സ്വാമി ശിവാനന്ദ സരസ്വതി

സേവിക്കുക, സ്നേഹിക്കുക, ധ്യാനിക്കുക, സാക്ഷാത്ക്കരിക്കുക എന്ന ആദ്ധ്യാത്മിക സന്ദേശവാക്യങ്ങളും നല്കികൊണ്ട് ലോകത്തെമ്പാടും ദിവ്യത്വത്തെ പ്രകാശിപ്പിച്ച് ദ്വിഗ്വിജയം നടത്തി ഹിമാലയം (ഋഷികേശം) കേന്ദ്രമാക്കി ഒരു ആദ്ധ്യാത്മിക സാമ്രാജ്യം തന്നെ 1936 – ല്‍ സ്ഥാപിച്ച് ഏതാണ്ട് മൂന്നു ദശകങ്ങള്‍ അതിനെ സ്തുത്യര്‍ഹമാംവണ്ണം ഭരിച്ച് “ദിവ്യജീവിതം” എന്താണെന്ന് ആധുനിക ലോകത്തിന് കാട്ടിക്കൊടുത്ത യതിപുംഗവനായിരുന്നു ശ്രീമത് സ്വാമി ശിവാനന്ദസരസ്വതി തിരുവടികള്‍. സനാതനധര്‍മ്മികള്‍ക്ക് എന്നെന്നേയ്ക്കുമുള്ള ഒരു ഉജ്ജ്വലമാതൃകയായിരുന്നു സ്വാമിജി. അവിടുത്തെ തൃച്ചേവടികളെ പിന്‍തുടരുന്നവര്‍ക്ക് കരതലാമലകംപോലെ ജീവിതലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഇടയാവും. ഭാരതത്തിന്‍റെ പ്രാണന്‍ അദ്ധ്യാത്മികതയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ആത്മാനുഭൂതിരസികനായ സ്വാമിജി തന്നെ എല്ലാവരിലും എല്ലാവരേയും തന്നിലും കണ്ടതുമൂലമാണ് മാധവപൂജമാനവസേവയാക്കി ചെയ്തുകൊണ്ടിരുന്നത്. അന്യരുടെ സുഖദുഃഖങ്ങളെ തന്‍റേതന്നെ സുഖദുഃഖങ്ങളായി അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നു. സകല ജീവജാലങ്ങളിലും പ്രാണന്‍റെ പ്രാണനായി വര്‍ത്തിക്കുന്ന പരമേശ്വരതത്വത്തെ സാക്ഷാത്കരിച്ച അവിടുത്തെ ഭേദബുദ്ധി അശേഷം തീണ്ടിയിരുന്നില്ല. സര്‍വ്വമതസ്ഥരാലും പൂജിതനായിരുന്നു സ്വാമിജി. തന്‍റെ ഒരു ഹിന്ദുസംന്യാസശിഷ്യന് ക്രിസ്തു ഭഗവാനെയാണ് ധ്യാനമൂര്‍ത്തിയായി നിര്‍ദ്ദേശിച്ചത്. ഹൃദയം സദാ സ്നേഹാനുകമ്പകള്‍ തിങ്ങിനിറഞ്ഞൊഴുകിക്കൊണ്ടിരുന്ന അവിടുത്തെ ദര്‍ശനമാത്രംകൊണ്ടുതന്നെ പലര്‍ക്കും തല്‍ക്കാലത്തേക്കെങ്കിലുമുള്ള സംസാരതാപനിവൃത്തികിട്ടിക്കൊണ്ടിരുന്നു. ആരോടും വെറുപ്പില്ലാത്ത ആ യതിവര്യനെ അഖണ്ഡമായി സമാധനമല്ലേ പ്രദക്ഷിണം വെച്ചുകൊണ്ടിരിക്കുന്നതെന്നുപോലും തോന്നിയിരുന്നു.

സ്വാമിജി നാല്പതു കൊല്ലക്കാലം ഹിമാലയത്തില്‍ ജീവിച്ച് ലോകസംഗ്രഹം നടത്തി. അദ്ദേഹം തുടങ്ങിവെച്ച ആ പ്രവൃത്തി ഇന്നും നിര്‍വിഘ്നം കാലനുസൃതമായപുരോഗതിയോടെ നടന്നുവരുന്നുണ്ട്. ക്രിസ്തുവര്‍ഷം 1924-ല്‍ അദ്ദേഹം ഋഷികേശത്തെത്തി തന്റെ തപസ്സ് ആരംഭിച്ചു. സര്‍വ്വജനോപകാരപ്രദമായി ആ തപസ്സ് ഫലിച്ചതാണ് 1936-ല്‍ അദ്ദേഹം സ്ഥാപിച്ച “ദിവ്യജീവനസംഘം”. തന്റെ ആദ്ധ്യാത്മിക സന്ദേശത്തെ ഇന്‍ഡ്യയ്ക്കകത്തും പുറത്തും ഒരുപോലെ എത്തിച്ചുകൊടുക്കുവാനുള്ള ഒരു മാദ്ധ്യമമായിട്ടാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്. ഇന്ന് അത് ആഗോളവ്യാപ്തിയുള്ള ഒരു സംഘടനയായി വളര്‍ന്ന് വികസിച്ചിരിക്കുകയാണ്. ഒരു വ്യാഴവട്ടക്കാലത്തെ കറയററ ആദ്ധ്യാത്മികജീവിതം മാത്രമായിരുന്നു ആ സംഘടനയുടെ തുടക്കത്തിലെ ആസ്തി. ആദ്ധ്യാത്മികശക്തി കൊണ്ട് നേടേണ്ടത് എന്തും നേടാന്‍ കഴിയുമെന്ന് ‘ദിവ്യ ജീവനസംഘ’ത്തിന്‍റെ ഗതിയെ നിരീക്ഷിച്ചു പഠിച്ചാല്‍ ഏവര്‍ക്കും മനസ്സിലാകും. ജീവന്‍ ഒന്നേയുള്ളു. ദിവ്യജീവിതം കൊണ്ട് വേണം അത് മനസ്സിലാക്കാന്‍.

ശിഷ്യന്റെ നിലയറിഞ്ഞ് ആദ്ധ്യാത്മികോപദേശം നടത്തുന്നതില്‍ ദത്തശ്രദ്ധനായ ഒരു സദ്ഗുരുപ്രവരന്‍തന്നെയായിരുന്നു ശ്രീമത് സ്വാമി ശിവാനന്ദ സരസ്വതി തിരുവടികള്‍. സ്വാമിജി നേരിട്ടും എഴുത്തുകുത്തുകള്‍ മുഖേനയുമെല്ലാം മന്ത്രോപദേശം കൊടുക്കാറുണ്ടായിരുന്നു. മന്ത്രദീക്ഷ വാങ്ങിയിട്ടുള്ളവര്‍ക്ക് മിക്കപ്പോഴും കിട്ടുന്ന വാഗ്ദാനം “ഞാന്‍ നിന്നെ നന്നായി നോക്കിക്കൊള്ളാം” എന്നുള്ളതായിരുന്നു. അതിനെത്തുടര്‍ന്ന് ‘നന്നായിനോക്കലി”ന്‍റെ ഘോഷയാത്ര ഋഷീകേശത്തുനിന്നും ഇടവിടാതെ പ്രവഹിക്കുകയായി – കത്തുകള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍, ആനുകാലികപ്രസിദ്ധീകരണങ്ങള്‍, ജപമാലകള്‍, കീര്‍ത്തനങ്ങള്‍, ഫോട്ടോകള്‍, ഓട്ടോഗ്രാഫുകള്‍, സാധക ഡയറി ഫോമുകള്‍, പ്രസാദപാക്കറ്റുകള്‍ – ഇവയെല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് തോന്നത്തക്ക വിധത്തില്‍ സാധകനെ സമീപിച്ചുകൊണ്ടിരിക്കും. ഗുരുകൃപയ്ക്ക് അര്‍ഹതവന്നിട്ടില്ലാത്ത ജിജ്ഞാസുക്കള്‍ക്ക് ഇവയെല്ലാം ഇത്രയ്ക്ക് വേണ്ടിയിരുന്നോ എന്ന തോന്നലിനും ഇടവരാം. അശ്രദ്ധാലുകള്‍ ഇവയെ ആശ്രമം നടത്താനുള്ള ബിസിനസ്സായി കണ്ട് നിന്ദിച്ചപഹസിച്ചിട്ടുമുണ്ടാവാം. സ്വാമിജിയുടെ ഉദ്ദേശശുദ്ധിയെ തെല്ലെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് ‘കൊടുക്കുക, കൊടുക്കുക’ എന്ന ജീവിതവ്രതമെടുത്തിട്ടുള്ള അദ്ദേഹം തിരികെ എന്തെങ്കിലും കിട്ടാന്‍ വേണ്ടി കൊടുക്കുമെന്ന് സ്വപ്നത്തില്‍ക്കൂടി വിചാരിക്കാനാവില്ല. ഗംഗാപ്രവാഹംപോലെ ഇടതടവില്ലാതെ തന്റെ അടുത്ത് വന്നുചേരുന്ന സമ്പത്തിനെയൊക്കെ അന്യര്‍ക്ക് വീതിച്ചുകൊടുത്തുകൊണ്ടിരിക്കാന്‍ അദ്ദേഹം സ്വശിഷ്യന്മാരെ കൂടെക്കൂടെ ഉപദേശിക്കാറുണ്ടായിരുന്നു. അതും പതിതാപവനിയായ ഗംഗാദേവിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് .

സാധകന്മാരുടെ നിലയെ അവരുടെ ഡയറി പരിശോധിച്ച് തിട്ടപ്പെടുത്തി ഓരോരുത്തര്‍ക്കും ആവശ്യാനുസരണം വേണ്ട നിര്‍ദ്ദേശങ്ങള്‍ അയച്ചുകൊടുക്കുന്ന കാര്യത്തിലും സ്വാമിജി അനിതരസാധാരണമായ ജാഗരൂകത പ്രകടിപ്പിച്ചിരുന്നു. ആത്മാര്‍ത്ഥമായ ശ്രദ്ധയോടെ സാധന ചെയ്യുന്നവ‍രെ എന്തു ചെയ്തും സ്വാമിജി സഹായിച്ചിരുന്നു. ആശ്രമത്തില്‍ സാധനയ്ക്കെന്നും പറഞ്ഞുവരുന്നവരില്‍ നിന്ന് ശ്രദ്ധയുള്ളവ‍രെ അവരറിയാതെ തിരിഞ്ഞുപിടിക്കുന്ന സ്വഭാവം സ്വാമിജിക്കുണ്ടായിരുന്നു. രാവിലെ മൂന്നു മണിക്ക് സാധകന്മാര്‍ താമസിക്കുന്ന കുടിയാകളുടെ ഉമ്മറത്തുകൂടി ചുററിനടന്ന് ആരൊക്കെ സാധന ചെയ്യുന്നുണ്ടെന്നും മറ്റും പരിശോധിച്ചിരുന്നു. നേരത്തേ എഴുന്നേററ് ബ്രാഹ്മമുഹൂര്‍ത്തത്തില്‍തന്നെ സാധനയില്‍ മുഴുകുന്നവരെ സ്വാമിജിക്ക് വലിയ ഇഷ്ടമായിരുന്നു. അവരെ അങ്ങേയററം എന്തു ചെയ്തും പ്രോത്സാഹിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ വിനോദമായിരുന്നു. ചിലപ്പോള്‍ അദ്ദേഹം തന്നെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവരുടെ പക്കല്‍ രഹസ്യമായി കൊണ്ടെത്തിച്ചിരുന്നു. ധ്യാനം കഴിഞ്ഞ് കണ്ണുതുറന്നു നോക്കുമ്പോള്‍ ചിലരുടെ മുമ്പില്‍ ചൂടുപാല്, വേറെ ചിലരുടെ മുമ്പില്‍ മധുരഫലങ്ങള്‍, മററുചിലരുടെ മുമ്പില്‍ ചൂടുചായ, കാപ്പി മുതലായവ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.അതുപോലെതന്നെ തണുപ്പുകാലമാണെങ്കില്‍ എഴുന്നേററാലുടന്‍ കളിക്കാന്‍തക്കവണ്ണം ചൂടുള്ളവെള്ളം കൊണ്ടുവന്ന് കൊടുക്കാനും ഏര്‍പ്പാട് ചെയ്യുമായിരുന്നു. സാധന വേണ്ടവണ്ണം ചെയ്യാത്തവരെ തന്റെ പ്രേരകശക്തിയും ആജ്ഞാശക്തിയും ഉപയോഗിച്ച് സാധനോത്സുകരാക്കാനും യത്നിച്ചിരുന്നു. സാധകന്മാര്‍ക്ക് അവരുടെ അച്ഛനേയും അമ്മയേയും ഒന്നിച്ച് ഒരേ രൂപത്തില്‍ സ്വാമിജിതൃപ്പാദങ്ങളില്‍ കാണാമായിരുന്നു. കൊച്ചുകുട്ടികളും സ്വാമിജിയെ അങ്ങേയററം ഇഷ്ടപ്പെട്ടിരുന്നു. അവരുടെ ഹിതത്തിനൊത്ത സ്വീകരണം ശിവാനന്ദാശ്രമത്തില്‍ ലഭിച്ചിരുന്നുവെന്നതാണതിന് കാരണം. സ്വാമിജിയുടെ പക്കല്‍ കൊച്ചുകുട്ടികള്‍ക്ക് കൊടുക്കുവാനായി മിഠായികളും ചോക്കലേററുകളും എപ്പോഴും കാണുമായിരുന്നു.

ശിവാനന്ദാശ്രമത്തില്‍ചെന്ന് സ്വാമിജിയെ ശരണം പ്രാപിച്ചവര്‍ക്കാര്‍ക്കും അഭയം കിട്ടാതിരുന്നിട്ടില്ല. ശരണാഗതന്‍ ഏതു തരക്കാരനായാലും സ്വാമിജി പുറം തള്ളുകയില്ലായിരുന്നു. മനുഷ്യജന്മത്തിന്റെ മാഹാത്മ്യം സ്വയം അറിഞ്ഞിട്ടുള്ള മഹാത്മാവിന് ആരേയും വെറുക്കാനാവില്ലല്ലോ. നന്മതിന്മകള്‍ സാപേക്ഷകങ്ങളാണെന്നും സാപേക്ഷകത്വം അജ്ഞാനദൃഷ്ടിയില്‍ മാത്രമുള്ളതാണെന്നും ആ മഹാത്മാവിന് എപ്പോഴും ബോധമുണ്ട്. അന്യരുടെ കുറ്റം കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് അതിനേ സമയം കാണൂ. സാധകന് ദോഷദൃഷ്ടി കടുത്ത പ്രതിബന്ധമാണ്. ലോകത്തില്‍ ഉള്ളതെല്ലാം ലോകത്തിനുവേണ്ടതാണ്.ലോകത്തെ അതിവര്‍ത്തിക്കാനുദ്യമിക്കുന്നവര്‍ അതിലൊന്നും ശ്രദ്ധചെചുത്തിക്കൂടാത്തതാണ്. അതില്‍ എല്ലാം ശ്രദ്ധിക്കുന്നവര്‍ ലോകത്തിന്റെ കുരുക്കില്‍പ്പെട്ടുകിടക്കുകയേ നിവൃത്തിയുള്ളു. മനുഷ്യനെ സേവിക്കാനും സ്നേഹിക്കാനും അറിയാന്‍ പാടില്ലാത്തവരാണ് അവനെ ദ്രോഹിക്കാനും പഴിക്കാനും മുതിരുന്നത് . അതുകൊണ്ടാണ് സ്വാമിജി ആദ്യം സാധകന്മാരെ സേവന പ്രവര്‍ത്തനങ്ങളോട് ബന്ധിപ്പിച്ച് സേവനത്തെ തന്നെ സാധനയാക്കിത്തീര്‍ക്കാന്‍ യത്നിച്ചിട്ടുള്ളത് .പൂര്‍വ്വാശ്രമത്തില്‍ ഇംഗ്ഗീഷു ചികിത്സാ മുറയിലെ ഒരു ഡോക്ടായിരുന്ന അദ്ദേഹം സംന്യാസശേഷം എല്ലാമുറകളിലേയും ഡോക്ടറായിട്ടാണ് വര്‍ത്തിച്ചത്. ക്ഷുത് വ്യാധിക്ക് ഭക്ഷണ സമൃദ്ധമായ അന്നക്ഷേത്രവും, ശരീരവ്യാധികള്‍ക്ക് ആയുര്‍വേദ, അലോപ്പതി, ഹോമിയോപ്പതി ചികിത്സാകേന്ദ്രങ്ങളും ചിത്തവ്യാധികള്‍ക്ക് യോഗവേദാന്തകേന്ദ്രവും ആശ്രമത്തില്‍ തന്നെ അദ്ദേഹം സ്ഥാപിച്ചു. ആതുരസേവനം മനസ്സിനെ അലിയിച്ച് അഴുക്കു നീക്കി സ്നേഹസമൃദ്ധമാക്കും. അതുകൊണ്ട് സേവിക്കാന്‍ സന്നദ്ധരായാല്‍ ഹൃദയത്തെ സ്നേഹംകൊണ്ട് നിറയ്ക്കാം. സ്നേഹസമ്പുഷ്ടമായ ഹൃദയംകൊണ്ടേ സ്നേഹസ്വരൂപനെ സാക്ഷാത്ക്കരിക്കാനാവൂ.

സാധകന്മാരില്‍ചിലര്‍ പ്രാരബ്ധാവേഗത്താല്‍ വഴി തെററി ചില ദുര്‍നടപടികള്‍ക്ക് ഇരയാകാറുണ്ട്. അവരുടെ കാര്യം ആരെങ്കിലുംചെന്ന് സ്വാമിജിയെ അറിയിക്കുകയാണെങ്കില്‍ അദ്ദേഹം അതെല്ലാം അക്ഷോഭ്യനായി ശ്രവിച്ചിട്ട് തന്റെ ദിവ്യചികിത്സമാത്രം പ്രതിവിധിയായി പ്രയോഗിച്ചിരുന്നു. കുററവാളികളെ ശിക്ഷിക്കാതെ ശിക്ഷിക്കുന്ന സമ്പ്രദായമാണ് അദ്ദേഹം കൈകൊണ്ടിരുന്നത്. “തെററിനെ വിശകലനം ചെയ്ത് അവരെ മനസ്സിലാക്കും.” അങ്ങനെയും സംഭവിക്കാം മൃഗമായി ജീവിച്ചിരുന്നകാലത്തെ വാസനകള്‍ മനുഷ്യനില്‍ ധാരാളമുണ്ട്. അതിന് വിധേയമായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കാം, അവയുടെ പിടിയില്‍നിന്ന് വിടുതി കിട്ടണമെങ്കില്‍ മുടങ്ങാതെ ശ്രദ്ധയോടെ ഈശ്വരനാമം ജപിച്ചുകൊണ്ടിരുന്നാല്‍മതി. അനുചിതമായ വിചാരം ചിത്തത്തില്‍ കടന്നുകൂടിയാല്‍ നാമം ജപംകൊണ്ട് അതിനെ അകററാന്‍ കഴിയും. ഗംഗയില്‍ ദിവസം ഒരു നേരമെങ്കിലും കുളിക്കുക. ഗംഗാതീര്‍ത്ഥം സേവിക്കുക. കുളികൊണ്ടും തീര്‍ത്ഥസേവകൊണ്ടും നാമജപംകൊണ്ടും ബാഹ്യാഭ്യന്തരശുദ്ധി കൈവരുന്നുവെന്നു ഭാവിക്കുക . അങ്ങനെ ആയാല്‍ ഭഗവാന്‍ ദുര്‍വാസനകളെ അടക്കാനുള്ള കഴിവ് തരും. അപഥസഞ്ചാരത്തിന് തുനിയുന്ന നിമിഷം സ്വാമിജിയെ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്ന സാധകനെ അതില്‍നിന്നും പിന്‍തിരിപ്പിച്ച് അതിശയകരമായ വിധത്തില്‍ രക്ഷിച്ചിട്ടുള്ള സംഭവവുമുണ്ടായിട്ടുണ്ട്. ഗുരുകൃപയുടെ മാഹാത്മ്യം അനുഭവിച്ചുതന്നെ അറിയണം

സംന്യാസദീക്ഷകൊടുക്കുന്ന കാര്യത്തിലും സ്വാമിജിയുടെ പോക്ക് പ്രത്യേകമായിരുന്നു. ചിലര്‍ക്ക് അത് ചോദിക്കേണ്ട താമസം മാത്രം. മററുചിലര്‍ക്ക് എത്ര ചോദിച്ചാലും അത്രവേഗം കൊടുത്തിരുന്നില്ലതാനും. ഗുരുപൂര്‍ണ്ണിമാദിവസങ്ങളിലും ശിവരാത്രി ദിവസങ്ങളിലും ധാരാളംപേര്‍ക്ക് സംന്യാസദീക്ഷ കൊടുക്കാറുണ്ടായിരുന്നു. സ്വാമിജി സംന്യാസഷോപ്പ് തുറന്നിരിക്കുകയാണെന്നുവരെ ചിലരതുകൊണ്ട് പരിഹാസമായി പറഞ്ഞിട്ടുണ്ട്. അതിനുള്ള സ്വാമിജിയുടെ സമാധാനം ശ്രദ്ധേയമാണ്.

“സംന്യസിക്കണമെന്നുതോന്നുന്നവരെ ആ തോന്നല്‍ കെട്ടുപോകുന്നതിന് മുമ്പേ സംന്യസിപ്പിച്ചിരിക്കണം. കുറച്ചു കഴിഞ്ഞ് ആ തോന്നല്‍ അവരെ വിട്ടുപോയെന്നുവരാം. സംന്യസിച്ചു കഴിഞ്ഞാല്‍ സംന്യാസദീക്ഷതന്നെ അവരില്‍ പ്രവര്‍ത്തിച്ചു രക്ഷിച്ചു കൊള്ളും. സംന്യസിക്കണമെന്ന് തോന്നലുള്ളപ്പോള്‍ സംന്യസിച്ചാല്‍ അതുകൊണ്ട് ജീവിതം ആകെ നിയന്ത്രിക്കപ്പെടും. ഈ നിയന്ത്രണം കുറച്ചുദിവസത്തേക്കെങ്കിലും ശക്തിയായി നിലനില്ക്കാനിടയുള്ളതുകൊണ്ട് അത് അതിന്‍റേതായ നല്ല സംസ്ക്കാരത്തേയും രൂഢമൂലമാക്കിയെന്നുവരാം. കുറച്ചുകാലം ആത്മനിയന്ത്രണത്തോട് ജീവിക്കാനൊരുമ്പെട്ടവന്‍ കാലപ്പിഴകൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കില്‍ അതില്‍ പശ്ചാത്തപിക്കാതിരിക്കുകയില്ല. പശ്ചാത്താപം നല്ല സംസ്കാരത്തെ ഉണര്‍ത്തി പാപവാസനകളെ നശിപ്പിക്കും. സംന്യസിച്ചതിനുശേഷം കുറച്ചുകാലം ഈ ആശ്രമത്തില്‍ താമസിച്ചുകൊണ്ട് ഗംഗാസ്നാനവും, ജപവും സത്സംഗവും നടത്താന്‍ സാധിക്കുന്നവര്‍ക്ക് അതുകൊണ്ടുണ്ടാവുന്ന സംസ്കാരം ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തിലെങ്കിലും ഒരു നല്ല ജീവിതത്തിനും ലക്ഷ്യസാക്ഷാത്ക്കാരത്തിനും കാരണമായി ഭവിക്കും.

ആശ്രമത്തില്‍ ആരുചെന്നാലും അവരെ യഥോചിതം സ്വീകരിച്ച് സല്‍ക്കരിക്കുന്ന കാര്യത്തില്‍ സ്വാമിജി അതീവ ശ്രദ്ധ പ്രകടിപ്പിച്ചിരുന്നു. ‘ഭിക്ഷാംദേഹി’കള്‍ തൊട്ട് ഭരണാധിപന്മാര്‍വരെയുള്ള ആളുകള്‍ സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ജീജ്ഞാസുക്കളും ആര്‍ത്തന്മാരുമാണ് കൂടുതല്‍ സ്വാമിജിയെ സന്ദര്‍ശിച്ചുകൊണ്ടിരുന്നത്. സാധകന്മാരെക്കാള്‍ കൂടുതലായി അന്യസന്ദര്‍ശകരെ സ്വാമിജി പരിഗണിക്കുന്നുവെന്ന് ചിലര്‍ അദ്ദേഹത്തോട് നേരിട്ട് അവലാതിപ്പെട്ടിട്ടുണ്ട്. അതിന് സ്വാമിജിയില്‍നിന്നുണ്ടായ പ്രതികരണം എന്തെന്ന് ആശ്രമവാസികളായ ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. സ്വാമിജി ശാന്തമായി മറുപടിപറഞ്ഞു. “സന്ദര്‍ശകരില്‍പണക്കാരും പണമില്ലാത്തവരും കാണും. പണക്കാര്‍ രജോഗുണാധിക്യമുള്ളവരാണ്. അഹങ്കാരവും അഭിമാനവും അവരില്‍ തഴച്ചുനില്ക്കും. അവരെ ബഹുമാനിക്കുന്നിടത്തേ അവര്‍ പോകാറുളളൂ. സമ്പന്നരായ ഗൃഹസ്ഥാശ്രമികളാണ് എന്നും സമുദായത്തെ നിയന്ത്രിക്കുന്നത്. അവരില്‍ക്കൂടി വേണം സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറാന്‍. അവര്‍ നല്ലവരായാല്‍ സമുദായവും നന്നാവും. അവര്‍ നന്നാവണമെങ്കില്‍ അവര്‍ക്ക് സത്സംഗത്തിന് അവസരം ഉണ്ടാകണം പണക്കാര്‍ക്ക് മററുള്ളവരെ അപേക്ഷിച്ച് സത്സംഗത്തിനുള്ള അവസരം വളരെ ദുര്‍ലഭമാണ്. അതിന് കാരണം അവര്‍ സത്തുക്കളെ അന്വേഷിച്ചുപോകാറില്ല. സത്തുക്കള്‍ അങ്ങനെ അവരുടെ വീടുകളിലും പോവുക സാധാരണമല്ല. പിന്നെ ഇതുപോലെയുള്ള ആശ്രമസങ്കേതങ്ങള്‍ മുഖേന വേണം സത്സംഗത്തിന്റെ മഹത്വം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ . അവരെ നാം ആദരിക്കുന്നില്ലങ്കില്‍ അവര്‍ വീണ്ടും ഇവിടെ വരാനോ അവര്‍ക്ക് സത്സംഗത്തിനുള്ള അവസരം ലഭിക്കാനോ പോകുന്നില്ല. ഇവിടെ കൂടക്കൂടെ വന്നാല്‍ കാലംകൊണ്ട് അവര്‍ നന്നാവും. ജീവിതലക്ഷ്യം എന്തെന്ന് അവരെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതയും ഒരു ആദ്ധ്യാത്മികസ്ഥാപനമെന്ന നിലയ്ക്ക് ഈ ആശ്രമത്തിനുണ്ട്. ആശ്രമനടത്തിപ്പിലേക്കുള്ള സമ്പത്ത് സദാചാരനിഷുയുള്ള സമ്പന്നരില്‍നിന്നാണ് വന്നുചേരേണ്ടത്. ആശ്രമപ്രവര്‍ത്തനം നല്ലതാണെന്ന് തോന്നിയാല്‍ അവര്‍ സ്വയമേവ പിന്നെ ഇതിന്റെ നിലനില്പിനുവേണ്ടി സര്‍വ്വവിധ സഹായസഹകരണങ്ങളോടെ യത്നിച്ചുകൊള്ളും. നല്ല സ്ഥാപനങ്ങള്‍ക്ക് നല്ലയാളുകളുടെ ആനുകൂല്യമാണ് ഒടുങ്ങാത്ത ബാങ്ക്നിക്ഷേപം. അതുകൊണ്ട് പണക്കാരായ സന്ദര്‍ശകരെ സ്വീകരിക്കുന്നതും ആദരിക്കുന്നതും അവരുടെ പണത്തെ ഉന്നംവെച്ചുകൊണ്ടല്ല. പിന്നെയോ അവരുടെ ആദ്ധ്യാത്മിക ഉന്നതിയെ ലാക്കാക്കികൊണ്ട് മാത്രമാണ്; അവരെ സേവിച്ച്, സ്നേഹിച്ച് അവരിലെ ദിവ്യത്വത്തെ ഉണര്‍ത്താനുള്ള ശ്രമമാണ് അവരോട് കാണിക്കുന്ന പ്രത്യേകതകള്‍. നിങ്ങളെല്ലാം ആശ്രമവാസികളായ സാധകന്മാരാണ്. നിങ്ങള്‍ ജീവിതലക്ഷ്യമെന്താണെന്ന് ബോധിച്ചിട്ടുള്ളവരല്ലോ? അഹങ്കാരവും അഭിമാനവുമെല്ലാം ലക്ഷ്യപ്രാപ്തിക്ക് തടസ്സമാണെന്ന് നിങ്ങള്‍ക്കറിയുകയില്ല? ഇനിയും നങ്ങളെ ആരെങ്കിലും അവഗണിക്കുയോ അപമാനിക്കുകയോ ചെയ്താല്‍തന്നെയും അതിലൊന്നും പരിഭവിച്ചുപോകരുത്. അങ്ങനെയായാല്‍ സര്‍വ്വദുഃഖകാരിയായ അഹങ്കാരത്തെ അടിമപ്പെടുത്തി സാധനയില്‍ പൂരോഗമിക്കാനാവില്ല. നിങ്ങളെ ഞാന്‍ സ്വീകരിക്കുന്നതും സല്‍ക്കരിക്കുന്നതും സാധനാമണ്ഡലത്തില്‍വെച്ചാണ്. ഞാന്‍ ഉപദേശിച്ചിട്ടുള്ള സാധനാമാര്‍ഗ്ഗത്തില്‍ക്കൂടി ശ്രദ്ധാഭക്തി വിശ്വാസങ്ങളോടെ മുന്നോട്ടു നീങ്ങുക, അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാതരത്തിലുള്ള സംശയങ്ങളില്‍നിന്നും നിവൃത്തിയുണ്ടാകും.”

സാധകന്മാരിലെ പ്രത്യേക കഴിവുകളെ കണ്ടറിഞ്ഞ് അവയെ സാധനയ്ക്ക് സഹായമാകുന്ന വിധത്തില്‍ പരിപോഷിക്കുന്ന കാര്യത്തിലും സ്വാമിജി അതീവ തല്പരനായിരുന്നു. ഭജന നടത്താന്‍ കഴിവുള്ളവരെ ഭജനയില്‍ കൂടിയും, എഴുതാന്‍ കഴിവുള്ളവരെ ലേഖനങ്ങളില്‍കൂടിയും, പ്രഭാഷണത്തിന് വാസനയുള്ളവരെ അതില്‍കൂടിയും, ആതുരസേവാശുശ്രൂഷാദികളില്‍ താല്പര്യമുള്ളവരെ സേവന പ്രവര്‍ത്തനങ്ങളില്‍കൂടിയുമെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിക്കുക പതിവായിരുന്നു. സദ്‍വാസനകള്‍ സ്വാമിജിയുടെ പ്രോത്സാഹനങ്ങളില്‍കൂടി വളരെ വേഗം വളര്‍ന്നിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ക്കറിയാം. സദ്‍വാസനകള്‍ ആരിലെങ്കിലും വികസിക്കുന്നത് കണ്ടാല്‍ അതിനൊത്ത ആദ്ധ്യാത്മിക ബിരുദം അവര്‍ക്ക് നല്കി അവരെ അദ്ദേഹം അനുമോദിച്ചിരുന്നു.ഇന്ന് അദ്ദേഹത്തിന്റെ ശിഷ്യരായി ആദ്ധ്യാത്മിക രംഗത്ത് ശോഭിക്കുന്നവര്‍ക്കെല്ലാം തന്നെയും അങ്ങനെ ഏതെങ്കിലും ഒരു ബിരുദം അദ്ദേഹം എന്നെങ്കിലും കൊടുത്തിരിക്കണം. നമ്മുടെ വന്ദ്യസ്വാമി ജ്ഞാനാനന്ദ തിരുവടികള്‍ക്ക് അദ്ദേഹം കൊടുത്തിരുന്ന ബിരുദം “ഭാഗവതപ്രവീണ” എന്നുള്ളതാണെന്ന് അറിയുമ്പോള്‍ അദ്ദേഹത്തിന്റെ ദിവ്യദൃഷ്ടി എത്രമാത്രം ശരിയായിരുന്നുവെന്ന് മനസ്സിലാവും. ജ്ഞാനിയുടെ ആഴവും, ഭക്തന്റെ വിശാലതയും, യോഗിയുടെ രമ്യതയും, കര്‍മ്മയോഗിയുടെ കുശലതയും ഒന്നിച്ച് രൂപം പൂണ്ടതായിരുന്നു ശ്രീമദ് ശിവാനന്ദസരസ്വതിസ്വാമികള്‍. ബ്രഹ്മനിഷ്ഠനായ അവിടുന്ന് ഒരു ഉത്തമാചാര്യനായിരുന്നു. താന്‍ സ്വജീവിതത്തില്‍ തത്വങ്ങളെ പകര്‍ത്തിക്കാണിച്ചുകൊണ്ടാണ് തത്വോപദേശം നടത്തിക്കൊണ്ടിരുന്നത് . അങ്ങനെവേണം ഒരാചാര്യന്‍ ജീവിക്കേണ്ടതെന്ന് അദ്ദേഹം ഭാവിതലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യുകയായിരുന്നിരിക്കണം. ശാരിരീകവും, മാനസികവും, ആദ്ധ്യാത്മികവുമായ ഏതു പ്രശ്നത്തിനും അദ്ദേഹത്തെ സമീപിക്കുന്നവര്‍ക്കുതക്ക സമാധാനം കിട്ടികൊണ്ടിരുന്നു. അങ്ങനെ ലോകകല്യാണത്തിന് വേണ്ടി അദ്ദേഹം ഋഷികേശം കേന്ദ്രമാക്കി നാല്പതുകൊല്ലം ദിവ്യജീവിതം നയിച്ചു. ഈ നൂറ്റാണ്ടില്‍ ഋഷീകേശത്തില്‍ പ്രകാശിച്ച ഏറ്റവും വലിയ ആദ്ധ്യാത്മീക ജ്യോതിസ്സായിരുന്നു സ്വാമിജി തിരുവടികള്‍. വേദാന്തകേസരിയായിരുന്ന ശ്രീമത് തപോവനസ്വാമികളും ഭക്ത ശിരോമണിയായിരുന്ന ശ്രീമത് പുരുഷോത്തമാനന്ദസ്വാമികളും ഇദ്ദേഹത്തിന്റെ സമകാലീനന്മാരും ഏതാണ്ട് ഒരേ കാലയളവില്‍ തന്നെ ഹിമാലയത്തില്‍ എത്തി ദിവ്യ ജീവിതം നയിച്ചിട്ടുള്ള മഹാത്മാക്കളുമായിരുന്നു. ഇവരെല്ലാം തങ്ങളുടെ പൂര്‍വ്വാശ്രമത്തില്‍ ആചാര്യന്മാരുടെ നാടായ ദക്ഷിണേന്ത്യയില്‍ ജനിച്ചവരായിരുന്നു.

സ്വാമിജിയുടെ ഉപദേശങ്ങള്‍ സുലളിതവും സൂത്രപ്രായവും ഹൃദയസ്പൃക്കുമായിരുന്നു. സ്വാനുഭവങ്ങളെ സാധകന്മാരുടെ നന്മക്കുവേണ്ടി ഉദ്ധരിക്കുക മാത്രമാണ് അദ്ദേഹം തന്റെ ഉപദേശങ്ങളില്‍ക്കൂടി ചെയ്തിരുന്നത്. അതുകൊണ്ടാണ് അവയ്ക്ക് ലാളിത്യവും ഹൃദയാകര്‍ഷതയും ഇത്രക്കുണ്ടാവാന്‍ കാരണം ഈശ്വരസാക്ഷാത്ക്കാരം നേടിയിട്ടുള്ള മഹാത്മാക്കള്‍ എപ്പോഴും ഈശ്വരനിലേക്കു ഉണര്‍ന്നിരിക്കുന്നവരാകയാല്‍ അവരുടെ ഏതു പ്രവൃത്തിയും പരോപകാരപ്രദമായിരിക്കുമെന്ന് പറയേണ്ടല്ലോ. ഈശ്വരനോടുചേര്‍ന്നു വര്‍ത്തിക്കുന്ന സാധാരണക്കാരെ കൂടി ആ ബന്ധത്തിലേക്ക് അടുപ്പിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുക.

സ്വാമിജിതിരുവടികളുടെ സാധനാകാലത്തെ ദിനചര്യയെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ‘ആദ്ധ്യാത്മികഡയറി’ ലോകഹിതത്തിനുവേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ളത്. ആ ഡയറി മുടങ്ങാതെ കുറച്ചു കാലമെങ്കിലും എഴുതാന്‍ സാധിച്ചിട്ടുള്ളവര്‍ക്ക് അതിന്റെ സൂക്ഷ്മനിയന്ത്രണശക്തി എന്തെന്ന് മനസ്സിലായിട്ടുണ്ട്. അങ്ങനെ ചെയ്യാത്തവരോട് അത് എഴുതിത്തന്നെ അതിന്റെ വിലയറിയണമെന്ന് പറയുകയേ നിര്‍വ്വാഹമുള്ളു. ലിഖിതജപസമ്പ്രദായത്തെ ഒരു സാധനാമാര്‍ഗ്ഗമാക്കി അതിന് പ്രചുരപ്രചാരം കൊടുക്കാനും മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതും സ്വാമിജിതന്നെ. സ്പര്‍ശനമാത്രംകൊണ്ടുതന്നെ സാധാരണക്കാര്‍ തണുത്തു കോച്ചി ചുരുണ്ടുപോകുന്ന ഗംഗാജലത്തില്‍ കഴുത്തോളം മുങ്ങിനിന്നായിരുന്നു സ്വാമിജി തന്റെ ജപയോഗസാധന അനുഷ്ഠിച്ചിട്ടുള്ളത്.

സ്വാമിജിയുടെ ആദ്ധ്യാത്മിക ദൗത്യം എന്തായിരുന്നു വെന്ന് അദ്ദേഹത്തിന്റെ ഭാഷയില്‍കൂടെ തന്നെ നോക്കാം” ആദ്ധ്യാത്മികതയെ പുലര്‍ത്തി സാര്‍വ്വലൗകിക സൗഹൃദവും സമാധാനവും പുലര്‍ത്താന്‍വേണ്ടിയാണ് ഞാന്‍ മെഡിക്കല്‍ മിഷനുകള്‍ സംഘടിപ്പിക്കുക. സാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് സാര്‍വ്വലൌകിക സഹവര്‍ത്തിത്വത്തേയും മാനവ ഐക്യത്തേയും ഉത്ബോധിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ്. ഇത് ലോകസമാധാനത്തേയും വര്‍ദ്ധിപ്പിക്കും ഇനിയും വരാന്‍ പോകുന്നത് സാംസ്കാരികാധിപത്യമാണ്. ധര്‍മ്മത്തില്‍കൂടിയുള്ള സത്യത്തന്റെ വിജയമാണ് ആ സാംസ്കാരികാധിപത്യം.

പട്ടാളശക്തിയില്‍ കൂടിയും നിഷ്ഠൂരതയില്‍ കുടിയുമുള്ള ആധിപത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല; ഞാന്‍ സാംസ്കാരിക വാഴ്ചയിലാണ് വിശ്വസിക്കുന്നത്. ഭൂമി ശാസ്ത്രപരമോ രാഷ്ടീയപരമോ ആയ പരിഗണനകള്‍ ഒന്നും ഇല്ലാത്ത ആദ്ധ്യാത്മിക സാമ്രാജ്യം സ്ഥാപിച്ച് സ്നേഹംകൊണ്ട് ജനഹൃദയങ്ങളെ ജയിക്കണം, കീഴടക്കണം.

“ദിവ്യജീവനസംഘടനയും, ദിവ്യജീവനസമ്മേളനങ്ങളും അത്ഭുതകരമാംവണ്ണം സാര്‍വ്വലൗകിക സൗഹൃദത്തേയും ലോകസമാധാനത്തേയും പരമാത്മതത്ത്വത്തേയും ജനഹൃദയങ്ങളില്‍ ഉറപ്പിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ജോലി മതബോധത്തെ അതായത് മനുഷ്യന്റെ ദിവ്യത്വത്തെ ജനഹൃദയങ്ങളില്‍ ഉയര്‍ത്തിച്ചുകാട്ടുക എന്നുള്ളതാണ്. ഞാന്‍ എന്റെ പുസ്തകങ്ങളിലും ലേഖനങ്ങളിലും ബഹിര്‍മുഖഗാമികളായ ഇന്ദ്രിയങ്ങളെ അടക്കുന്ന കാര്യത്തേയും മനസ്സിനെ നിയന്ത്രിക്കുന്നതിനേയും ഹൃദയത്തെ ശുദ്ധമാക്കുന്നതിനേയും, ആന്തരീകസമാധാനത്തേയും ശക്തിയേയുമെല്ലാം ആര്‍ജ്ജിക്കുന്ന കാര്യത്തേയുമൊക്കെ ഉറപ്പിച്ചു പ്രതിപാദിക്കാറുണ്ട്.”

“ഞാന്‍ മനുഷ്യന് നേര്‍വഴി കാട്ടിക്കൊടുക്കാനാണ് ഈ കാലത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആ വഴി ജീവിതത്തെ ലളിതമാക്കുക, ഹൃദയത്തെ ശുദ്ധമാക്കുക, അഹങ്കാരത്തേയും അഹംഭാവത്തേയും നശിപ്പിക്കുക, വിശ്വപ്രേമത്തെ വളര്‍ത്തുക, ആത്മനിയന്ത്രണം പാലിക്കുക, എല്ലാവരേയും കഴിവിനൊത്തു സേവിക്കാനും സ്നേഹിക്കാനും ഒരുമ്പെടുക, ശ്രവണമനനനിദിധ്യാസങ്ങള്‍ അഭ്യസിക്കുക, ‘ഞാന്‍’ ആരെന്ന് അന്വേഷിച്ചറിയുക, അനന്തത്തില്‍ ജീവിക്കുക എന്നിവ ഉള്‍കൊണ്ടതാണ്.”

ഭൗതികജ്ഞാനം നേടുന്നത് മാനവസേവനത്തിനായിരിക്കണം. മാനവസേവ മാധവസേവയായി ഉയരുമ്പോള്‍ സേവകള്‍ ഭക്തനായി മാറുന്നു. ഭക്തിയാവട്ടെ മനസ്സിനെ ശുദ്ധമാക്കി വിവേകവൈരാഗ്യങ്ങളെ ഉറപ്പിച്ച് ആത്മജ്ഞാനത്തെ പ്രകാശിപ്പിക്കുന്നു. ആത്മജ്ഞാനിയില്‍ അനന്തമായ സേവനശക്തി വികസിക്കുന്നു. അപ്രകാരമായിത്തീര്‍ന്ന മഹാത്മാവ് ഉറങ്ങാതെ സദാസര്‍വ്വഥാലോക സംഗ്രഹ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കും. ഇതായിരുന്നു ശിവാനന്ദ സരസ്വതി സ്വാമികളുടെ ചരിത്രവും.