സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഏപ്രില്‍ 2011
അജ്ഞാനത്തിന്റെ ഏറ്റവും ഘനീഭവിച്ച രൂപങ്ങളാണ് ആവരണവും വിക്ഷേപവും. അവയെ സൂക്ഷ്മമായി നിരൂപിക്കുന്നൊരാള്‍ക്കു മായയുടെ അത്യത്ഭുതകരങ്ങളായ പ്രവര്‍ത്തനവൈഭവങ്ങളെ അവയില്‍ക്കൂടെ വീക്ഷിക്കാന്‍ കഴിയും. അവ രണ്ടും രണ്ടാണെങ്കിലും മിക്കവാറും ഒന്നായിച്ചേര്‍ന്നു നില്ക്കുന്നവയുമാണ്. ആവരണങ്ങളില്ലാത്തിടത്തു വിക്ഷേപമുണ്ടാവാന്‍ വയ്യ. ചിലപ്പോള്‍ വിക്ഷേപമില്ലാതെ ആവരണത്തെ കാണാന്‍ പറ്റിയേക്കാമെങ്കിലും, ഒരിക്കലും ആവരണത്തോടുകൂടാതെ തനി വിക്ഷേപത്തെ ആര്‍ക്കും കാണാന്‍സാധിക്കില്ല. ഈ കാരണത്താല്‍ ആവരണത്തിനുള്ളിലെന്നു പറയാന്‍ വയ്യെങ്കിലും, ആവരണത്തെ ആശ്രയിച്ചുമാത്രമാണ് വിക്ഷേപം നിലക്കൊള്ളുന്നതെന്നു പറഞ്ഞാല്‍തെറ്റില്ല. വസ്തുവിന്റെ പാരമാര്‍ത്ഥികസ്വരൂപത്തെ ഒരു പ്രകാരത്തിലും ബോധിക്കാന്‍ പറ്റാത്തനിലയില്‍ മറയ്ക്കലാണ് ആവരണമെങ്കില്‍, വസ്തുസ്വരൂപത്തെ മറ്റുപലതായി കല്പിക്കലാണ് വിക്ഷേപസ്വരൂപം. ആവരണത്തിന്റേയും, വിക്ഷേപത്തിന്റേയും സ മ്പൂര്‍ണ്ണ സമുച്ചയമാണ് സംസാരമെന്നുപറയാം. ജാഗ്രല്‍സ്വപ്നസുഷുപ്തികളാകുന്ന മൂന്നവസ്ഥകളുടെ ഉള്ളിലാണല്ലൊ സംസാരം ഒതുങ്ങി നില്ക്കുന്നത്. ജാഗ്രല്‍സ്വപ്നങ്ങള്‍ വിക്ഷേപത്തിന്റേയും, സുഷുപ്തി ആവരണത്തിന്റേയും വികാസസ്വരൂപങ്ങളാണെന്നു പറയാം. അന്യഥാഗ്രഹണമാണ് വിക്ഷേപത്തിന്റെ സ്വരൂപമെന്നു പറയാം. അതാണല്ലോ ജാഗ്രല്‍സ്വപ്നങ്ങളില്‍ എല്ലാവരും പൊതുവെ ചെയ്തു വരുന്നത്. നാമരൂപങ്ങളോ ഗുണധര്‍മ്മങ്ങളോ ഇല്ലാത്ത സത്താമാത്രമായ സച്ചിദാനന്ദബ്രഹ്മചൈതന്യത്തെ അനേകരൂപങ്ങളായി ഗ്രഹിക്കുകയാണ് ജാഗ്രല്‍സ്വപ്നങ്ങളില്‍ ഓരോരുത്തരും ചെയ്യുന്നത്. ഗ്രഹിക്കപ്പെടുന്ന നാമരൂപപദാര്‍ത്ഥങ്ങളെല്ലാം സത്യവസ്തുക്കളാണെന്നു ബോധിക്കാറുണ്ടെങ്കിലും, പൂര്‍വ്വാപരകാലങ്ങളില്‍ അവയ്‌ക്കൊന്നും അസ്തിത്വമില്ല. സത്യമെന്നനുഭവപ്പെടുന്ന വര്‍ത്തമാനകാലത്തും സത്താവിഹീനങ്ങളുമാണ് എല്ലാ പദാര്‍ത്ഥങ്ങളും. പൂര്‍വ്വാപരകാലങ്ങളില്‍ അസ്തിത്വമോ, വര്‍ത്തമാനകാലത്തു സത്താഭാവമോ ഇല്ലെന്നതുകൊണ്ടുതന്നെ എല്ലാ നാമരൂപപദാര്‍ത്ഥങ്ങളും സത്യവസ്തുവില്‍ വിവര്‍ത്തരൂപേണയുള്ള കല്പനകള്‍ മാത്രമാണെന്നു സ്പഷ്ടമാവുന്നുണ്ട്. അതുതന്നെയാണ് വിക്ഷേപത്തിന്റെ രൂപവും. അന്യഥാഗ്രഹണമാണ് വിക്ഷേപസ്വരൂപമെ ങ്കില്‍ അഗ്രഹണമാണ് ആവരണസ്വരൂപം. ഒന്നിനേയും ഗ്രഹിക്കാതിരിക്കലാണ് അഗ്രഹണം. അതാണല്ലോ സുഷുപ്തിയില്‍ അനുഭവപ്പെടുന്നതും. സത്യത്തെയോ, അസത്യത്തെയോ, തന്നെയോ, മറ്റുള്ളവയെയോ ഒന്നിനേയും അറിയുന്നില്ല സുഷുപ്തിയില്‍. ശരിയായ അഗ്രഹണസ്വരൂപമാണത്. അറിവുണ്ടായിട്ടും ഒന്നിനേയും അറിയാന്‍ കഴിയാതിരിക്കുകയെന്നതൊരു കനത്ത പാരതന്ത്ര്യമല്ലേ? അതാണ് സുഷുപ്തിയില്‍ ഓരോരുത്തരുടേയും അനുഭവം. ഇങ്ങനെ വിക്ഷേപവും ആവരണവുമാകുന്ന രണ്ടുസംസ്‌കാരങ്ങള്‍ക്കുള്ളില്‍മാത്രം നിന്നുകഴിഞ്ഞുകൂടുന്ന ജീവന് ഒരിക്കലും പ്രസ്തുത മണ്ഡലങ്ങളില്‍വെച്ചു സത്യവസ്തുവെ അറിയാന്‍ കഴിയില്ലെന്നു സ്പഷ്ടമാണല്ലോ. പ്രസ്തുത രണ്ടു സംസ്‌കാരങ്ങളല്ലാതെ ജാഗ്രല്‍സ്വപ്നസുഷുപ്തികളാകുന്ന അവസ്ഥാത്രയത്തിനുള്ളില്‍ വേറൊന്നില്ലെന്നത് സ്പഷ്ടമാണല്ലോ. അവസ്ഥാത്രയത്തിനപ്പുറത്തു സം സാരമില്ലെന്നതിനാല്‍ സംസാരത്തിലുള്ളവരെല്ലാം വിക്ഷേപാവരണങ്ങളെമാത്രമാണെപ്പോഴുമനുഭവിക്കുന്നത്. അവയെവിട്ടു സത്യമാത്രവസ്തുവെ അറിയാനോ, അനുഭവിക്കാനോ പറ്റിയ അവസരം സംസാരത്തിനുള്ളില്‍ ഇരിക്കുന്നേടത്തോളംകാലം ഏതൊരാള്‍ക്കും ഉണ്ടാവുന്നില്ലെന്നാണ് വന്നുചേരുന്നത്. അങ്ങനെയാണെങ്കില്‍ സംസാരത്തിന്റെ ഉള്ളില്‍വെച്ച് ആര്‍ക്കും ജ്ഞാനസമ്പാദനമോ, മുക്തിസാദ്ധ്യതയോ ഇല്ലെന്നല്ലേ വരുന്നത്. അതെങ്ങനെ ശരിയാവും? ഇതുവരെ ആര്‍ക്കെല്ലാം ജ്ഞാനം സമ്പാദിക്കാനും, മുക്തനാവാനും കഴിഞ്ഞുവോ, അവരെല്ലാം ഈ സംസാരത്തില്‍ ഇരുന്നുതന്നെയല്ലേ അദൈ്വതമായ പരമജ്ഞാനത്തെ സമ്പാദിക്കുകയും, ജിവന്മുക്തരാവുകയും ചെയ്തത്! എന്നാണെങ്കില്‍ അതു വാസ്തവംതന്നെ. സം സാരത്തിന്റെ അപ്പുറത്തു ജീവിതത്തിന്റെ വ്യാ പ്തിയില്ലാത്തതിനാല്‍ സംസാരത്തില്‍ ഇരുന്നുതന്നെയാണ് ജ്ഞാനത്തെ സമ്പാദിക്കുകയും ജീവന്മുക്തിയെ പ്രാപിക്കുകയും ചെയ്യേണ്ടിയിരിക്കുന്നത്. എന്നാല്‍ വിക്ഷേപാവരണങ്ങളുടെ സമ്പൂര്‍ണ്ണതയാണ് സംസാരം. സത്യവസ്തുവാകട്ടെ വിക്ഷേപത്തിന്റെയോ, ആവരണത്തിന്റെയോ സ്പര്‍ശമില്ലാത്തതുമാണ്. ആ സ്ഥിതിക്ക് അവസ്ഥാത്രയത്തിനുള്ളിലിരുന്നു കൊണ്ട് അതിന്റെ സ്പര്‍ശമില്ലാത്ത വസ്തുവെ അറിഞ്ഞു പ്രാപിക്കുകയെന്നതു വളരെ സാഹസപ്പെട്ട പണിയാണെന്നുപറയേണ്ടതില്ലല്ലോ. പ്രസ്തുത സാഹസത്തിന്റെ ഗൗരവത്തെക്കാണിക്കാന്‍ വേണ്ടിയാണ് സംസാരത്തില്‍ ഇരുന്നുകൊണ്ടു സത്യവസ്തുവെ അറിയാന്‍തന്നെ സാധിക്കില്ലെന്നുപോലും പറഞ്ഞത്. മറ്റൊരു പ്രകാരത്തില്‍ വിക്ഷേപാവരണങ്ങളിലെ സത്യബുദ്ധിമുഴുവന്‍തന്നെയും നീങ്ങണമെന്ന അര്‍ ത്ഥത്തിലുമാണങ്ങനെ പറഞ്ഞത്.
സാധാരണ ലോകത്തില്‍ കണ്ടേടത്തോ ളവും, അറിഞ്ഞേടത്തോളവും മാത്രമാണ് വിക്ഷേപാവരണങ്ങളുടെ സ്വരൂപങ്ങളെന്നു ധരിക്കരുത്. അതിലും എത്രയോ അധികം വിശാലമായ പരിധി അവയ്ക്കുണ്ട്. ഉദാഹരണത്തിന് ഒരാള്‍ തന്റെ അജ്ഞാനനിവൃത്തിക്കുവേണ്ടി വേദശാസ്ത്രങ്ങളെ പഠിച്ചുവെന്നിരിക്കട്ടെ. അപ്പോള്‍ താന്‍ വേദശാസ്ത്രജ്ഞനാണെന്ന ബോധം അദ്ദേഹത്തില്‍ ദൃഢപ്പെടുമല്ലോ. സാധാരണജനങ്ങള്‍ക്കൊന്നും വേദജ്ഞാനമോ ശാസ്ത്രപരിചയമോ ഇല്ല. എന്നാല്‍ താന്‍ അങ്ങനെയല്ല; മറ്റുള്ളവരെ അപേക്ഷിച്ച് തനിക്കു ജ്ഞാനവും, ക്രിയാബോധവും അധികമുണ്ട് എന്ന അഭിമാനം അയാളെ ദൃഢമായി ബാധിക്കാതിരിക്കാന്‍ വയ്യ. ആവരണത്തിന്റെ ഒരു രൂപമാണ് ആ അഭിമാനം. അതു നിലവിലുള്ളേടത്തോളം കാലം അയാള്‍ക്കു വസ്തുബോധമോ സംസാരനിവൃത്തിയോ ഉണ്ടാവാന്‍ വയ്യ. ഇങ്ങനെ അനേകമനേകം സ്വരൂപങ്ങളില്‍ ആവരണം ഒരാളെ സത്യബോധത്തിന് സമ്മതിക്കാതെ തടഞ്ഞുവെയ്ക്കുന്നുണ്ട്. അങ്ങനെതന്നെ വിക്ഷേപവും. കേവലസ്വരൂപത്തെ ഉപാസിക്കാന്‍ കഴിയാത്തതുകൊണ്ട് വിഷ്ണുസ്വരൂപത്തെ ഉപാസിക്കുന്നു ഒരാളെന്നിരിക്കട്ടെ; അതില്‍ സത്യബുദ്ധി ഉറയ്ക്കാനിടവന്നാല്‍ വിക്ഷേപത്തിന്റെ ഫലം തന്നെയല്ലേ ഉണ്ടാവുന്നത്. ഇങ്ങനെ പല പ്രകാരത്തില്‍ വിക്ഷേപവും സാധകനെ യഥാര്‍ത്ഥാനുഭൂതിയിലേയ്ക്കു കയറാന്‍ സമ്മതിക്കാതെ തടഞ്ഞുവെയ്ക്കാറുണ്ട്. അവയില്‍ നിന്നൊക്കെ രക്ഷപ്പെട്ടു സ്വരൂപബോധത്തിലേയ്ക്കും, ജീവന്മുക്തിയിലേയ്ക്കും എത്തിച്ചേരുകയെന്നത് എത്രയോ വിഷമം പിടിച്ചൊരു കാര്യംതന്നെയാണ്. പുണ്യാധിക്യംകൊണ്ടും ഭഗവദനുഗ്രഹംകൊണ്ടും വേണം അതു സാധിക്കാന്‍.
ബാഹ്യാഭ്യന്തരങ്ങളായ എല്ലാ കരണങ്ങളും സംസാരത്തില്‍ സമ്പൂര്‍ണ്ണമായി മുഴുകി യിരിക്കയാണ്. ഓരോ പ്രകാരത്തിലുള്ള വ്യവഹാരമാണ് ഓരോന്നും ചെയ്യുന്നത്. എന്നിരുന്നാലും ജീവന് എല്ലാറ്റിലും ഒരുപോലെ അഭിമാനമുണ്ട്. അതിനാല്‍ അവയോരോന്നും ജീവനെ സംസാരത്തോട് കെട്ടിവരിഞ്ഞ കയറുകള്‍തന്നെയാണെന്നു പറയണം. കരണങ്ങളുടെ വ്യവഹാരങ്ങളും വിക്ഷേപാവരണസ്വരൂപങ്ങള്‍തന്നെ. അനുകൂലങ്ങളായ സാധനാനുഷ്ഠാനങ്ങളെക്കൊണ്ട് അവയെയെല്ലാം പിന്‍തിരിപ്പിക്കുകയും, അവയുടെ വിക്ഷേപാവരണങ്ങള്‍ ജീവനെ ബാധിക്കാതാക്കുകയും ചെയ്യണം. അതുകൊണ്ടാണ് ജപം, കീര്‍ത്തനം, പൂജ, ധ്യാനം, തത്വവിചാരം, തീര്‍ത്ഥാടനം, വ്രതാനുഷ്ഠാനം തുടങ്ങിയ എല്ലാ സാധനകളും ഒരാള്‍ അവശ്യമനുഷ്ഠിക്കണമെന്നു പറയുന്നത്. ഓരോന്നും ഓരോ കരണത്തെ ശുദ്ധീകരിക്കാനും, നിവര്‍ത്തിപ്പിക്കാനും പറ്റുന്നവയാണ്. അങ്ങനെ വളരെക്കാലം പലതരത്തിലുള്ള സാധനാനുഷ്ഠാനങ്ങളും, തത്വവിചാരവും, സല്‍സംഗവുമൊക്കെ ചെയ്യുമ്പോഴാണ് ഒരാള്‍ക്കു സം സാരത്തിന്റെ മിത്ഥ്യാത്വത്തില്‍ വിശ്വാസമുറയ്ക്കുന്നത്. അവസ്ഥാത്രയത്തെ അതിക്രമിച്ച സത്യചൈതന്യത്തെക്കുറിച്ചു പരോക്ഷമായെങ്കിലും ഉള്ള ഒരറിവ് അപ്പോഴേ ഉണ്ടാവുന്നുള്ളു. തന്നില്‍നിന്നന്യമായ നിലയില്‍ വസ്തുസ്വരൂപത്തെ അറിയുന്നതാണ് പരോക്ഷജ്ഞാനം. അതു കേവലം വാചികം മാത്രമാണെന്നു പറയേണ്ടതില്ലല്ലോ. വാങ്മാത്രമായ പ്രസ്തുത ജ്ഞാനവും ഒരു പ്രകാരത്തില്‍ അജ്ഞാനത്തിന്റെ വകഭേദം മാത്രമേ ആവുന്നുള്ളു. എ ങ്കിലും വിക്ഷേപത്തെപ്പോലെയോ ആവരണത്തെപ്പോലെയോ അല്ല. അവയില്‍നിന്ന് അല്പം വ്യത്യാസപ്പെട്ടതും, സത്യവുമായി അല്പംകൂടി അടുത്തതുമാണെന്നു പറയാം എന്നുമാത്രം. വിക്ഷേപം, ആവരണം, പരോക്ഷജ്ഞാനം, അപരോക്ഷജ്ഞാനം, ദുഃഖനിവൃത്തി, സുഖപ്രാപ്തി എന്നിങ്ങനെ ആറു ഘടകങ്ങളുണ്ട് അജ്ഞാനത്തിനെന്നു പറയാറുണ്ട്. അവയില്‍ ഏറ്റവും പ്രബലങ്ങളായ രണ്ടുഘടകങ്ങള്‍ വിക്ഷേപാവരണങ്ങള്‍ തന്നെയാണ്. അവരണ്ടും നീങ്ങിക്കിട്ടിയാല്‍ മിക്കവാറും ജീവന്‍ രക്ഷപ്പെട്ടുകഴിഞ്ഞു. അനേകകാലദേശങ്ങളില്‍ക്കൂടെയും ജനനമരണങ്ങളില്‍ക്കൂടെയും ജീവനെ വലിച്ചിഴച്ചുകൊണ്ടിരിക്കുന്നതു പ്രസ്തുത വിക്ഷേപാവരണങ്ങളാണ്. എന്നുവേണ്ട; ഇഹപരങ്ങളായ ലോകങ്ങളും അവയിലെ എല്ലാ അനുഭവങ്ങളും അവയുടെയൊക്കെ ഭോക്താവായ ജീവനും, ജീവന്റെ എല്ലാ കര്‍മ്മങ്ങളുംകൂടി പ്രസ്തുത വിക്ഷേപാവരണങ്ങളുടെ സൃഷ്ടികളാണ്. ഈ പരമാര്‍ത്ഥം ബോദ്ധ്യം വരുമ്പോഴാണ് വിക്ഷേപാവരണങ്ങളുടെ കഠിനതയും ഗൗരവവും ഒരാള്‍ക്കു ബോദ്ധ്യമാവുന്നത്! നിരന്തരമായ സാധനാനുഷ്ഠാനങ്ങള്‍ കൊണ്ട് ഒരാളുടെ ബാഹ്യാഭ്യന്തരകരണങ്ങള്‍ വിക്ഷേപാവരണങ്ങളില്‍നിന്ന് നിവൃത്തങ്ങളാവുമ്പോഴല്ലാതെ എത്രയൊക്കെ ശാസ്ത്രജ്ഞാനമുണ്ടായാല്‍ക്കൂടിയും അദ്ധ്യാത്മികമാര്‍ഗ്ഗത്തില്‍ അല്പംപോലും പുരോഗതിയുണ്ടാവാന്‍ വയ്യ. കഠിനമായ തപോമയ ജീവിതവും, സല്‍സംഗവും വിക്ഷേപാവരണങ്ങളുടെ നിവൃത്തിക്ക് ഒഴിക്കാന്‍ പാടില്ലാത്തവയാണ്. സര്‍വ്വോപരി പുണ്യവൃദ്ധിയും, ഈശ്വരാനുഗ്രഹവും ഉണ്ടാവുകയും വേണം. അങ്ങനെയുള്ള സുകൃതികള്‍ക്കു വിക്ഷേപാവരണങ്ങളെ അകറ്റി ജീവിതത്തെ ശുദ്ധമാക്കാനും ജന്മത്തെ സഫലമാക്കാനും കഴിയും.