സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ആഗസ്ത് 2011
എല്ലാമനുഷ്യരും എപ്പോഴും ആഗ്രഹിക്കുന്നത് സമാധാനപരമായ ഒരു നല്ല ജീവിതമാണ്. അതിന് എല്ലാ മനുഷ്യര്‍ക്കും യോഗ്യതയുണ്ട്. യോഗ്യതയുണ്ടെങ്കിലും അര്‍ഹത കൈവരിക്കാന്‍ സ്വധര്‍മ്മം ഫലനിരപേക്ഷമായി അനുഷ്ഠിക്കാന്‍ സര്‍വ്വപ്രകാരേണയും തയ്യാറാവണം. ആദ്യമായിട്ട്‌വേണ്ടത് അനുസരണശീലവും കൃത്യനിഷ്ഠയോടുകൂടിയ ഒരു ജീവി തവുമാണ്. എല്ലാമനുഷ്യര്‍ക്കും പ്രവൃത്തിചെയ്യാന്‍ കിട്ടിയിരിക്കുന്ന സൂക്ഷ്മഉപകരണം മനസ്സാണ്. മനസ്സ് ഇന്ദ്രിയങ്ങളില്‍ കൂടി പ്രവര്‍ത്തിച്ചാണ് ശരീരംകൊണ്ട് കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ ആര്‍ക്കും കഴിയ്യുന്നത്. നല്ല കര്‍മ്മം ചെയ്യാന്‍ നല്ല മനഃസ്ഥിതി ആവശ്യമാണ്. മനസ്സ് നന്നാവുന്നത് അതിലെ ചിന്തകള്‍ നന്നായിവരുമ്പോഴാണ്. ചിന്തകള്‍ നന്നായി വരണമെങ്കില്‍ ഒരാളിന്റെ ഓര്‍മ്മയും വാക്കും പ്രവൃത്തിയും പരിശുദ്ധവും പരോപകാരപ്രദവുമാകണം. സ്വാര്‍ത്ഥത കൂടുന്നതിനനുസരിച്ച് ഒരുവന്റെ മനസ്സ് തന്‍കാര്യ ചിന്തകളെകൊണ്ടു എപ്പോഴും ഇളകികൊണ്ടിരിക്കും. മനസ്സ് അങ്ങനെ ഇളകാതിരിക്കണമെങ്കില്‍ ലക്ഷ്യബോധത്തോടുകൂടി കര്‍മ്മനിരതമായ ഒരുജീവിതം നയിക്കണം. മനുഷ്യശരീരം കര്‍മ്മം ചെയ്യാനുള്ളതാണ്. കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനുമാത്രമേ മനസ്സിന് സമാധാനം ഉണ്ടാവുകയുള്ളു. പരോപകാരപ്രദമായ കാര്യങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന ഒരു മനസ്സിന് ഒരിക്കലും അന്യരെ ഉപദ്രവിക്കുന്ന പ്രവൃത്തികളില്‍ ഇടപെടാന്‍ അവസരം ഉണ്ടാവുകയില്ല. മനു ഷ്യജീവിതത്തിലെ ഓരോനിമിഷവും അമൂല്യ സമ്പത്താണ്. ആ സമ്പത്തിനെ അന്യര്‍ക്കുപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാനാണ് സൃഷ്ടികര്‍ത്താവായ ഈശ്വരന്‍ മനുഷ്യന് വിവേകശക്തിതന്നിരിക്കുന്നത്. മനുഷ്യന്‍ അതുകൊണ്ട് കര്‍മ്മം ചെയ്താല്‍മാത്രം പോരാ. ചെയ്യുന്ന കര്‍മ്മങ്ങളൊക്കെ വിധിയാംവണ്ണമാണോ അനുഷ്ഠിക്കുന്നതെന്ന് നല്ല പോലെ ചിന്തിച്ച് മനസ്സിലാക്കണം. ഏതുമനുഷ്യനും സദ്കര്‍മ്മം ചെയ്യാനുള്ള ചുമതലയെപ്പോഴുമുണ്ട്. ആ ചുമതലയെ വേണ്ടപോലെ നിര്‍വ്വഹിക്കലാണ് മനുഷ്യജന്മംകൊണ്ട് സാധിക്കേണ്ടത്. നശിക്കാത്തസുഖമാണ് ആരും എവിടെയും ആഗ്രഹിക്കുന്നത്. ആ സുഖം അനുഭവിക്കണമെങ്കില്‍ നശിക്കുന്ന ആളുകളേയും പദാര്‍ത്ഥങ്ങളേയും ലോകത്തെ തന്നെയും നല്ലബോധപൂര്‍വ്വം ത്യജിക്കാന്‍ തയ്യാറാവണം. ഓര്‍മ്മയും വിചാരവും വാക്കും പ്രവൃത്തിയും ഒന്നിനൊന്ന് മേന്മയേറിവരുന്നതായിട്ട് അനുഭവിക്കാറാകണം. ഏതുകാര്യവും നല്ലരീതിയിലനുഷ്ഠിച്ചാല്‍ അതിന്റെ കര്‍ത്താവിന് സമാധാനവും സന്തോഷവും അനുഭവിക്കാന്‍ സധിക്കും. ഇപ്പോളത് അനുഭവിക്കാന്‍ കഴിയാത്തത് മനസ്സിനെ ആവശ്യ മില്ലാത്ത വഴിയില്‍കൂടിയൊക്കെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായികൊണ്ടിരിക്കുന്നതുകൊണ്ടാണ്. എല്ലാ പ്രവൃത്തിയും അതിന്റെ കര്‍ത്താവ് ഈശ്വരാഭിമുഖമായിട്ട് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ നല്ലഫലത്തെ തന്നെതരും. നല്ലഫലമെപ്പോഴും അന്യര്‍ക്കുപകാരം ചെയ്യുന്നവകൂടിയായിരിക്കും. തന്നെപ്പോലെ അന്യരും ഈ ലോകത്തില്‍ സുഖമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന ബോധം നിലനിര്‍ത്തികൊണ്ടുവേണം ഏതൊരു മനുഷ്യരും ഈ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍.