സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഡിസംബര്‍ 2011
ഈലോകം ആരെയും സുഖിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല. ഭഗവാന്റെ ശക്തിയായ പ്രകൃതിയുടെ കൃതികളാണ് ലോകത്തിലുള്ള എല്ലാ വസ്തുക്കളും. ഓരോ മനുഷ്യനും അവന്‍ ചെയ്ത കര്‍മ്മഫലമനുഭവിക്കാന്‍ വേണ്ടിയാണ് ശരീരമെടുത്തിരിക്കുന്നത്. അനുഭവിക്കേണ്ടതായകര്‍മ്മഫലം അനുഭവിച്ചുകഴിയുമ്പോള്‍ ജീവന്‍ ശരീരത്തെ ഉപേക്ഷിക്കുന്നു. അതിനെയാണ് മരണം എന്നുപറയുന്നത്. മരണം ആര്‍ക്കും ഇഷ്ടമല്ലാത്ത ഒരു സംഭവമാണ്. മരണത്തോടുതോന്നുന്ന വെറുപ്പ് അല്ലെങ്കില്‍ ഭയം സര്‍വസാധാരണമാണെങ്കിലും ചിന്തിക്കുന്നവര്‍ക്ക് മരണം ലോകത്തിന്റെ നിലനില്പിന് ആവശ്യ മായ ഒരു പ്രധാനപ്രക്രിയയാണ്. മരണമില്ലാത്ത കാലം മനുഷ്യര്‍ക്കുണ്ടായാല്‍ അത് ലോകത്തിന്റെ നിലനില്പിനെ നല്ലവണ്ണം ബാധിക്കും. ജീവിക്കാനെടുത്ത ഒരുപാധിയാണ് ശരീരം. ആ ശരീരംകൊണ്ടുള്ള ജീവിതം അവസാനിക്കുമ്പോള്‍ ജീവന്‍ അതിനെ ഉപേക്ഷിക്കുന്നു. ഒരു ജീവന്‍ ഒരു ശരീരമെടുക്കുന്നത് ആ ശരീരംകൊണ്ടനുഭവിച്ചുതീര്‍ക്കേണ്ടതായ കര്‍മ്മഫലങ്ങള്‍ സുഖദുഃഖരൂപത്തില്‍ അനുഭവിച്ചുതീര്‍ക്കാനാണ്. ഒരു ശരീരംകൊണ്ടനുഭവിക്കേണ്ട കര്‍മ്മഫലങ്ങള്‍ അനുഭവിച്ചുകഴിയു മ്പോള്‍ ആ ശരീരത്തെ ഉപേക്ഷിക്കുന്നു. ശരീരത്തെ ഉപേക്ഷിക്കുന്നത് ജീവന് ആ ശരീരത്തിന്റെ ആവശ്യ മില്ലാത്തതുകൊണ്ടാണ്. ആരും ലോകത്തില്‍ ശരീരം ഉപേക്ഷിക്കുന്നത് ആ ശരീരംകൊണ്ടുള്ള ജീവിതം അനുഭവിച്ചുതീര്‍ക്കുമ്പോഴാണ്. ഒരു ജീവന്‍ കര്‍മ്മ ഫലമനുഭവിച്ചുകൊണ്ടുജീവിക്കുമ്പോള്‍ അവന്റ ശരീരം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കും. ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതിനെയാണ് ശരീരമെന്നുപറയുന്നത്. ഒരുജീവന്‍ അവന്റെ ജീവിതം ഒരു ശരീരത്തില്‍ അവസാനിച്ചുകഴിഞ്ഞാല്‍ ആ നിമിഷം അതിനെ ഉപേക്ഷിക്കുന്നു. പിന്നീട് ആ ശരീരംകൊണ്ട് ജീവന് ഒരാവശ്യവുമില്ല. ആ അവസ്ഥയിലാണത് ഉപേക്ഷിക്കപ്പെടുന്നത്. എടുത്തശരീരം ഒരു ജീവന്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍ ലോകജീവിതം സുഗമമാവുകയില്ല. പിന്നെ ഓരോനിമിഷവും മനുഷ്യന്‍ അവന്റെ കര്‍മ്മഫലം അനുഭവിച്ചതീരുമ്പോഴതിനെ ഉപേക്ഷിക്കുകയാണ്. നിമിഷംതോറും ലോകത്തില്‍ അസംഖ്യങ്ങളായ ജനനമരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ജനനമരണങ്ങളെ നിയന്ത്രിച്ച് അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടിയിരിക്കുന്നു. അതുകൊണ്ട് ജനനത്തിനൊത്ത് മരണവും മരണത്തിനൊത്ത് ജനനവും ലോകത്തില്‍ ഉണ്ടായേ മതിയാവൂ. മരിക്കാതിരിക്കാന്‍ ഒരു മനുഷ്യന് ഒരൊറ്റ വഴിയെയുള്ളു. മനുഷ്യനായിട്ട് ജീവിക്കാനെടുത്ത ശരീരമൊരിക്കലും താനല്ലെന്ന് ബോധിക്കണം.