സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ജൂണ്‍ 2011
ആരും പരിശ്രമിക്കുന്നത് ജീവിതപ്രശ്‌നങ്ങളെ നീക്കി നല്ലരീതിയില്‍ ജീവിക്കാനാണ്. ഒരാളിന്റെ ജീവിതരീതി നന്നാവുന്നത് ജീവിതം പൂര്‍ണ്ണമായും പരോപകാരപ്രദമായിതീരുമ്പോഴാണ്. അങ്ങനെ ജീവിക്കുന്നവര്‍ക്ക് ഏന്തൊക്കെ പ്രതിസന്ധികളുണ്ടാ യാലും അവയെ തരണംചെയ്യാനുള്ള കഴിവും അന്യരുടെ സഹായസഹകരണങ്ങളും നിര്‍ലോഭം ലഭിക്കും. ഏതുപ്രവൃത്തിയും നന്നാവുന്നത് സ്വാര്‍ത്ഥത ഇല്ലാതെവരുമ്പോഴാണ്. സ്വാര്‍ത്ഥതയെ ഇല്ലാ താക്കാന്‍ പ്രവൃത്തികളെല്ലാം ഭഗവാനുസമര്‍പ്പിച്ച് ഭഗവാന്റെ കൈയിലെ ഒരുപകരണമാണ് താനെന്ന ഭാവന പുലര്‍ത്തേണ്ടതാണ്. അങ്ങനെ ഈശ്വരാര്‍പ്പണബുദ്ധിയോടുകൂടി കര്‍മ്മം ചെയ്യുമ്പോള്‍ കര്‍മ്മ വാസനകള്‍ വികസിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞുകുറഞ്ഞുവരും. സ്വാര്‍ത്ഥത കുറയുമ്പോള്‍ അതിനോടൊത്ത് ശരീരാഭിമാനവും ഇല്ലാതായി തുടങ്ങും. അതിന്റെ ഫലമായി ഭഗവാന്റെ കൈയിലെ ഒരുപകരണമായി മനുഷ്യന്‍ പ്രവൃത്തിക്കാന്‍തുടങ്ങും. ഈ നിലയിലെത്തിയ ഒരാള്‍ ലോകഹിത ത്തിനുവേണ്ടിമാത്രമായിരിക്കും പിന്നെ പ്രവര്‍ത്തി ക്കുന്നത്. ഭക്തിയോടുകൂടിയ കര്‍മ്മയോഗമായിരിക്കും അപ്രകാരമുള്ള ഒരു ഭക്തന്റെ ഏതുകര്‍മ്മവും. അങ്ങനെ പ്രവൃത്തിയില്‍ മുന്നേറുമ്പോള്‍ ജീവിതം ഒരാള്‍ക്കനായാസമായി അനുഭവപ്പെടും. കൂടുതല്‍കൂടുതല്‍ നല്ല പ്രവൃത്തികള്‍ ചെയ്യാനുള്ള കഴിവും അവസരവും വന്നുചേരും. എപ്പോഴും ആലസ്യംകൂടാതെ ഏന്തെങ്കിലും നല്ലകാര്യം ചെയ്യാന്‍ അവസരം ഉണ്ടായികൊണ്ടേയിരിക്കും. സമയം പോകുന്നതായിട്ടുതന്നെ തോന്നുകയില്ല. ഉന്മേഷം എപ്പോഴും ഉണര്‍ന്നുപ്രവൃത്തിക്കും. നിരന്തരമായ സദ്പ്രവൃത്തി സ്വഭാവമായിട്ടുതീരും. സ്വധര്‍മ്മമായി വന്നുചേരുന്ന ഏതുപ്രവൃത്തിയും അനായാസമായി ചെയ്യുന്നതായ ഒരു സ്വഭാവം കൈവരും. പ്രവൃത്തിയെല്ലാം ഈശ്വരന്റേതായിട്ടുതീരും. അതിന്റെഫലമായി കര്‍ത്താവും കര്‍മ്മവുമെല്ലാം വേണ്ടപോലെ പ്രവൃത്തിയില്‍ വ്യാപൃതരായിരിക്കും. കര്‍മ്മഫലമെ ന്തായിവന്നാലും ശോകവിഷാദങ്ങള്‍ കൂടാതെ ഉത്സാ ഹഭരിതരായി തന്നെ വര്‍ത്തിക്കും. ഏതുനല്ലപ്രവൃത്തിയും സധൈര്യം ചെയ്യാമെന്നുള്ളതായ ഭാവം കര്‍ത്താവിന് വന്നുചേരുന്നു. പ്രവൃത്തികളൊക്കെ സുസാദ്ധ്യമായി തന്നെ അനുഭവപ്പെടാനിടയാവും. ഭയം എന്നുള്ളത് ഇല്ലാതായിത്തീരും. സ്വധര്‍മ്മനിരതനായി കര്‍ത്തവ്യകര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ക്കാണ് ഭ്രമവും പരാജയഭീതിയും ഒക്കെയുണ്ടായിക്കൊണ്ടിരിക്കുന്നത്. ധീരനായ ഒരു കര്‍മ്മകുശലന് ജീവിത വിജയമാണ് അനുഭവം.