സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – നവംബര്‍ 2011
ആരുടെയും ജീവിതംനന്നാവുന്നത് സ്വധര്‍മ്മം കൃത്യനിഷ്ഠയോടുകൂടി അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്. ഭാരതസംസ്‌ക്കാരമനുസരിച്ച് ഇവിടെയുള്ള മനുഷ്യര്‍ നാലുവര്‍ണ്ണങ്ങളിലും നാലാശ്രമങ്ങളിലുമായിട്ട് വിഭജിക്കപ്പെട്ടിരിക്കുകയാണ്. ബ്രാഹ്മണ ക്ഷത്രിയ വൈശ്യശൂദ്രരാണ് നാലുവര്‍ണ്ണങ്ങള്‍. ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം ഇവയാണ് നാലാശ്രമങ്ങള്‍. ഓരോ മനുഷ്യനും അവന് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ള വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാനുള്ള കര്‍ത്തവ്യമുണ്ട്. ഒരു ബ്രാഹ്മണന്റെ കര്‍ത്തവ്യം മനുഷ്യസമുദായത്തിന്റെ ഗുരുവും പുരോഹിതനുമായിനിന്ന് നല്ല ഒരു മനുഷ്യജീവിതം നയിക്കലാണ്. സദുപദേശം കൊണ്ടും സ്വജീവിതംകൊണ്ടുംവേണം ധര്‍മ്മപ്രചരണം ബ്രാഹ്മണന്‍ നടത്താന്‍. ധര്‍മ്മമെന്ന വാക്കിന്റെ അര്‍ത്ഥം എല്ലാറ്റിനെയും നിലനിര്‍ത്തികൊണ്ടിരിക്കുന്നത് എന്നാണ്. മനുഷ്യേതരജീവികളൊന്നും അധര്‍മ്മം പ്രവര്‍ത്തിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവയെ നിയന്ത്രിക്കുന്നത് അവയുടെ പ്രകൃതിയായ ഈശ്വരശക്തിയാണ്. ഈശ്വരശക്തിയായ പ്രകൃതി ഓരോ ജീവിയേയും ആ ജീവിയുടെ പ്രകൃതി അനുസരിച്ചുതന്നെ ജീവിപ്പിക്കുന്നു. മനുഷ്യേതരജീവികളൊന്നും അതുകൊണ്ട് അവയുടെ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് ജീവിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവയുടെ പ്രകൃതി അവയുടെ ധര്‍മ്മത്തെ അനുസരിച്ചുതന്നെ എപ്പോഴും പ്രവര്‍ത്തിക്കുന്നതാണ്. മനുഷ്യേതരജീവികളൊക്കെ ഈശ്വരശക്തിയായ പ്രകൃതി നിയന്ത്രിക്കുന്നതുകൊണ്ട് അവയൊന്നും അവയുടെ ധര്‍മ്മത്തെ വിട്ട് ജീവിക്കുകയില്ല. മറ്റുജീവികളെ അപേക്ഷിച്ച് മനുഷ്യന് കൂടുതലായി വിവേകശക്ക്തി കൊടുത്തിട്ടുണ്ട്. ഒരുപ്രവൃത്തി ശരിയോ തെറ്റോ എന്ന് മനസ്സിലാക്കാനുള്ള ശക്തിയാണ് വിവേകശക്തി. അതുകൊണ്ട് ഒരു മനുഷ്യന്റെ ഓരോപ്രവൃത്തിയും അവന്റെ കര്‍ത്തവ്യത്തില്‍ ഉള്‍പ്പെട്ടതായിരിക്കണം. ഒരു മനുഷ്യന്‍ തന്റെ വിവേക ശക്തിഉപയോഗിച്ച് ചെയ്യേണ്ടതായ പ്രവൃത്തികളെ സ്ഥലകാലദേശങ്ങളനുസരിച്ച് പരോപകാരപ്രദമായ രീതിയില്‍ എല്ലായ്‌പോഴും അനുഷ്ഠിച്ചിരിക്കേണ്ടതാണ്. ഓരോരുത്തരുടെയും മനുഷ്യജീവിതം അന്യരുടെ സഹായസഹകരണങ്ങളില്‍ കൂടിയാണ് എന്നും നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു മനുഷ്യന്‍ അന്യരെ അവരുടെ ജീവിതത്തില്‍ സഹായിക്കുന്നരീതിയില്‍ മാത്രമാവണം സ്വന്തം ജീവിതം നയിക്കുന്നത്. അതായത് ഒരു മനുഷ്യന്റെ വിചാരവും വാക്കും പ്രവൃത്തിയും മനുഷ്യസമുദായത്തിന് സഹായകമായ രീതിയില്‍ തന്നെയായിരിക്കണം.