സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഒക്ടോബര്‍ 2011
ആത്മജ്ഞാനവിഷയത്തില്‍ ചിത്തശുദ്ധി അതിപ്രധാനമായൊരു സംഗതിയാണ്. ചിത്തം സംശുദ്ധമാവാതെ ഒന്നും സാദ്ധ്യമല്ല. അതിനാല്‍ വേദാന്തശ്രവണംവരെയുള്ള സാധനകളൊക്കെ ഒരുപ്രകാരത്തില്‍ ചിത്തശുദ്ധിക്കുമാത്രമുള്ളവയാണ്. ചിത്തം സംശുദ്ധമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും വേണമെന്നുതന്നെയില്ല; തത്ത്വം താനേ പ്രകാശിക്കും. ചളിപുരണ്ട കണ്ണാടിയില്‍ വസ്തുക്കള്‍ പ്രതിബിംബിക്കാത്തതുപോലെയാണ് നാമരൂപങ്ങളെക്കൊണ്ടും കര്‍മ്മവാസനകളെക്കൊണ്ടും വൃത്തികളെക്കൊണ്ടും മലിനമായിരിക്കുന്ന ചിത്തത്തില്‍ വസ്തുതത്ത്വം പ്രകാശിക്കാത്തത്. കണ്ണാടിയിലെചളി തുടച്ചു കളയുംപോലെ ചിത്തത്തിന്റെ അശുദ്ധിയെ സാധനകളെക്കൊണ്ടു തുടച്ചു ശുദ്ധിവരുത്തണം. സാധാരണ ഒരാളുടെ ചിത്തം തന്നില്‍ അടങ്ങാതെ എപ്പോഴും ബാഹ്യപ്രപഞ്ചത്തിലും പലവിധ നാമരൂപങ്ങളിലും ഓടിപ്പാ ഞ്ഞുനടക്കുകയാണ്. ആദ്യംതന്നെ അതിന്റെ ഓട്ടത്തെ നിര്‍ത്തി തന്നില്‍ അടക്കണം. ഉപവാസം, മന്ത്രപുരശ്ചരണം, സ്വരൂപദ്ധ്യാനം എന്നിവ ചിത്തത്തെ തന്നില്‍ അടക്കിനിര്‍ ത്താന്‍ പറ്റുന്ന ഏറ്റവും നല്ല സാധനകളാണ്. കുറെ കാലത്തെ നിരന്തരപരിശ്രമംകൊണ്ടു ചിത്തം തന്നില്‍ത്തന്നെ അടങ്ങിനില്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ തത്ത്വങ്ങളെക്കുറിച്ചു വിചാരംചെയ്യാന്‍തുടങ്ങണം. താന്‍ ആരാണ്? ഈ പ്രപഞ്ചമെന്താണ്? ഇതെങ്ങനെയുണ്ടായി? ഈശ്വരന്‍ എന്നാലെന്താണ്? താനും ഈശ്വരനും തമ്മിലുള്ള സംബന്ധമെന്താണ്? മരണത്തില്‍ നിന്നെങ്ങനെ രക്ഷപ്പെടാന്‍ സാധിക്കും? ഇങ്ങനെ ഓരോന്നിനെക്കുറിച്ചും അതിന്റെ നിഷ്‌കൃഷ്ടതത്ത്വം മനസ്സിലാവുന്നതുവരെ വിടാതെ വിചാരം ചെയ്യണം. അപ്പോള്‍ ശാസ്ത്രാഭ്യാസം, സല്‍സംഗം, പുരാണശ്രവണം ഇവയെല്ലാം ആവശ്യമായിത്തോന്നും. അവയിലെല്ലാം ശ്രദ്ധയുമുണ്ടാവും. കഴിവിന്നനുസരിച്ച് അവയെയൊക്കെ സേവിച്ചുകൊണ്ടു വിചാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നപക്ഷം ക്രമേണ ഈശ്വരങ്കല്‍ വിശ്വാസവും കുറേശ്ശെ ഭക്തിയുമുണ്ടാവാന്‍ തുടങ്ങും. ഭക്തിയും വിശ്വാസവും വര്‍ ദ്ധിക്കുന്തോറും വിചാരം സഫലമാവാന്‍ തുടങ്ങും. ഓരോ തത്ത്വത്തിന്റെയും നിഗൂഢമായ രഹസ്യമറിയാന്‍തുടങ്ങും. അറിയുംതോറും ഭക്തിയും വിശ്വാസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ക്രമേണ വൈരാഗ്യവും ആരംഭിക്കും. ജഗത്തു മിത്ഥ്യയാണെന്നു ബോദ്ധ്യം വരുമ്പോള്‍ വൈരാഗ്യത്തിന്നു ദൃഢതയുണ്ടാവും. വൈരാഗ്യം വളര്‍ന്നു ചിത്തം സകലവിഷയങ്ങളില്‍നിന്നും കേവലം വിട്ടുമാറുമ്പോള്‍ മാലിന്യങ്ങള്‍ നീങ്ങി പ്രായേണ സംശുദ്ധമാവും. വിക്ഷേപം, ആവരണം, ഇങ്ങനെ രണ്ടായിട്ടാണ് ചിത്തത്തിന്റെ അശുദ്ധിയെ കണക്കാക്കിവരുന്നത്. വസ്തുബോധമില്ലായ്മ ആവരണവും വസ്തുവിന്റെ അന്യഥാഗ്ര ഹണം വിക്ഷേപവുമാണെന്നു പറഞ്ഞാല്‍ ഏതാണ്ടവയുടെ സ്വരൂപം ശരിയാവും. എന്നാല്‍ അന്യഥാ ഗ്രഹണമെന്നതിന് എത്ര സ്വരൂപങ്ങളാണുണ്ടായിക്കൂടാത്തത്? അതിനാല്‍ വിക്ഷേപത്തിന്റെ സ്വരൂപങ്ങളെ കണക്കാക്കാന്‍ സാദ്ധ്യമേ അല്ല. സ്വപ്നത്തില്‍ എന്തൊക്കെ കാണുമെന്നെങ്ങനെ തീര്‍ച്ചപ്പെടുത്താം? അതുതന്നെയാണ് വിക്ഷേപത്തിന്റെ രൂപം. മായയുടെ അതിപ്രധാനങ്ങളായ രണ്ടു ശക്തികളാണ് വിക്ഷേപാവരണങ്ങള്‍. അവയാണ് സംസാരത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം നടത്തുന്നത്. അവ നീങ്ങിയാല്‍ സംസാരംതന്നെ ഇല്ലെന്നു പറയണം. അവതന്നെയാണ് ചിത്തത്തില്‍ വസ്തുബോധത്തിന്നു തടസ്സങ്ങളായിട്ടിരിക്കുന്നതും. ചിത്തത്തിന്റെ അശുദ്ധിയും അവതന്നെയാണ്. അവ എങ്ങനെയുണ്ടായി എന്ന അന്വേഷണമല്ല, എങ്ങനെ നശിക്കുമെന്ന കാര്യമാണന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടിയിരിക്കുന്നത്. നാമരൂപങ്ങളും അവയോടുള്ള സംബന്ധവുമാണ് വിക്ഷേപത്തിന്റെ സ്ഥൂലരൂപം. വസ്തുബോധമില്ലായ്മയാകുന്ന തമസ്സ് ആവരണത്തിന്റെയും സ്വരൂപമാണ്. വസ്തുബോധത്തിന്റെ അഭാവത്തിലല്ലേ ആ വസ്തുവിന്റെ പ്രതീതിയുണ്ടാവുന്നത്? അതിനാല്‍ വിക്ഷേപങ്ങള്‍ക്കൊക്കെ അവലംബം ആവരണമാണ്. കയറില്‍ കയറെന്ന ബോധമില്ലാതായപ്പോഴാണല്ലോ പാമ്പിന്റെ പ്രതീതിയുണ്ടായത്. കയറിന്റെ ബോധമില്ലായ്മയാണ് വസ്തുബോധത്തിന്റെ അഭാവം. അതുതന്നെ ആവരണം. പാമ്പിന്റെ പ്രതീതി വിക്ഷേപവും. അപ്പോള്‍ രണ്ടും കൂടിച്ചേര്‍ന്നാണ് നില്ക്കുന്നതെന്നു വരുന്നു. വിള ക്കുകൊണ്ടുവന്നുനോക്കിയപ്പോള്‍ പാമ്പിന്റെ പ്രതീതി നീങ്ങലും കയറിന്റെ ബോധം പ്രകാശിക്കലും ഒപ്പം കഴിഞ്ഞു. വസ്തുബോധമുണ്ടാവുമ്പോള്‍ വിക്ഷേപവും ആവരണവും ഒപ്പം നീങ്ങുമെന്നത് അതുകൊണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതുപോലെ ആത്മബോധമുണ്ടാവുമ്പോള്‍ വിക്ഷേപാവരണങ്ങള്‍ രണ്ടും നീങ്ങി ചിത്തം പവിത്രമായിത്തീരും. ആത്മഭാവത്തിന്നും അനുഭൂതിക്കും തടസ്സവും ഇല്ലാതായിത്തീരും. പക്ഷേ വിക്ഷേപാവരണങ്ങള്‍ നിലവിലുള്ളപ്പോള്‍ ആത്മബോധമുണ്ടാവാമോ എന്നാണ് പിന്നെ ആലോചിക്കാനുള്ളത്. വിഷമമാണ് എങ്കിലും ഉണ്ടായിക്കൂടായ്കയില്ല. ഇടവിടാതെ നിരന്തരം തത്ത്വവിചാരം ചെയ്യുന്നുവെങ്കില്‍ കാലംകൊണ്ടുണ്ടാവാം. ഏതായാലുംതത്ത്വവിചാരവും സല്‍സംഗവുമാണ് ചിത്തശുദ്ധിക്കുള്ള അതിപ്രധാനങ്ങളായ രണ്ടുപാധികള്‍.