സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ജൂലായ് 2011
സമയമാണ് ആരുടെയും അമൂല്യസമ്പത്ത്. ആ സമ്പത്തു വേണ്ടപോലെ വിനിയോഗിക്കുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. ജീവിതവിജയം സമാധാനത്തില്‍ കൂടിയാണ് ആരും അനുഭവിക്കുന്നത്. മനസ്സ് വൃത്തികള്‍ കൂടാതെ ശാന്തമായിട്ടിരിക്കുമ്പോഴാണ് സമാധാനം പ്രകാശിക്കുന്നത്. സമാധാനമായിരിക്കുമ്പോള്‍ അവിടെ സുഖവും ദുഃഖവും രണ്ടുമില്ലാത്തവസ്ഥയാണ്. സുഖദുഃഖങ്ങള്‍ രണ്ടും മനസ്സിന്റെ സമാധാനത്തെ ഇല്ലാതാക്കികൊണ്ടിരിക്കും. സമാധാനമെന്നുപറയുന്നത് സ്വരൂപത്തെ അനുഭവിക്കുമ്പോഴാണ് വന്നുചേരുന്നത്. സ്വരൂപത്തെ അനുഭവിക്കുന്നവന്റെ മനസ്സില്‍ അന്യചിന്ത കളൊന്നും കടന്നു കൂടുകയില്ല. അന്യചിന്തകള്‍ കൂടാതെ ഇരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ അവന്റെ സ്വരൂപത്തിലാണെന്ന് ശാസ്ത്രംപറയുന്നു. മന സ്സിന്റെ സാമ്യാവസ്ഥയാണ് സമാധാനം എന്നുപറയുന്നത്. സമാധാനമില്ലാത്തവരാണ് അതും ഇതും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അതും ഇതും ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ മനസ്സിനെ വിഷമാവസ്ഥയില്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. വിഷമാവസ്ഥയില്‍ മാനസികമായ ശക്തി നശിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഒരു മനുഷ്യന്‍ വിഷമാവസ്ഥയില്‍ ക്ഷീണിതനായിട്ട് ഭവിക്കുന്നത്. മനസ്സിനു ക്ഷീണം തട്ടാതിരിക്കണമെങ്കില്‍ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ അഖണ്ഡമായി ഒഴുകാറാകണം. അന്യര്‍ക്ക് ഉപകാരംചെയ്യുന്ന കാര്യത്തെകുറിച്ച് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ നല്ല ഓര്‍മ്മകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാറാവുന്നത്. ഏതു പ്രവൃത്തിയും ആരംഭിക്കുന്നത് അതിന്റെ ഓര്‍മ്മയില്‍ കൂടിയാണ്. നല്ല ഓര്‍മ്മകള്‍ മനസ്സിന് ആനന്ദത്തെയും സമാധാനത്തെയും പകര്‍ന്നുതന്നുകൊണ്ടെയിരിക്കും. ഈ അവസ്ഥ ആര്‍ക്കും കൈവരുത്താന്‍ വേണ്ടത്ര കഴിവുകളുണ്ട്. സ്വധര്‍മ്മം ഈശ്വരസ്മരണയോട് അനുഷ്ഠിച്ചുകൊ ണ്ടിരിക്കുന്നവര്‍ക്ക് ശാന്തമായ മനസ്സിന്റെ അനുഭൂതി അതിലൂടെ സിദ്ധിച്ചുകൊണ്ടിരിക്കും. ഏതു മനുഷ്യനും എവിടെയും ആഗ്രഹിക്കുന്നത് സമാധാന പൂര്‍ണ്ണമായ ഒരു ജീവിതമാണ്. എല്ലാ ജീവികളും സമാധാനമായി ജീവിക്കാനാണ് പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നത്. വിവേകശീലനായ മനുഷ്യന്‍ ഈ കാര്യം മനസ്സിലാക്കി ജീവിതത്തെ വിജയകരമാക്കിത്തീര്‍ക്കേണ്ടതാണ്. ഏതവസ്ഥയിലും മനസ്സിന്റെ സാമ്യാവസ്ഥയിലേക്ക് വരാനുള്ള കഴിവ് വിദ്യാഭ്യാസം കാലം തൊട്ടുതന്നെ ഓരോ മനുഷ്യനും അഭ്യസിച്ചിരിക്കേണ്ടതാണ്. ജീവിതത്തെ ലക്ഷ്യത്തിലേക്ക് കൊണ്ടെത്തിക്കുന്നത് ത്യാഗമാണ്. അല്ലാതെ സംഗ്രഹമല്ല.