സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – സെപ്റ്റംബര്‍ 2011
ഇഷ്ടദേവതാസ്വരൂപിയായ ഈശ്വരങ്കല്‍ നിഷ്‌കളങ്കയായ ഭക്തിയുണ്ട് ഒരാള്‍ക്കെന്നു വന്നാലും നിസ്സംശയമായ ആത്മജ്ഞാനം ആവശ്യമില്ലെന്നു വരുന്നില്ല. ജ്ഞാനിക്കു ഭക്തിയോ, ഭക്തനു ജ്ഞാനമോ ആവശ്യമില്ലെന്നു പറയാറുണ്ട് ചിലര്‍. അതു ശരിയല്ല, മാഹാത്മ്യമുള്ളൊരു വസ്തുവിനെ കൂടുതല്‍ അറിയുംതോറുമാണ് അതില്‍ പ്രേമവും ബഹുമാനവും വളരാനിടവരുന്നത്. അല്പം പോലും അറിയാനിടവന്നിട്ടില്ലാത്ത വസ്തുവില്‍ ആര്‍ക്കും പരമാര്‍ത്ഥമായ പ്രേമമുണ്ടാവാന്‍ വയ്യ. എന്തെങ്കിലും കാരണവശാല്‍ ഉണ്ടായി എന്നു വന്നാലും അതു അന്ധമാണ്. അങ്ങനെയുള്ള പ്രേമത്തിനു ദൃഢതയോ വികാസമോ ഉണ്ടാവാന്‍ വയ്യ. മാത്രമല്ല, അതു മറ്റേതെങ്കിലും നിസ്സാരമായ ആവശ്യത്തിനുവേണ്ടി ദുരുപയോഗപ്പെടുത്താനിടയാവുകയും ചെയ്യും. ലൌകികങ്ങളായ നിസ്സാരാവശ്യങ്ങള്‍ക്കുവേണ്ടി ഈശ്വരഭജനം ചെയ്യാനിടയാവുന്നതും അതുകൊണ്ടാണ്. സംസാരാതീതമായ അമൃതാനുഭൂതികൂടി ഈശ്വരഭജനംകൊണ്ടു സുലഭമായി കിട്ടുമെന്നിരിക്കെ സംസാരത്തിലെ ഏതെങ്കിലും ചില വിഷയങ്ങളുടെ ലാഭത്തിന്നുവേണ്ടിമാത്രം അതിനെ തരംതാഴ്ത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതെത്ര മൂഢതയാണ്! കൂടാതെ സംസാരത്തിലെ ഏതെങ്കിലും ഒരാവശ്യം സാധിക്കാന്‍വേണ്ടിമാത്രം ഈശ്വരനെ ഭജിക്കുന്നൊരാളുടെ ഭക്തി ആ ആവശ്യം നിറവേറിക്കഴിഞ്ഞാല്‍ അവസാനിക്കുമെന്നും കരുതണം. എന്നാല്‍ ഈശ്വരമഹിമയുടെ ഗൌരവത്തെയും, ഭക്തിയുടെ ആവശ്യത്തെയും അറിയുന്ന ജ്ഞാനിയുടെ ഭക്തി ഒരു കാലത്തും അവസാനിക്കുകയോ കുറയുകപോലുമോ ചെയ്യുന്നില്ല. നേരെമറിച്ച് ഉത്തരോത്തരം കൂടിക്കൊണ്ടിരിക്കയാണ് ചെ യ്യുന്നത്. എപ്പോഴും നിലനില്‍ക്കുന്ന ഭക്തി ജ്ഞാനിയുടേതു മാത്രമാണെന്നു ഭഗവല്‍ഗീതയിലും പറഞ്ഞിട്ടുണ്ട്.
അജ്ഞാനമാണ് ബന്ധത്തിന്നും ദുഃഖത്തി ന്നും കാരണം. ജ്ഞാനംകൊണ്ടുമാത്രമേ അതു നിവര്‍ത്തിക്കയുള്ളു. നിരുപാധികവും, അദൈ്വതവുമായ ആത്മജ്ഞാനം പ്രകാശിക്കാന്‍ അനേകപ്രതിബന്ധങ്ങളുണ്ട്. അവയെ നീക്കി അദൈ്വതമായ പരമജ്ഞാനത്തെ പ്രകാശിപ്പിക്കാനുള്ള അനേക ഉപാധികളില്‍ അതിപ്രധാനമായ ഒന്നാണ് നിഷ്‌കളങ്കയായ വിഷ്ണുഭക്തി. എന്തെല്ലാം സാഹചര്യങ്ങള്‍ ഒത്തുചേര്‍ന്നാലും നിഷ്‌കളങ്കഭക്തി വളരാതെ ഒരാളില്‍ പരമജ്ഞാനം പ്രകാശിക്കുകയെന്നതു തുലോം വിരളമാണ്. ശാസ്ത്രപാണ്ഡിത്യം, ആത്മാനാത്മവിവേകം, ശരിയായ തത്ത്വശ്രവണം എന്നിവയൊക്കെ ജ്ഞാനപ്രകാശനത്തിന്ന് ഒഴിക്കാന്‍ പാടില്ലാത്ത ഉപാധികളാണ്. എന്നാല്‍ അവയൊക്കെയുണ്ടായാലും ഒരാളില്‍ പരമജ്ഞാനം പ്രകാശിച്ചുകൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാല്‍ പുണ്യവും ഈശ്വരാനുഗ്രഹവുംകൂടി അവയോടുകൂടിച്ചേരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവ രണ്ടുമാണ് അദൈ്വതപരമജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന പ്രമുഖങ്ങളായ രണ്ടു ഉപാധികളെന്നു പറഞ്ഞാല്‍പ്പോലും തെറ്റില്ല. അവയാകട്ടെ ഭഗവല്‍ കാരുണ്യംകൊണ്ടുമാത്രം ഉണ്ടാകേണ്ടവയുമാണ്. ആ സ്ഥിതിക്കു ഭക്തിയുടെയും ഭജനത്തിന്റെയും സ്ഥാനം എത്ര വലുതാണെന്നു പറയാതെത്തന്നെ വ്യക്തമാവുന്നുണ്ടല്ലോ. ശരി, ജ്ഞാനസമ്പാദനത്തിന്ന് ഒഴിച്ചുവിടാന്‍ വയ്യാത്ത മുഖ്യോപാധിയാണ് ഭക്തിയെന്നിരിക്കട്ടെ; എന്നാല്‍ ജ്ഞാനം പ്രകാശിക്കുന്നതുവരെയല്ലേ ഭക്തിയുടെ ആവശ്യമുള്ളു; ജ്ഞാനിയായ ഒരാളെന്തിന് ഈശ്വരനെ ഭജിക്കുന്നു എന്നാണെങ്കില്‍ പറയാം. ശരിയായ ഈശ്വരജ്ഞാനമുണ്ടാവുമ്പോഴാണ് ഭക്തിയുടെ ഗൌരവവും ആവശ്യവുമൊരാള്‍ക്കറിയാന്‍ കഴിയുന്നത്. പരമാര്‍ത്ഥമായ ജ്ഞാനത്തിന്റെ അല്ലെങ്കില്‍ മുക്തിയുടെതന്നെ മറ്റൊരു സ്വരൂപം മാത്രമാണ് നിഷ്‌കളങ്കമായ ഈശ്വരപ്രേമമെന്നയാള്‍ക്കു ബോദ്ധ്യമാവുന്നു. പിന്നെയെങ്ങനെ അതിനെ വിട്ടുനില്‍ ക്കും? സാധാരണ ഒരാളുടെ ഭക്തിപോലെയല്ല ജ്ഞാനിയുടെ ഭക്തി. ഈശ്വരപ്രേമമാകുന്ന അമൃതസമുദ്രത്തില്‍ മുങ്ങിക്കിടന്നുകൊണ്ടാണ് ജ്ഞാനിയുടെ ഓരോ നിമിഷവും നീങ്ങുന്നത്. അകാരണമായി രോമാഞ്ചമോ, അശ്രുക്കളോ, കണ്ഠല്‍ഗദമോ ഒരു ജ്ഞാനിയില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ എപ്പോഴും അനിര്‍വ്വാച്യപ്രേമാമൃതസരിത്തില്‍ മുങ്ങിമുഴുകി ഈശ്വരനെ സ്വയം അനുഭവിച്ചുകൊണ്ടിരിക്കയാണ് ജ്ഞാനി. രാമകൃഷ്ണാദി അവതാരസ്വരൂപങ്ങളെയും ത്രിമൂര്‍ത്തികളെയും മറ്റും സാധാരണഭക്തന്‍ ഈശ്വരസ്വരൂപങ്ങളായിക്കാണുമ്പോള്‍ ഒരു ജ്ഞാനി ജഗത്തിലുള്ള സകലരൂപങ്ങളെയും, ജഗത്തിനെ ഒട്ടാകെത്തന്നെ യും ഈശ്വരസ്വരൂപമായിട്ടാണ് കാണുന്നത്. അതുപോലെ കേള്‍ക്കുന്ന എല്ലാ ശബ്ദങ്ങളെയും ഈശ്വരകീര്‍ത്തനങ്ങളായും, അനുഭ വിക്കുന്ന എല്ലാ അനുഭവങ്ങളെയും അമൃതായമാനങ്ങളായ ഈശ്വരാനുഭൂതികളായിട്ടും മാത്രമേ ഒരു ജ്ഞാനിക്കു കാണാന്‍ കഴിയുന്നുള്ളു. ജ്ഞാനിയുടെ ദൃഷ്ടിയില്‍ ഈശ്വരമഹിമകളും ഈശ്വരലീലകളുമല്ലാതെ ഒന്നുംതന്നെയില്ല. എല്ലാം അമൃതായമാനങ്ങളായ ദിവ്യാനുഭൂതികളുമാണ്.അതിനാല്‍ എപ്പോഴും എന്തിനെ കാണുമ്പോഴും കേള്‍ക്കുമ്പോഴും അനുഭവിക്കുമ്പോഴും, അവയൊന്നുമില്ലാത്ത സമാധിയിലും ജ്ഞാനി ആനന്ദമത്തനാണ്. ഈശ്വരേതരമായ ഭാവമോ, അനുഭവമോ മിക്കപ്പോഴും ഇല്ല ഒരു ജ്ഞാനിക്കെന്നു പറയണം. അങ്ങനെയുള്ളദശയില്‍ ഭക്തിയും ജ്ഞാനവും രണ്ടു സംസ്‌കാരമോ, രണ്ടനുഭവമോ അല്ല. രണ്ടും അന്യോന്യം കൂടിച്ചേര്‍ന്നു രണ്ടുമല്ലാത്ത ഈശ്വരനിര്‍വൃതിയുടെ രൂപത്തിലാണ് ജ്ഞാനിയില്‍ പ്രകാശിക്കുന്നതെന്നുപറയണം.
എന്നാല്‍ അങ്ങനെയുള്ള ഭക്തി ഒരു ജ്ഞാനിക്കല്ലാതെ മറ്റാര്‍ക്കുമുണ്ടാവാന്‍ വയ്യ. അതിനാല്‍ അവശ്യം തത്ത്വബോധമുണ്ടാവുകതന്നെ വേണം. വേണ്ടത്ര തത്ത്വബോധമില്ലാത്തൊരാള്‍ക്ക് ഈശ്വരനെയോ, അവിടുത്തെ മഹിമകളെയോ, അതിന്റെ ഗൌരവത്തെയോ, അറിയാന്‍ കഴിയില്ല. അറിയാതെ നിഷ്‌കളങ്കയും, നിരപേക്ഷയുമായ ഭക്തിയോ, അതുകൊണ്ടുള്ള അമൃതാനുഭൂതിയോ ഉണ്ടാവാനും പോവുന്നില്ല. സംസാരത്തില്‍ ഒന്നിന്റെയും അപേക്ഷ കേവലം ഇല്ലാതാവുമ്പോഴല്ലാതെ നിഷ്‌കളങ്കഭക്തിയെങ്ങനെയുണ്ടാവും? ഉണ്ടാവാന്‍ വിഷമമാണെന്നുതന്നെ പറയണം. സംസാരത്തില്‍ നിരപേക്ഷകത്വം ഒരാള്‍ക്കുണ്ടാവണമെങ്കില്‍ അതിന്റെ മിത്ഥ്യാത്വവും, ദുഃഖാത്മകതയും ബോദ്ധ്യമാവുകതന്നെ വേണം. തത്ത്വവിചാരംചെയ്തു വസ്തുബോധം വരുമ്പോഴേ അതുണ്ടാവാന്‍ പോവുന്നുള്ളു. അതിനാല്‍ ഭക്തന്‍ ജ്ഞാനിയാവുകതന്നെവേണം. അതുപോലെ ഭക്തിയില്ലാത്ത ജ്ഞാനം കേവലം ശുഷ്‌കവും അനുഭൂതിക്ക് പറ്റാത്തതുമാണ്. ഈ കാരണങ്ങളാല്‍ ജ്ഞാനഭക്തിയാണ് ഒരാളെ ഉല്‍ബുദ്ധനും അനുഭൂതിരസികനും ചരിതാര്‍ത്ഥനുമാക്കിത്തീര്‍ക്കുന്ന അദ്ധ്യാത്മസംസ്‌കാരം.