ് ഭാഗവതാഖ്യോയം പ്രത്യക്ഷ കൃഷ്ണയേവഹി” – ശ്രീമദ് ഭാഗവതം എന്നത് സാക്ഷാത് ശ്രീകൃഷ്ണപരമാത്മാവുതന്നെ എന്നാണല്ലോ മാഹാത്മ്യം. അതുകൊണ്ട് ഭാഗവതം സ്വന്തമായി കിട്ടിയപ്പോള്‍ സ്വാമിജിക്കുണ്ടായ ആനന്ദം സര്‍വ്വസിദ്ധികരമായിരുന്നു. സ്വാമിജിയുടെ സപ്താഹം ശ്രവിച്ചിട്ടുള്ളവരെ അതേരീതിയില്‍ സര്‍വ്വസിദ്ധികരമായി ഭഗവത്‌ കഥാരസത്തില്‍ ആറാടിക്കുകയും ചെയ്തിട്ടുണ്ട്.

ജഗജ്ജനനിയും വരദായിനിയുമായ മൂക‍ാംബികാദേവിയുടെ സന്നിധിയിലെ സരസ്വതീമണ്ഡപത്തില്‍വച്ച് 22 -‍ാം വയസില്‍ സ്വാമിജി പ്രഥമ സപ്താഹം നടത്തി. ജിജ്ഞാസുവായ ഭക്തന്‍ വിശ്വമാതൃത്വം സാക്ഷിയായി ഭാഗവതസ്വരൂപിയായ ശ്രീകൃഷ്ണപരമാത്മാവിനെ വരിച്ച ധന്യനിമിഷമായിരുന്നു അത്. ധാരാളം സപ്താഹയജ്ഞങ്ങളും ഗീതാപ്രവചനങ്ങളും പ്രഭാഷണങ്ങളും കേരളത്തിനകത്തും പുറത്തും തുടര്‍ന്ന് നടത്തുകയുണ്ടായി. ശാസ്ത്രസമ്മതവും സാരവത്തുമായ യജ്ഞങ്ങളിലൂടെ തന്റെ സമകാലീനരായ ജനതതിക്ക് നിസ്സംശയം ആത്മാനുസന്ധാനം ചെയ്യാനുള്ള മാര്‍ഗ്ഗം അദ്ദേഹം തുറന്നുകൊടുത്തു.

കര്‍മ്മഗ്രാഹഗൃഹീതനായ മനുഷ്യന് ലോകത്തില്‍ ചെയ്യേണ്ടതെന്ത്, ചെയ്യരുതാത്തതെന്ത് എന്ന് ശരിയായി അറിഞ്ഞുകൊള്ളണമെന്നില്ല. കര്‍മ്മമാകുന്ന പാതയിലൂടെ നീങ്ങുമ്പോള്‍ പലക്ലേശങ്ങളും ഉണ്ടാവും. ജീവിതായോധനം അത്ര നിസാരമായി കണക്കാക്കാവുന്നതല്ല. എങ്കിലും ഭാഗവതത്തിലും ഭഗവാനിലുമുള്ള അചഞ്ചലമായ വിശ്വാസം താങ്ങും തണലുമായി ഉണ്ടാകുമെന്ന് സ്വാമിജി നമുക്ക് കാട്ടിത്തരുന്നു.

“ഗുരോരനുഗ്രഹേണൈവ പുമാന്‍ പൂര്‍ണ പ്രശാന്തയേ” – ഗുരുവിന്റെ അനുഗ്രഹം കൊണ്ടേ ഒരുവന് പൂര്‍ണ്ണനും പ്രശാന്തചിത്തനുമാകാന്‍ കഴിയുകയുള്ളൂ. ഈശ്വരനും ഗുരുവും ആത്മാവും ഒന്നുതന്നെയാണ്. ഗുരുവിന്റെ കരുണാലേശമുണ്ടായാല്‍ സാധ്യമല്ലാത്തതായി ഒന്നും തന്നെയില്ല. ഗുരുവിലും വലുതായി അറിവോ, തപസോ, ജ്ഞാനമോ ഇല്ല.

“ശരീരമര്‍ത്ഥം പ്രാണ ച സദ്ഗുരുഭ്യോനിവേദയേത്” എന്നാണ് ശാസ്ത്രം. അതായത് തന്റെ സര്‍വ്വസ്വവും ഗുരുവിന് സമര്‍പ്പിച്ച് അഗ്നിസമ്പര്‍ക്കം കൊണ്ട് അയോഗോളം അഗ്നിയുടെ ദാഹകശക്തിയും ചൂടും പ്രകാശവുമുള്ളതായി മാറുന്നതുപോലെ, ഗുരുവിന്റെ അനുഗ്രഹത്തോടെ ഉത്തമനായ ശിഷ്യന്‍ ഭക്തിജ്ഞാനവൈരാഗ്യങ്ങളാകുന്ന ഉത്തമഗുണങ്ങളോടെ പ്രകാശിക്കും. ഇത് സ്വാമിജി ശരിക്കും മനസ്സിലാക്കിയിരുന്നു.

ആത്മാന്വേഷികള്‍ക്ക് എന്നും അഭയസ്ഥാനമായിട്ടുള്ള ഋഷികേശ് ശിവാനന്ദാശ്രമസ്ഥാപകന്‍ സംപൂജ്യ സ്വാമി ശിവാനന്ദസരസ്വതിയെ തന്റെ ഗുരുവായി സ്വാമിജി സ്വീകരിച്ചു. 1951 ജൂണ്‍ 6-‍ാം തീയതി ശിവാനന്ദസ്വാമിയില്‍നിന്നും സംന്യാസം സ്വീകരിച്ച് സ്വാമി ജ്ഞാനാനന്ദസരസ്വതി എന്ന നാമം സ്വീകരിച്ചു. അങ്ങനെ സര്‍വ്വസംഗപരിത്യാഗത്തോടെ തന്റെ ജീവിതം പൂര്‍ണ്ണവളര്‍ച്ചയെ പ്രാപിച്ചു. വേദമാകുന്ന കല്പതരുവിന്റെ ശാഖയില്‍ നിന്നും വീണുകിട്ടിയ കനിപോലെ, മത്സരബുദ്ധിയില്ലാത്ത സമസ്ത ജീവരാശികള്‍ക്കും അനുഭവേദ്യമായ ജീവിതമാണ് തുടര്‍ന്ന് അദ്ദേഹം നയിച്ചിട്ടുള്ളത്.

ലോകത്തില്‍ ആരെങ്കിലും ക്ലേശം അനുഭവിക്കുന്നുണ്ടെങ്കില്‍ അതു തന്റെ ക്ലേശമാണ് എന്നുമനസ്സിലാക്കി അവന്റെ ക്ലേശനിവാരണത്തിന് പരിശ്രമിക്കണം. അതില്‍നിന്ന് ആ ജീവനുണ്ടാകുന്ന സന്തോഷം തന്റെ സന്തോഷമായി കാണണം. അങ്ങനെ സര്‍വ്വജീവരാശികളുടേയും അന്തര്യാമിയായി വര്‍ത്തിക്കുന്ന ഈശ്വരനെ അനുഭവിക്കണം. ഇതായിരുന്നു സ്വാമി ശിവാനന്ദയുടെ ജീവിതരഹസ്യം. സകല ദേഹികളുടേയും അന്തരാത്മദൃക്കായ ഭഗവാനെ അനുഭവിക്കണമെങ്കില്‍ സമഭാവന, ജീവകാരുണ്യം, സഹാനുഭൂതി മുതലായ ഗുണങ്ങള്‍ ഉണ്ടായേ മതിയാവൂ. എങ്കിലേ വൈചിത്ര്യമായ ലോകത്ത് ദിവ്യജീവനം നയിക്കാനാകൂ എന്നുമനസ്സിലാക്കിയ സ്വാമിജി സമസ്ത ജീവരാശികളുടേയും ഉല്‍ക്കര്‍ഷത്തെ ലാക്കാക്കി “ദിവ്യജീവനസംഘം” എന്ന പ്രസ്ഥാനം തന്നെ തുടങ്ങിയിരുന്നു. സ്വാമി ജ്ഞാനാനന്ദസരസ്വതിയും ആ മഹാപ്രസ്ഥാനത്തിലെ ഒരു കണ്ണിയായി തീരുകയാണുണ്ടായത്.

ശിവാനന്ദസ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ ആശ്രമത്തില്‍ നിത്യവും വൈകിട്ട് സത്സംഗം, ഭജന മുതലായവ നടക്കും. ധാരാളം ഭക്തന്മാര്‍ പരിപാടികളില്‍ പങ്കെടുക്കും. അവരില്‍ നിന്നും സമര്‍ത്ഥരായവരെ തിരഞ്ഞുവിളിച്ച് പ്രഭാഷണങ്ങളും ഭജനയും മറ്റും ചെയ്യിക്കുക സ്വാമിജിയുടെ പതിവായിരുന്നു. ഒരു ദിവസം സ്വാമിജിയെ വിളിച്ച് (അന്ന് സംന്യസിച്ചിട്ടില്ല) ഒരു പ്രഭാഷണം നടത്തുവാന്‍ ആവശ്യപ്പെട്ടു. ഭാഗവതത്തിലെ രാസക്രീഡ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടുമണിക്കൂര്‍ സംസാരിച്ചു. ഭാഷ ഏതെന്നുകൂടി അറിയാത്തവര്‍ക്കുകൂടി രസിക്കുന്ന തരത്തിലായിരുന്നു സ്വാമിജിയുടെ പ്രഭാഷണം. സന്തുഷ്ടനായ സ്വാമിജി തന്റെ ശിഷ്യന് ഭാഗവതപ്രവീണന്‍ എന്ന ബഹുമതിയും നല്കി അനുഗ്രഹിച്ചു.

1952-ല്‍ സ്വാമിജി കേരളത്തിലേക്ക് മടങ്ങി. ദിവ്യജീവനത്തിന്റെ രസം ആമൂലാഗ്രം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം കേരളക്കരയിലേക്ക് പ്രവേശിച്ചത്. ഒറ്റപ്പാലത്ത് ദിവ്യജീവനസംഘത്തിന്റെ ശാഖയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഇരുന്നിലംകോട് ജ്ഞാനാനന്ദാശ്രമം എന്നപേരില്‍ ഒരു സ്ഥാപനം തുടങ്ങി. അവിടെ അഗതികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുവേണ്ട കാര്യങ്ങള്‍, നിര്‍ധനരായവര്‍ക്ക് വൈദ്യസഹായം, ഈശ്വരപ്രാപ്തിക്ക് സാധാരണക്കാര്‍ അറിയേണ്ടകാര്യങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കല്‍ തുടങ്ങിയവയെല്ല‍ാം സ്വാമിജി ചെയ്തിരുന്നു. പരമപുരുഷാര്‍ത്ഥം മാസികയിലെ ലേഖനങ്ങള്‍ എഴുതലും, പ്രൂഫുനോട്ടവും, ജനങ്ങളില്‍ എത്തിക്കലും എല്ല‍ാം സ്വാമിജിതന്നെയാണ് ആദ്യകാലങ്ങളില്‍ ചെയ്തിട്ടുള്ളത്. 1952-ല്‍ കൊണ്ടയൂര്‍ ജ്ഞാനാനന്ദാശ്രമം പ്രവര്‍ത്തനം ആരംഭിച്ചു. അവിടെവച്ചാണ് നിരവധി ആധ്യാത്മികഗ്രന്ഥങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ഏതാണ്ട് അറുപതോളം ഗ്രന്ഥങ്ങള്‍ സ്വാമിജിയുടേതായിട്ടുണ്ട്. രാമായണതത്വം, ഭാഗവതരഹസ്യം, വേദാന്തവിജ്ഞാനം, നന്മയുടെ ഓളങ്ങള്‍ , മഹാഭാരതസാരസര്‍വ്വസ്വം മുതലായവ ജനപ്രീതിനേടിയ ഗ്രന്ഥങ്ങളാണ്.

അതുപോലെ ആശ്രമത്തില്‍ വരുന്ന ആരും ഒരു കാര്യത്തിലും നിരാശരായി മടങ്ങാനിടയാകരുതെന്നു സ്വാമിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വരുന്നതു മുഴുവന്‍ ചിലവഴിക്കുക. നാളത്തേക്കുണ്ടോയെന്ന് നോക്കാറില്ല. നാളത്തേക്ക് നാളെ ഭഗവാന്‍ കൊണ്ടുത്തരും എന്നതായിരുന്നു സ്വാമിജിയുടെ നിലപാട്. രാവിലെ നാലുമണിമുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് നിഷ്ടയോടുള്ള ആശ്രമപ്രവര്‍ത്തനങ്ങള്‍‍. കേരളത്തിനുകിട്ടിയ കടാക്ഷം എന്നേ സ്വാമിയുടെ ജീവിതത്തേക്കുറിച്ച് പറയാനുള്ളൂ.

“ഏകഏവചരേദ്ഭിക്ഷുഃ ആത്മരാമോഽനപാശ്രയഃ
സര്‍വ്വഭൂതസുഹൃച്ഛാന്തോ നാരായണ പരായണഃ
(ഭാ7.13.3)

ഭിക്ഷാന്നംകൊണ്ട് ശരീരക്ഷചെയ്ത്, ആത്മാനന്ദത്തില്‍ രമിക്കുന്നവനും, അന്യാശ്രയമില്ലാതെ സര്‍വ്വാത്മനാ ഭഗവാനെ ശരണം പ്രാപിച്ചവനും, സര്‍വ്വഭൂതങ്ങളുടെ ഹിതം സങ്കല്‍പ്പിക്കുന്നവനും, രാഗാദിവൃത്തികള്‍ വെടിഞ്ഞവനുമായി സഞ്ചരിക്കുന്നു യഥാര്‍ത്ഥസംന്യാസി എന്നു ഭാഗവതം പറയുന്നു. ഇതേരീതിയില്‍ സ്വാമിജി സഞ്ചരിക്കുകയും ധര്‍മ്മപ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്. സംസ്കാരസമ്പന്നരും, പാമരന്മാരുമായ മലയാളജനതയ്ക്കുകിട്ടിയ ഭാഗ്യമെന്നേ നമുക്കിതിനെ കാണാന്‍ കഴിയൂ. സ്വാമിജിയുടെ സംസര്‍ഗ്ഗം ലഭിച്ചവരെല്ല‍ാം ആ ധന്യനിമിഷം ആജീവനാന്തം ഓര്‍മ്മവയ്ക്കുന്നതായി നമുക്കു കാണ‍ാം. ദര്‍ശന, സ്പര്‍ശന വചസ്സുകളെകൊണ്ട് ഒരുകാലത്ത് കേരളീയരെ ആത്മനിര്‍വൃതിയിലാറാടിച്ച മഹാപ്രതിഭയായി പ്രശോഭിച്ചിരുന്നു സ്വാമിജി.

കന്യാകുമാരിദേവിയുടെ പാദഭക്തനായി ദേവിയുടെ കടാക്ഷ വീഷണത്തോടെ 1972-ല്‍ തുടങ്ങിയ ‘ആനന്ദകുടീരം’ ആശ്രമത്തില്‍ വളരെക്കാലം സ്വാമിജി താമസിച്ചിരുന്നു. അക്കാലത്ത് രണ്ടുനേരവും സത്സംഗം ഉണ്ടാവും. ധാരാളം ഭക്തജനങ്ങള്‍ അവിടെയെത്തി ദേവീദര്‍ശനവും സ്വാമിജിയുടെ സത്സഗവും ശ്രവിച്ച് ധന്യരായി തീര്‍ന്നിട്ടുണ്ട്. ഭക്തിമുക്തിപ്രധായിനിയായ ദേവിയാല്‍ നിയോഗിക്കപ്പെട്ടവന്‍ എന്നുതോന്നുമാറ് അടുത്തെത്തുന്ന ഭക്തന്മാര്‍ക്ക് ഭുക്തിക്കുവേണ്ട വിഭവങ്ങളും, മോക്ഷമാര്‍ഗ്ഗവും ഒരുപോലെ പ്രദാനം ചെയ്തിരുന്നു.

1962-ല്‍ ഒലവക്കോട്, ശ്രീമാന്‍ ദിവാകരകൈമളുടേയും റ്റി. ആര്‍. നായരുടേയും നേതൃത്വത്തില്‍ ദിവ്യജീവനസംഘത്തിന്റെ ഒരുശാഖ പ്രവര്‍ത്തനമാരംഭിച്ചു. അവിടെ ഒരു ഗണപതിക്ഷേത്രവും നിത്യേന ഭജനകീര്‍ത്തനങ്ങളും നടന്നിരുന്നു. ശിവാനന്ദഗ്രന്ഥാലയം എന്നപേരില്‍ ഒരു ലൈബ്രറിയും പില്‍ക്കാലത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം സ്വാമിജിയെ അവിടെകൊണ്ട് വന്ന് പ്രഭാഷണങ്ങളും ഭാഗവതസപ്താഹയജ്ഞങ്ങളും മറ്റും നടത്തിവന്നു.

1976 മുതല്‍ സ്വാമിജി ദിവ്യജീവനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1980 സെപ്തംബര്‍ 8-‍ാം തീയതി പ്രവര്‍ത്തനങ്ങളുടെ ചുമതല പൂര്‍ണ്ണമായും സ്വാമിജിയുടെ മേല്‍നോട്ടത്തിലായി. ജലാശയത്തില്‍നിന്ന് ഒരുകൈക്കുമ്പിള്‍ ജലമെടുത്ത് സൂര്യന് അര്‍ഘ്യം സമര്‍പ്പിക്കുന്നതുപോലെ, തന്റെ ഗുരുനാഥനായ ശിവാനന്ദസ്വാമിജിയെപ്പോലെ കര്‍മ്മഭക്തിജ്ഞാനയോഗങ്ങളുടെ സമന്വയമായി തന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ലോകോപകാരപ്രദമാക്കിതീര്‍ക്കുകയും, തദ്വാരാ ഗുരുദക്ഷിണാ സമര്‍പ്പണമായും ഭവിക്കണം തന്റെ ജീവിതം എന്ന ഭാവനയോടെ 1980 ഒക്ടോബര്‍ 1 ന് പാലക്കാട് ഗുരുദക്ഷിണാമണ്ഡപത്തിന് സ്വാമിജി തറക്കല്ലിട്ടു. 1981 ഫെബ്രുവരി 14 ന് ആയതിന്റെ ഉത്ഘാടനം അന്നത്തെ കേരളാഗവര്‍ണ്ണറായ ജ്യോതി വെങ്കിടാചലം നിര്‍വ്വഹിക്കുകയും അതോടൊപ്പം ശിവാനന്ദാശ്രമം എന്നപേരില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

തന്റെ ഗുരുനാഥനായ ശിവാനന്ദസ്വാമിജിയുടെ പേരും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കേരളത്തിലാകമാനം എത്തിക്കണം എന്ന ലക്ഷ്യത്തോടെ സ്വാമിജി പാലക്കാട് ശിവാനന്ദാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി. ആശ്രമത്തിന്റെ സുഗമവും അനുസ്യൂതവും ശക്തിമത്തുമായ പ്രവര്‍ത്തനത്തിനായി തന്റെ ശിഷ്യനായ സ്വാമി നിത്യാനന്ദസരസ്വതിയെ ചുമതലപ്പെടുത്തി. ഗുരുനാഥന്റെ അനുഗ്രഹത്തോടുകൂടി ഭാവഗ്രാഹിയായ അദ്ദേഹം സ്വാമിജിയുടെ അഭിലാഷം നിറവേറ്റുന്നതിനായി അനവരതം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.

ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ സമുദ്ധരിക്കുക, സാധുക്കളായ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, ജിജ്ഞാസുക്കള്‍ക്ക് ആത്മവിദ്യ ഉപദേശിച്ചുകൊടുക്കുക, തുടങ്ങി ജിജ്ഞാസുക്കളായ ജനതയ്ക്ക് ആത്മചേതനയും, ഈശ്വരചൈതന്യവും, ധര്‍മ്മബോധവും ഉണര്‍ത്തുന്ന ആദ്ധ്യാത്മിക പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, അന്നദാനം ഇവയെല്ല‍ാം സ്വാമിജി വളരെയധികം ഉത്സാഹത്തോടെ ചെയ്തിരുന്ന കാര്യങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇരുളടഞ്ഞ ഹൃദയങ്ങളില്‍ അന്തര്‍ലീനമായി പ്രവഹിക്കുന്ന ആത്മചേതനയെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാമിജി എല്ലായ്പ്പോഴും ചെയ്തിരുന്നു. സ്വാമിജിയുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ ജീവന്മാരിലും സ്വാമിജി ചെലുത്തിയിട്ടുള്ള ആത്മീയസ്വാധീനം ചെറുതൊന്നുമല്ല. ഇന്നും പ്രായമുള്ള സ്വാമിജിയുടെ ശിഷ്യന്മാരുമായി സംസാരിക്കുമ്പോള്‍ അവരുടെ ഹൃദയം നിറഞ്ഞ് പുളകിതഗാത്രരായി ആനന്ദാശ്രുപൊഴിക്കുന്ന സന്ദര്‍ഭങ്ങള്‍ കാണാന്‍ കഴിയും.

“ശരീരസ്ഥോപി കൗന്തേയ ന കരോതി ന ലിപ്യതേ” ഒന്നിലും അലിഞ്ഞുചേരാതെ ഒന്നായിരിക്കുന്ന, ഒന്നുമാത്രമായ ഭാവത്തെയാണ് സജ്ജനങ്ങള്‍ സമാശ്രയിക്കുന്നത്. ആ ഭാവത്തെ ആശ്രയിക്കുകയും അനുസന്ധാനം ചെയ്യുകയും ചെയ്യുന്നവരാണ് മഹാത്മാക്കള്‍ . ഉപാധിക്കു സംഭവിക്കുന്ന വൃദ്ധിക്ഷയങ്ങള്‍ അവരെ ബാധിക്കുകയില്ല. ദേഹത്തിന് ദേഹധര്‍മ്മങ്ങള്‍ ഉണ്ടല്ലോ. അത് ആര്‍ക്കും ഒഴിവാക്കാവുന്നതല്ല. അതുകൊണ്ട് സ്വാമിജിയുടെ ശരീരവും അതിന്റെ പരിണാമദശകളെല്ല‍ാം പിന്നിട്ട് 1997ജൂണ്‍ 17-‍ാം തീയതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സ്വാമിജി ഇന്നും നമ്മെ അനുഗ്രഹിച്ചുകൊണ്ട് നമ്മോടൊപ്പം ഉണ്ട് എന്നകാര്യം വിസ്മരിക്കരുത്. നിരാകാരനെങ്കിലും സാകാര രൂപത്തില്‍ ശിവാനന്ദാശ്രമത്തിലെ സമാധി ശിവക്ഷേത്രത്തിലൂടെ സ്വാമിജിയുടെ സാന്നിദ്ധ്യം ഇന്നും നമുക്ക് അനുഭവവേദ്യമാവുന്നുണ്ട്.

അമ്പതില്‍പരം സന്യാസിശിഷ്യന്മാര്‍ സ്വാമിജിക്കുണ്ട്. സ്വാമി ചിതാനന്ദസരസ്വതി, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി അച്ചുദാനന്ദസരസ്വതി തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. സ്വാമിജിയുടെ സന്യാസിശിഷ്യന്മാരെല്ലാവരും ആത്മസാക്ഷാത്കാരനിരതന്മാരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഏതാണ്ട് ഇരുപതോളം പേര്‍ ഇതിനകം ബ്രഹ്മലീനരായിട്ടുണ്ട്.

സ്വാമിജിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ മൂല്യങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടുകൊണ്ട് ശിവാനന്ദാശ്രമം പ്രവര്‍ത്തിച്ചുവരികയാണ്. ആശ്രമത്തിന്റെ കീഴില്‍ ശിവാനന്ദഗുരുകുലം എന്നപേരില്‍ എല്‍ .കെ. ജി, യു. കെ. ജി. സ്കൂള്‍ ജ്ഞാനാനന്ദഗുരുകുലം എന്നപേരില്‍ പത്തനംതിട്ടജില്ലയില്‍ അഞ്ച‍ാംതരം വരെയുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ശിവാനന്ദ സാധനാലയം എന്നപേരില്‍ പാലക്കാട്‌ ജില്ലയില്‍ തേനാരിയില്‍ അദ്ധ്യാത്മികമായി ജീവിതം നയിക്കാനാഗ്രഹിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി വൃദ്ധസദനം, ഒറ്റപ്പാലത്ത് അമ്പലവട്ടം എന്നസ്ഥലത്ത് ജീര്‍ണിച്ചുകിടക്കുന്ന ഒരു വിഷ്ണുക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ , ശ്രീ ഹൃദയം എന്ന യോഗവേദാന്തമാസികയുടെ പ്രസിദ്ധീകരണം, സ്വാമിജി കൈരളിക്കു കാഴ്ചവച്ച പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനും മറ്റ് ആദ്ധ്യാത്മികപ്രസിദ്ധീകരണങ്ങള്‍ക്കുമായി ശിവാനന്ദ ഓഫ്സെറ്റ് പ്രിന്‍റിംഗ് പ്രസ്സ്, ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ ഉണര്‍വും തദ്വാരാ ആദ്ധ്യാത്മിക പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ള യോഗപരിശീലനം, സംസ്കൃതഭാഷാപരിശീലനം , സംഗീതപഠനം, സംപൂജ്യസ്വാമിജിയുടെ സമാധി ശിവക്ഷേത്രം, ധ്യാനമണ്ഡപം, ചില ആശ്രമങ്ങള്‍ എല്ല‍ാം ഇന്ന് ശിവാനന്ദാശ്രമത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഗണേശഭഗവാന്റെ അനുഗ്രഹവും, ഭക്തന്മാരുടെ സഹകരണവും, നിത്യാനന്ദസ്വാമിജിയുടെ സശ്രദ്ധവുമായ പ്രവര്‍ത്തനവുംകൊണ്ട് ഇവയെല്ല‍ാം മംഗളമായി നടക്കുന്നു.

ഈദൃശമായ പ്രവര്‍ത്തനങ്ങള്‍ ഓരോജനങ്ങളിലും എത്തിക്കേണ്ടതുണ്ട്. ഗംഗയുടെ മഹത്വമറിഞ്ഞ് ഗംഗാസ്നാനത്തിനായി പോകുന്നതുപോലെ നമ്മില്‍ ഓരോരുത്തരിലും അന്തര്‍ലീനമായിരിക്കുന്ന അദ്ധ്യാത്മിക സ്രോതസ്സില്‍ നമുക്ക് സ്നാനം ചെയ്യാന്‍ കഴിയണം. അത് അനുഭവവേദ്യമാക്കണം. കര്‍മ്മവാസനകള്‍ അതിനനുവദിച്ചില്ലെങ്കില്‍ആ സ്രോതസ്സിന്റെ തീരവാസിയായിരിക്കാനെങ്കിലും കഴിയാത്ത ജന്മം നമുക്കെന്തിനാണ്? സ്വാമിജിയുടെ പ്രേമവും, സഹാനുഭൂതിയും, കര്‍മ്മകുശലതയും, ലളിതമായ ജീവിതശൈലിയും, ഉയര്‍ന്നചിന്താപദ്ധതിയും , ഗുരുശുശ്രൂഷയും എല്ല‍ാം ഉള്‍ക്കൊണ്ട് നമുക്ക് പ്രവര്‍ത്തിക്ക‍ാം. മാനസ്സികമായ ഐക്യം, ബുദ്ധിപരമായ ഏകതാനത, ധാര്‍മ്മികമായ ധനവിനിയോഗം, കര്‍മ്മകുശ്ശലത ഇത്രയുമായാല്‍ ജീവനൊന്നാകും. ആത്മജ്ഞാനികളും സ്വാമിജിയുടെ നിത്യസാന്നിദ്ധ്യം അനുഭവിക്കുന്നവരുമായിത്തീരും. അങ്ങനെ ആത്മസാധനയെ നമുക്ക് കൈവരിക്കാനാകും. അതിന് ഗുരുദേവന്റെ അനുഗ്രഹം നമുക്കേവര്‍ക്കും ഉണ്ടാകട്ടെ.

ജീവിതക്കുറിപ്പ്

പേര്:സ്വാമി ജ്ഞാനാനനന്ദസരസ്വതി (6.6.1951). ഗോവിന്ദവാര്യര്‍ (പൂര്‍വ്വാശ്രമത്തിലെ നാമം)

ജനനം: 1910 ജനുവരി16 -‍ാംനു പഞ്ചമി 1085 മകരം 3 -‍ാംനു ഉത്രട്ടാതിനക്ഷത്രം.

മാതാപിതാക്കള്‍ : അമ്മ പടിഞ്ഞാറെ പുതിയവാര്യത്തെ കുഞ്ഞുക്കുട്ടി വാരസ്യാര്‍ , അച്ഛന്‍ വെള്ളിനേഴി പുളിക്കല്‍ വാര്യത്തെ കൃഷ്ണവാര്യര്‍ .

വിദ്യാഭ്യാസം: പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗുരുകുലസമ്പ്രദായത്തില്‍ സംസ്കൃതവിദ്യാഭ്യാസം ചില ഗുരുക്കന്മാരില്‍ നിന്നും നേടിയിട്ടുണ്ട്.

ജോലി: നോര്‍മന്‍ പ്രിന്‍റിംഗ് പ്രസ്സില്‍ , പൊന്‍മാറ എലിമെന്‍ററി സ്കൂള്‍ അദ്ധ്യാപകന്‍ , നീലേശ്വരത്ത് അരവത്ത് എന്നസ്ഥലത്ത് സംസ്കൃതാദ്ധ്യാപകന്‍, (ഇക്കാലത്ത് വൈരാഗ്യം എന്നൊരു പുസ്തകം രചിച്ചു. വിവേകചൂഡാമണിക്ക് ഒരു ലളിത വ്യാഖ്യാനവും എഴുതി.)

ഇഷ്ടദേവന്‍: ശ്രീകൃഷ്ണന്‍

ദീക്ഷാമന്ത്രം: അഷ്ടാക്ഷരീമന്ത്രം

ഇഷ്ടഗ്രന്ഥം: ഭാഗവതം. 18-‍ാം വയസ്സുമുതല്‍ ഭാഗവതപാരായണം നിഷ്ഠയോടെ ആരംഭിച്ചു. 21-‍ാം വയസ്സില്‍ ആദ്യ കവിതാരചന നടത്തി. 22-‍ാം വയസ്സില്‍ ഭാഗവതം സപ്താഹമായി പാരായണം നടത്തി

തീര്‍ത്ഥാടനം: 1936-ല്‍ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥങ്ങളെല്ല‍ാം സന്ദര്‍ശിച്ചു.

ഗൃഹസ്ഥാശ്രമം: 1943 മുതല്‍ 1951 വരെ . ഭാര്യ വിദ്യാദേവിയില്‍ രണ്ട് പുത്രിമാരുണ്ട്.

സംന്യാസം: 1951 ജൂണ്‍ 6 ന് ഋഷികേശം സ്വാമി ശിവാനന്ദസരസ്വതിയില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ചു. ശിവാന്ദസ്വാമികള്‍ സ്വാമിജിക്ക് ഭാഗവതപ്രവീണന്‍ ബഹുമതിയും നല്കി. അങ്ങനെ ഗോവിന്ദ വാര്യര്‍ സ്വാമി ജ്ഞാനാനന്ദസരസ്വതിയായി മാറി.

ആശ്രമപ്രവര്‍ത്തനങ്ങള്‍

ജ്ഞാനാനനന്ദാശ്രമം ഇരുനിലംകോട്, (തൃശ്ശൂര്‍ജില്ല) 1952ല്‍ സ്ഥാപിച്ചു., പരമപുരുഷാര്‍ത്ഥം മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ജ്ഞാനാനന്ദവൈദ്യശാലയും ജ്ഞാനാനന്ദ ഗുരുകുലവും അവിടെ നടത്തിയിരുന്നു. കൊണ്ടയൂര്‍ ജ്ഞാനാനന്ദ ആശ്രമം 1962 ല്‍ സ്ഥാപിച്ചു. 1972 ല്‍ ആനന്ദകുടീരം കന്യാകുമാരിയില്‍ സ്ഥാപിച്ചു. ശ്രീകൃഷ്ണമന്ദിരം കന്യാകുമാരി 1976 ല്‍ സ്ഥാപിച്ചു. ജ്ഞാനാനന്ദാശ്രമം പാലക്കാട് 1980ല്‍ സ്ഥാപിച്ചു.

ഗ്രന്ഥരചന

അറുപതോളം അദ്ധ്യാത്മികഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അനവധി ഭാഗവത സപ്താഹങ്ങളും, ഗീതാരാമായണാദി ജ്ഞാനയജ്ഞങ്ങളും നടത്തിയിട്ടുണ്ട്. ശിവാനന്ദശതാബ്ദി സ്മാരകമായി അമ്മമാര്‍ക്കുവേണ്ടി മാത്യദേവീ മന്ദിരമെന്നപേരില്‍ ഒരു സാധനാലയം ശിവാനന്ദാശ്രമത്തിനടുത്ത് സ്ഥാപിച്ച് 1987മുതല്‍ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. 1972 മുതല്‍ കന്യാകുമാരി ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഒന്ന‍ാം ഉത്സവം സ്വാമിജി തന്നെ ഏറ്റെടുത്ത് പൂര്‍വ്വാധികം മെച്ചമായി നടത്തിവരുന്നു. 1984 ല്‍ ശിവാനന്ദ പ്രിന്‍റിംഗ് പ്രസ് സ്ഥാപിച്ച് ശ്രീഹൃദയം യോഗവേദാന്തമാസിക പ്രസിദ്ധീകരിച്ചുവരുന്നു. കന്യാകുമാരി ആനന്ദകുടീരത്തിനടുത്തുള്ള അതിപുരാതനമായ കാശിവിശ്വനാഥ ക്ഷേത്രത്തെ ഉദ്ധരിച്ച് സ്വന്തം മേല്‍നോട്ടത്തില്‍ അവിടുത്തെ പൂജാദികര്‍മ്മങ്ങള്‍ 1996 വരെ നടത്തിവന്നു. തന്റെ ആദ്ധ്യാത്മികഗ്രന്ഥങ്ങളെല്ല‍ാം ആകര്‍ഷകമായരീതിയില്‍ പുനഃപ്രസിദ്ധീകരിച്ചു. 1990ല്‍ ഈ പുനഃപ്രസിദ്ധീകരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പ്രത്യേകതകള്‍

ക്ഷേത്രകലകളിലെല്ല‍ാം നല്ല വാസനയുണ്ട്. പാഠകത്തിലും ചാക്യാര്‍കൂത്തിലും പ്രത്യേകിച്ചും. ആരെയും എതിര്‍ക്കാറില്ല. എന്നാല്‍ നര്‍മ്മരസംതുളുമ്പുന്നതും ചിന്തോദ്ദീപകവുമായ മറുപടിയും വിമര്‍ശനവും സാധാരണമാണ്. അന്നദാനത്തില്‍ അന്യാദൃശ്യമായ താല്പര്യമുണ്ട്. പാചകകലയിലും നല്ല പ്രാവീണ്യമുണ്ട് ഏതുകാര്യവും വേഗത്തിലും വെടിപ്പിലും നടത്തണമെന്ന് നിര്‍ബന്ധമുണ്ട്. ഏതു പണിയെടുക്കാനും സാമര്‍ത്ഥ്യവും ഉത്സാഹവുമുണ്ട്. എഴുതുന്നതുകണ്ടാല്‍ ചിന്തയേക്കാള്‍ വേഗത്തില്‍ എഴുതാന്‍ കഴിവുണ്ടോ എന്നുതോന്നിപ്പോകും.

ജനപ്രീതി നേടിയ ഗ്രന്ഥങ്ങള്‍

 1. മഹാഭാരതസാരസര്‍വസ്വം (രണ്ടുഭാഗങ്ങള്‍ )
 2. രാമായണതത്വം
 3. യോഗരാമായണം
 4. രാമഗീത
 5. സനല്‍സുജാതീയം
 6. ശ്രീമത് ഭഗവദ്ഗീത
 7. ഭഗവദ്ഗീതാ സംഗ്രഹം
 8. ഉത്തരഗീത
 9. സമ്പൂര്‍ണ്ണ ഭാഗവത രഹസ്യം
 10. ഭാഗവത മാഹാത്മ്യം
 11. ഉദ്ധവോപദേശം
 12. ഗോപികാഗീതം
 13. വിഷ്ണുപുരാണ സംഗ്രഹം
 14. ബ്രഹ്മസൂത്രം
 15. പാതഞ്ജലയോഗസൂത്രം
 16. സ‍ാംഖ്യദര്‍ശനം
 17. നാരദഭക്തിസൂത്രം
 18. യോഗസമന്വയം
 19. ഈശോവാസ്യോപനിഷത്ത്
 20. കേനോപനിഷത്ത്
 21. കഠോപനിഷത്ത്
 22. പ്രശ്നോപനിഷത്ത്
 23. മൂണ്ഡകോപനിഷത്ത്
 24. മാണ്ഡൂക്യ ഉപനിഷത്തും ഗൌഡപാദകാരിയും
 25. ഐതരോപനിഷത്ത്
 26. കൈവല്യോപനിഷത്ത്
 27. ശ്വേതാശ്വതരോപനിഷത്ത്
 28. നാരായണാഥര്‍വ്വശിരോപനിഷത്ത്
 29. ബ്രഹ്മബിന്ദു ഉപനിഷത്ത്
 30. വേദാന്തവിജ്ഞാനം
 31. പഞ്ചദശി
 32. ലഘുയോഗവാസിഷ്ഠസംഗ്രഹം
 33. അഷ്ടാവക്രഗീത‌ഥ
 34. ആത്മാനാത്മവിവേകം
 35. വിജ്ഞാനനൗക
 36. അദ്വൈതാനുഭൂതി
 37. ദൃക് ദൃശ്യ വിവേകം
 38. സ്വാത്മനിരൂപണം
 39. സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
 40. അപരോക്ഷാനുഭൂതി
 41. വിവേകചൂഡാമണി
 42. ശ്രീമത് അയ്യപ്പഗീത
 43. ദക്ഷിണാമൂര്‍ത്തി സ്തോത്രം
 44. ഹരിമീഡേ സ്തോത്രം
 45. ശങ്കര സ്തോത്ര രത്നാകരം
 46. ജപയോഗം
 47. ബ്രഹ്മജ്ഞാനാവലി
 48. ആശ്രമ ഭജനാവലി
 49. ഹരിനാമകീര്‍ത്തനം
 50. വൈരാഗ്യം
 51. ശ്രീകൃഷ്ണശരണാഗതി
 52. നന്മയുടെ ഓളങ്ങള്‍
 53. അയ്യപ്പഭഗവാന്‍
 54. കേദാരഖണ്ഡം
 55. സദാചാരജീവിതം
 56. സ‍ാംബ പഞ്ചാശിക
 57. നാമപ്പതി

സ്വാമിജിയുടെ പേരില്‍ ഭക്തന്‍മാര്‍ നടത്തിയിട്ടുള്ള പ്രധാന ആഘോഷങ്ങള്‍

1970 ല്‍ ഷഷ്ട്യബ്ദപൂര്‍ത്തി കൊണ്ടയൂര്‍ ജ്ഞാനാനന്ദാശ്രമത്തില്‍ ആഘോഷിക്കപ്പെട്ടു. 1980 ല്‍ സപ്തതി പാലക്കാട് ശിവാനന്ദാശ്രമത്തില്‍ ആഘോഷിച്ചു. 1982 മുതല്‍ ശിവാനന്ദാശ്രമത്തില്‍ ഭാഗവതസപ്താഹവും സ്മരണിക പ്രകാശനവും ജന്മവാര്‍ഷികം പ്രമാണിച്ച് മുടങ്ങാതെ നടത്തിവരുന്നു.
1990 ല്‍ കന്യാകുമാരി ആനന്ദകുടീരത്തില്‍ വച്ച് 80-‍ാം പിറന്നാള്‍ അഭൂതപൂര്‍വ്വമായരീതിയില്‍ സപ്താഹത്തോടും സ്മരണിക പ്രസിദ്ധീകരണത്തോടും ആഘോഷിക്കപ്പെട്ടു. 1994-ല്‍ കന്യാകുമാരി വിവേകാനന്ദപുരത്തുവച്ച് ശതാഭിഷേകം വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെട്ടു. സംന്യാസത്തിനുശേഷം മകരമാസത്തില്‍ സ്വാമിജിയുടെ ജന്മദിനത്തില്‍ അവസാനിക്കത്തക്കവിധത്തില്‍ മുടങ്ങാതെ സപ്താഹം ഭക്തന്മാര്‍ പലയിടത്തായി നടത്തിയിട്ടുണ്ട്.

ചില നിര്‍ദ്ദേശങ്ങള്‍

സ്വാമിജി സ്ഥാപിച്ചിട്ടുള്ള സംന്യാസാശ്രമങ്ങളും, പ്രസിദ്ധീകരണങ്ങളും എല്ല‍ാം ഭക്തജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഭംഗിയായി ചിട്ടയായും ഐക്യമത്യത്തോടുംകൂടി അനുയായികള്‍ നടത്തണം. ആര്‍ക്കും ദുഃഖമുണ്ടാകാത്ത രീതിയില്‍ സമരസപ്പെട്ടുവേണം പ്രവര്‍ത്തിക്കാന്‍ . ശരീരത്തിന് അസുഖം വല്ലതും ഉണ്ടായാല്‍ ആശുപത്രിയില്‍കൊണ്ടുപോയി സ്വാമിജിയെ ചികിത്സിക്കരുത്. ഗുരുക്കന്മാര്‍ ശരീരം ഉപേക്ഷിക്കാന്‍ പോകുന്നുവെന്നുകണ്ടാല്‍ ശിഷ്യന്മാര്‍ നിലവിളിക്കരുത്. അവരെതൊട്ടുകൊണ്ട് ഈശ്വരനാമമോ ദീക്ഷാമന്ത്രമോ ജപിക്കണം. അല്ലെങ്കില്‍ രാമായണമോ ഭാഗവതാദി പുരാണങ്ങളോ ഉപനിഷത്തുക്കളോ എന്തെങ്കിലും അടുത്തിരുന്ന് ശ്രദ്ധയോടെ പാരായണം ചെയ്യണം. ലൌകികരെ കണ്ടുകൊണ്ട് സംന്യാസി ശരീരം ഉപേക്ഷിക്കാന്‍ ഇടയാകരുത്. 1976 ല്‍ ജാതകവശാല്‍ ശരീരം ഉപേക്ഷിക്കേണ്ട ഒരു കാലഘട്ടമായിരുന്നതിനാല്‍ ഒരു രണ്ടുമാസക്കാലം ബേബി (വിജയകുമാര്‍ )യെ ഒഴിച്ച് ആരെയും ആനന്ദകുടീരത്തില്‍ ചെല്ലാന്‍ അനുവദിച്ചിരുന്നില്ല. ഏകാന്തജീവിതം നയിക്കുകയായിരുന്നു. മഹാസമാധിക്കുശേഷം സംന്യാസിമാരുടെ ശരീരത്തെ ശവമായി കാണരുത്. വിഷ്ണുവിഗ്രഹംപോലെ കണക്കാക്കണം. മഹാസമാധിസംസ്കാരത്തെക്കുറിച്ച് സ്വാമിജിതന്നെ ഒരു ലേഖനത്തിലൂടെ ശ്രീഹൃദയത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിട്ടുണ്ട്.

1995 നവംബര്‍ 5 മുതല്‍ പാലക്കാട്ട് കുന്നത്തൂര്‍മേട് സ്വാതിയില്‍വച്ചാണ് ഭക്തന്മാര്‍ സ്വാമിജിയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. സംന്യാസിമാരെ ശാരീരികമായി ശുശ്രൂഷിക്കേണ്ട പ്രധാന ചുമതല ധര്‍മ്മശാസ്ത്രപ്രകാരം ബ്രഹ്മചാരി ശിഷ്യന്മാര്‍ക്കും ഗൃഹസ്ഥശിഷ്യന്മാര്‍ക്കും തന്നെയാണല്ലോ

അന്ത്യാഭിലാഷം

സ്വാമിജിയുടെ മഹാസമാധിക്കുശേഷമുള്ള എല്ലാ സംസ്കാരാദികാര്യങ്ങളും പാലക്കാട് ശിവാനന്ദാശ്രമത്തില്‍വച്ചുതന്നെ നടത്തണം. 1997 ജൂണ്‍മാസം 17-‍ാം തീയതി രാവിലെ 4 മണിക്ക് മഹാസമാധിയടഞ്ഞു.

“ഓം തത് സത്”
സ്വാമി സ്വരൂപാനന്ദസരസ്വതി,

ശിവാനന്ദാശ്രമം, പാലക്കാട്.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.