സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – സെപ്റ്റംബര്‍ 2011
നാമജപം എല്ലാവര്‍ക്കും എല്ലാക്കാലത്തും മനസ്സിനെ ശുദ്ധവും ശാന്തവുമാക്കാനുള്ള കഴിവ് തന്നുകൊണ്ടിരിക്കും. ജപത്തില്‍പുരോഗമിക്കാത്തത് സാധനയുടെ പോരായ്മയാണ്. ആ പോരായ്മ നികത്താന്‍ നാമജപം ഉറക്കെ ജപിക്കുകയോ അല്ലെങ്കില്‍ നാമം എഴുതുകയോ ചെയ്താല്‍ മതിയാകും. ഒരു പ്രാവശ്യം മന്ത്രമോ നാമമോ എഴുതിയാല്‍ അത് ഒമ്പത് പ്രവാശ്യം ജപിക്കുന്ന ഫലം തരും. എന്നുമാത്രമല്ല ജപത്തില്‍ കൂടുതല്‍ ഏകാഗ്രതയും അതിനൊപ്പിച്ച് ശ്രദ്ധയും സ്വയമേവ വന്നുചേരും. ജപസാധകന്‍ ആ നിലയിലെത്തിയാല്‍ ഉണര്‍ന്നാലുറങ്ങുന്നതുവരെ കിട്ടുന്ന വിശ്രമവേളകളൊക്കെ അറിയാതെ ജപിക്കുന്ന അനുഭൂതിയൂടെ പോലായിരിക്കും. സമയത്തിന്റെ വിലയെക്കുറിച്ചെപ്പോഴും ശരിയായ ഓര്‍മ്മവേണം. ഒരുവന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വസ്തു സമയമാണ്. അത് വേണ്ടവണ്ണം വിനിയോഗിച്ചില്ലെങ്കില്‍ വലിയ നഷ്ടമായിത്തന്നെഭവിക്കും. അങ്ങനെ നഷ്ടമായ അവസരം പിന്നീടൊരിക്കലും ആര്‍ക്കും വിനിയോഗിക്കാന്‍ സാധിക്കുകയില്ല. അതുപോലെ വര്‍ത്തമാനജീവിതത്തിലെ സമയവിനിയോഗത്തെക്കുറിച്ച് എപ്പോഴും ഒരു മനു ഷ്യന്‍ ഓര്‍മ്മയുള്ളവനായിരിക്കണം. ഒരു മനുഷ്യന്റെ മനസ്സ് ദുര്‍ബലമാകുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളെകുറിച്ച് ഓര്‍ക്കുകയും ചിന്തിക്കുകയും പറയുകയുമൊക്കെ ചെയ്യുമ്പോഴാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ തന്നെ ബോധപൂര്‍വ്വം അവയെ നിരോധിക്കാന്‍ കഴിയാറാകണം. അങ്ങനെയുള്ള ചിന്തകള്‍ മനസ്സില്‍ വന്നുപോയാല്‍ നാമം ഉറക്കെ ജപിക്കാന്‍ തുടങ്ങിയാല്‍ തന്നെ ക്ലേശിപ്പിക്കുന്ന ചിന്തകള്‍ താനെ അടങ്ങിക്കൊള്ളും. മനസ്സിലെ വൃത്തികളെ ശ്രദ്ധയോടുകൂടി വീക്ഷിച്ചുകൊണ്ടു ജീവിക്കുന്നവര്‍ക്കുമാത്രമേ മനസ്സിന് ശാന്തിയും പ്രവൃത്തിയില്‍ വിജയവും വന്നുചേരുകയുള്ളു. ഈ ലോകത്തിലെ ഉണ്ടായസമ്പത്തുക്കളൊന്നുംതന്നെ യഥാര്‍ത്ഥമായ സമാധാനത്തെ കൊടുക്കാന്‍ കഴിവുള്ളതല്ല. അവയൊക്കെ ശരീരത്തിന്റെ നിലനില്പിന് എത്രകണ്ട് ആവശ്യമുണ്ടോ അത്രകണ്ട് മാത്രമേ ബുദ്ധിമാനായ ഒരു മനുഷ്യന്‍ വിനിയോഗിക്കാവൂ. അല്ലെങ്കില്‍ വേണ്ടാത്തതായ മാനസിക ചുമടുകളെടുത്ത് സ്വയം ക്ലേശിക്കാനും ആ ക്ലേശം ഒരു സ്വഭാവമായിത്തീരാനും സാധ്യതയുണ്ട്. ഈ ദുരവസ്ഥയില്‍നിന്ന് രക്ഷ പ്രാപിക്കാന്‍ ദിവസവും കൃത്യമായിട്ട് രാവിലെയും വൈകീട്ടുമെങ്കിലും നാമജപസാധന ശ്രദ്ധയോടുകൂടി അനുഷ്ഠിക്കാനൊരുമ്പെടണം. അങ്ങനെ ജപത്തില്‍ ശ്രദ്ധ വന്നാല്‍ ജപസാധകന്റെ ജീവിതം വിജയകരവും അന്യര്‍ക്ക് മാതൃകാപരവുമായി ഭവിക്കും. നല്ല ജീവിതം നയിക്കുന്നവര്‍ക്ക് ഏതുതരം ക്ലേശങ്ങളെയും പരാതികൂടാതെ സഹിക്കാനുള്ള ഒരു അസാമാന്യ കഴിവ് ഉള്ളതായിത്തീരും. മനുഷ്യജീവിതത്തില്‍ ആര്‍ക്കും എപ്പോഴും എന്തും സംഭവിക്കാവുന്നതാണ്. പറയപ്പെട്ട സ്വഭാവത്തോടുകൂടി ഒരു സാധകന് ജീവിതത്തില്‍ വന്നുചേരുന്ന ഏതനുഭവവും സാധാരണപോലെ കണക്കാക്കും. അങ്ങനെയായാല്‍ അവരുടെ മനസ്സ് വേണ്ടാത്ത ചിന്തകളില്‍പ്പെട്ട് ക്ഷീണിച്ച് ദുര്‍ബ്ബലമായിത്തീരുകയില്ല.