സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ജൂണ്‍ 2011
വേദാന്ത ശാസ്ത്രത്തെ പഠിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന പലരെയും കാണാം. എന്നാല്‍ അവരില്‍ വേദാന്തജ്ഞാനത്തിന്റെ പരമാര്‍ത്ഥമായ അനുഭൂതിയുള്ളവര്‍ വളരെ ചുരുക്കമാണെന്നും കാണാം. ഇതിന് കാരണം പലതും പറയാനുണ്ട്. എങ്കിലും മുഖ്യമായ കാരണം ഈ ജഗത്തു മിത്ഥ്യയാണെന്നു പൂര്‍ണ്ണമായി വിശ്വസിച്ച് അതിനെ സര്‍വ്വഥാ മറക്കാന്‍ ശ്രമിക്കായ്കയാണെന്നു പറയണം. അതിന്നു പുറമെ മനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങളെക്കൊണ്ടാണ് അനുഷ്ഠാനം നടത്തിവരുന്നത്. അവയല്ലാതെ ജ്ഞാനാന്വേഷണത്തിന്നു മറ്റുപകരണങ്ങളില്ലാത്തതിനാല്‍ അതു തെറ്റെന്നു പറഞ്ഞുകൂടാ. എങ്കിലും വേദാന്തശാസ്ത്രനിര്‍ദ്ദിഷ്ടമായ ജ്ഞാനം മനോബുദ്ധീന്ദ്രിയങ്ങളെക്കൊണ്ട് അറിയാവുന്നതോ പ്രാപിക്കാവുന്നതോ അല്ല. അതു ശാസ്ത്രംതന്നെ പറയുന്നുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് പ്രസ്തു തജ്ഞാനത്തെ പ്രാപിക്കേണ്ടത്? എന്നാണെങ്കില്‍ ഏതൊരു ജ്ഞാനത്തെയാണോ പ്രാപിക്കേണ്ടത്, അതേ ജ്ഞാനംകൊണ്ടുതന്നെയാണതിനെ പ്രാപിക്കേണ്ടത്. മറ്റുപകരണങ്ങളില്ല എന്നേ മറുപടി പറയാനുള്ളു. അപ്പോള്‍ മനോബുദ്ധീന്ദ്രിയങ്ങളെ വളര്‍ത്തലല്ല, ലയിപ്പിക്കലാണ് ആവശ്യം. ഈ മര്‍മ്മം മിക്കപ്പോഴും പലര്‍ക്കും അറിയാന്‍ സാധിക്കാതെ പോകുന്നു. മര്‍മ്മം അറിയപ്പെടാതെ എത്രകാലം അനുഷ്ഠാനം നടത്തിയാലും അനുഭൂതിയുണ്ടാവാന്‍ വയ്യെന്നുതന്നെ പറയേണ്ടിവരും. ജഗത്തില്‍ പലതരത്തിലുള്ള ആഗ്രഹങ്ങളും വാസനാബന്ധങ്ങളുമുള്ളതുകൊണ്ടാണ് അതിനെ മറക്കാന്‍ സാധിക്കാത്തത്. അവ നീങ്ങി തീവ്രവൈരാഗ്യം വരികതന്നെ വേണം. ജാഗ്രദവസ്ഥയില്‍ എപ്രകാരം സ്വപ്നദൃഷ്ടാനുഭവങ്ങളെ ഓര്‍മ്മിച്ചുകൊണ്ടിരിക്കാന്‍ തോ ന്നാറില്ലയോ അതുപോലെ ജ്ഞാനാന്വേഷണ സമയത്തും ജഗത്തിന്റെ ലേശംപോലും പ്രതീതിയില്ലാതായിത്തീരണം. അങ്ങനെയാവണമെങ്കില്‍ ജഗത്തു സ്വപ്നംപോലെയാവണം. സ്വപ്നദൃഷ്ടപദാര്‍ത്ഥത്തില്‍ എപ്രകാരം സമ്പൂര്‍ണ്ണമായ മിത്ഥ്യാഭാവമുണ്ടാവുന്നുവോ അതുപോലെ ജഗത്തിലെ ഏതുരൂപത്തിലുള്ള അനുഭവത്തിലും സമ്പൂര്‍ണ്ണമായമിത്ഥ്യാഭാവം സ്ഫുരിക്കണം. അതാണ് വൈരാഗ്യം. ഒരു വസ്തു മിത്ഥ്യയാണെന്നു ബോദ്ധ്യം വന്നാല്‍ പിന്നെ അതില്‍ ഗുണദോഷവിവേചനം ചെയ്യാന്‍ തോന്നുകയും ഇല്ലല്ലോ. ജഗത്തു മുഴുവന്‍ മിത്ഥ്യയാണെന്നു ബോദ്ധ്യംവന്നാല്‍ പിന്നെ ലോകത്തിലെ ഏതൊരു വസ്തുവിലും ഗുണദോഷവിവേചനം ചെയ്യാനിടവരില്ല. കണ്ണുകൊണ്ടു കാണുന്നതും ചെവികൊണ്ടു കേള്‍ക്കുന്നതും മൂക്കുകൊണ്ടു ഘ്രാണിക്കുന്നതും ത്വക്കുകൊണ്ടു സ്പര്‍ശിക്കുന്നതും നാവുകൊണ്ടു രസിക്കുന്നതുമായ എല്ലാ വസ്തുക്കളും മിത്ഥ്യയാണെങ്കില്‍ അവയുടെ നന്മയും തിന്മയും അനുഭവവും അനുഭവമില്ലായ്മയും ഒക്കെ മിത്ഥ്യയല്ലാതെ മറ്റെന്താണ്? എപ്പോഴും ഇല്ലാത്തതിനെത്തന്നെ ഉള്ളതാണെന്ന തെറ്റിദ്ധാരണയോടെ അനുഭവിക്കലാണ് പ്രപഞ്ചാനുഭൂതിയെന്നറിഞ്ഞാല്‍ ആര്‍ക്കാണതില്‍ ലജ്ജയും വെറു പ്പും വരാതിരിക്കുക? ആ നില വന്നാല്‍ ഇന്ദ്രിയങ്ങള്‍ താനേ അടങ്ങും. എന്തിനെയും കാണുന്നതും കേള്‍ക്കുന്നതുമൊക്കെ വെറുപ്പും ഉപദ്രവവുമായിത്തോന്നാന്‍ തുടങ്ങും. അപ്പോള്‍ അവയെ അകറ്റാന്‍ ശ്രമിക്കുകയെന്നത് സ്വാഭാവികമാണല്ലോ. വെറുപ്പുണ്ടാക്കുന്ന പ്രസ്തുത ശബ്ദാദിവിഷയങ്ങളെത്തന്നെയാണ് മനസ്സ് എപ്പോഴും വിചാരിക്കുകയും ബുദ്ധി ഓര്‍മ്മിക്കുകയും ചെയ്യുന്നതെന്നു വരുമ്പോള്‍ അതും ഹൃദ്യമായിത്തോന്നാന്‍ വയ്യ. അപ്പോള്‍ അവയും അടങ്ങും. അങ്ങനെ പ്രപഞ്ചത്തിന്റെ പരമാര്‍ത്ഥമായ മിത്ഥ്യാബോധം ഒന്നുകൊണ്ടുതന്നെ മനോബുദ്ധീന്ദ്രിയങ്ങളാകുന്ന മൂന്നുകരണങ്ങളും അടങ്ങുമെന്നാണ് വരുന്നത്.
ഈശ്വരന്റെ അഥവാ ആത്മാവിന്റെ അസ്തിത്വത്തേക്കാള്‍ കൂടുതലായി പ്രപഞ്ചത്തിന്റെ മിത്ഥ്യാത്വമാണൊരാള്‍ക്കു ബോദ്ധ്യമാവേണ്ടത്. അതു ബോദ്ധ്യം വന്നു മനോബുദ്ധീന്ദ്രിയങ്ങള്‍ അടങ്ങാന്‍ തുടങ്ങിയാല്‍ത്ത ന്നെ മിക്കവാറും അനുഭൂതിയുടെ അടുത്തെത്തിയെന്നുപറയണം. അങ്ങനെത്തന്നെ ആ നില കൈവരാതിരിക്കുംകാലത്തോളം എന്തെല്ലാം അനുഷ്ഠാനങ്ങള്‍ ചെയ്താലും ജ്ഞാനത്തില്‍നിന്നു വിദൂരത്തില്‍ത്തന്നെയാണ് സാധകന്‍ വര്‍ത്തിക്കുന്നതെന്നു പറയണം. അതിനാല്‍ തീവ്രവൈരാഗ്യംകൊണ്ടു മനോബുദ്ധീന്ദ്രിയങ്ങള്‍ ജഗത്തില്‍നിന്നു പിന്‍തിരിയലാണ് ജ്ഞാനസമ്പാദനത്തിന്നുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കാദ്യം കൈ വരേണ്ടിയിരിക്കുന്നത്. മനോബുദ്ധീന്ദ്രിയ ങ്ങള്‍ കേവലം അടങ്ങുമ്പോള്‍ ജഗത്തിന്റെയോ ജാഗ്രദാദി അവസ്ഥാത്രയത്തിന്റെയോ പ്രതീതിപോലും ഉണ്ടാവാന്‍ വയ്യ. അങ്ങനെ ഇല്ലാത്ത ഒന്നിന്റെയും പ്രതീതി അല്പവും ഇല്ലെന്നുവരുമ്പോള്‍ ഉള്ളതായ ആത്മസ്വരൂപത്തിന്റെ പ്രതീതി ഉണ്ടാവാതിരിക്കാനും വയ്യ. അതാണ് പരമാര്‍ത്ഥമായ വേദാന്തജ്ഞാനത്തിന്റെ അനുഭൂതിയുടെ ആരംഭം. ഏതൊന്നും ആരംഭിച്ചു കഴിഞ്ഞതിന്നു ശേഷമല്ലേ വളര്‍ച്ചയുണ്ടാവാന്‍വയ്ക്കു? ജ്ഞാ നവും അങ്ങനെത്തന്നെ. ആരംഭിച്ചുകഴി ഞ്ഞാല്‍ പിന്നെ കുറേശ്ശെയായി വളരും. വളര്‍ന്നു പരിപുഷ്ടമായ ജ്ഞാനംതന്നെ വേദാന്തത്തിന്റെ സ്വരൂപം. `ഞാനെ`ന്ന അഭിമാനാകാരമായാണ് ജീവന്‍ സംസാരത്തില്‍ വ്യാപരിക്കുന്നത്. പ്രസ്തുത ജീവന്(എനിക്ക്)ആണ് ജ്ഞാനവും, മുക്തിയുമൊക്കെ വേണ്ടത്. ഞാന്‍ തന്നെയാണ് ജ്ഞാനത്തെ അന്വേഷിക്കുന്നതും. പക്ഷേ, അങ്ങനെയാണെങ്കിലും ഞാനന്വേഷിക്കുന്ന ജ്ഞാനം എനിക്കുകിട്ടാതിരിക്കാന്‍ മുഖ്യമായ തടസ്സം ഞാന്‍തന്നെയാണുതാനും. അതാണ് ഏറ്റവും വിചിത്രമായിട്ടിരിക്കുന്നത്. പ്രപഞ്ചത്തെ മറക്കാനും, മനോബുദ്ധീന്ദ്രിയങ്ങളടങ്ങാനും സമ്മതിക്കാതിരിക്കുന്നതു ഞാന്‍തന്നെയാണ്. അതു ഞാനറിയുകയും വേണം. എങ്കിലേ ആദ്യം പറഞ്ഞതൊക്കെ പ്രായോഗികമാവാന്‍ പോവുന്നുള്ളു. വാസ്തവത്തില്‍ ജീവനും, ഈശ്വരനും രണ്ടല്ല; ഒന്നുതന്നെ. എന്നാല്‍ ഉപാധിസംബന്ധമുള്ളിടത്തോ ളംകാലം രണ്ടുതന്നെ. ജീവന്‍ ജീവന്‍തന്നെ; ഈശ്വരന്‍ ഈശ്വരനും. എന്നാല്‍ ഉപാധിസംബന്ധം വിട്ടാല്‍ ജീവനെന്നും ഈശ്വരനെന്നും രണ്ടു വസ്തുതന്നെ ഇല്ല; ഒന്നുമാത്രം. ഉപാധിസംബന്ധംകൊണ്ടാണ് ജീവനെന്നും ഈശ്വരനെന്നും രണ്ടു ഭാവംതന്നെ ഉണ്ടായത്. അജ്ഞാനത്തിന്റെ മര്‍മ്മവും അതുതന്നെ. അപ്പോള്‍ ഉപാധികളെ നിലനിര്‍ത്തലല്ല, ലയിപ്പിക്കലാണ് ആവശ്യം. മനോബുദ്ധീന്ദ്രിയങ്ങള്‍തന്നെ ഉപാധികള്‍. അവ ലയിച്ചാല്‍ ജീവേശ്വരദ്വിത്വം ഇല്ലാതാവുമെന്നും, അദൈ്വതഭാവം പ്രകാശിക്കുമെന്നും പറയാനില്ലല്ലോ. അപ്പോള്‍ ആദ്യമായി ഞാനെന്റെ ശ്രേയസ്സിനെയും, ഉപദ്രവത്തെയും തിരിച്ചറിയണം. എന്നാലല്ലേ ഉപദ്രവത്തെ അകറ്റാനും ശ്രേയസ്സിനെ പ്രാപിക്കാനും കഴിയൂ. അതാണ് വിവേകം. തത്ത്വവിചാരംകൊണ്ടും, സത് സംഗം കൊണ്ടും, ശരിയായ വേദാന്തശ്രവണംകൊണ്ടും വിവേകമുണ്ടാവും. വിവേകമുണ്ടായാല്‍ പറയപ്പെട്ട കാര്യങ്ങള്‍ ക്രമേണ ഓരോന്നായി ബോധിക്കാനും ശ്രദ്ധയോടെ അനുഷ്ഠിച്ചു പ്രായോഗികമാക്കാനും ഇട വരും. മറ്റെന്തൊക്കെ യോഗ്യതകളുണ്ടാ യാലും പഞ്ചകോശാവൃതമായ ആത്മസ്വരൂപത്തെ അറിയുമ്പോള്‍മാത്രമേ ഒരാള്‍ ചരിതാര്‍ത്ഥനാവുന്നുള്ളു. അതിനാല്‍ ആത്മജ്ഞാനംതന്നെ ജീവിതത്തില്‍ സമ്പാദിക്കാനുള്ള ഏറ്റവും വിലപിടിച്ച വസ്തു. എല്ലാറ്റിലുംവെച്ചു വിലപിടിച്ചതും അവശ്യം സാധിക്കേണ്ടതുമാണ് ആ ജ്ഞാനമെങ്കിലും നിര്‍ഭാഗ്യവശാല്‍ മിക്ക ജനങ്ങളും അതില്‍ അശ്രദ്ധാലുക്കളും വിമുഖന്മാരുമായിത്തീരുന്നു. അത് അവിവേകത്തിന്റെയും സ്വരൂപമാണെന്നു പറയണം. ജീവന്‍ അവിവേകത്തില്‍നിന്നു വിവേകത്തിലേയ്ക്കും, അവിദ്യയില്‍നിന്നു വിദ്യയിലേയ്ക്കും നീങ്ങുമ്പോള്‍ വേദാന്തം പറയാനും കേള്‍ക്കാനും മാത്രമുള്ളതല്ലെന്നും അനുഭവിക്കാനുള്ളതാണെന്നും ബോദ്ധ്യമാവും. അതുതന്നെ വേദാന്തത്തിന്റെ അനുഭൂതി.