സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ആഗസ്ത് 2011
ഭാര്യാപുത്രന്മാരോടുകൂടി ഗൃഹത്തില്‍ അധി വസിക്കുകയും, നാനാതരത്തിലുള്ള ഉപഭോഗങ്ങളെ അനുഭവിക്കുകയും, പലപ്പോഴും ഗൃഹത്തില്‍നിന്നു പുറത്തുപോയി പലതരത്തിലുള്ള കര്‍മ്മങ്ങളെ ചെയ്കയും, പലരുമായി ബന്ധപ്പെടുകയും, പലതിനെയും സമ്പാദിക്കുകയും ചെയ്തു വീണ്ടും ഗൃഹത്തിലേയ്ക്കു തന്നെ മടങ്ങിവന്നു വിവിധങ്ങളായ ഭോഗപദാര്‍ത്ഥങ്ങളെ അനുഭവിക്കയും, വിശ്രമിച്ചു ക്ഷീണം തീര്‍ ക്കയും ഒക്കെയാണല്ലോ ഒരു ഗൃഹസ്ഥന്റെ ജീവിതരീതി. ഈവക സമ്പ്രദായങ്ങളെ മുഴുവന്‍ ഉപേക്ഷിച്ച് ഈശ്വരൈകശരണനായിത്തീര്‍ന്നു പരിവ്രാജനം ചെയ്കയോ, അഥവാ ഏകാന്തത്തില്‍ ഈശ്വരദ്ധ്യാനനിരതനായി കഴിഞ്ഞുകൂടുകയോ ആണല്ലോ സംന്യാസിയുടെയും ജീവിതരീതി. എന്നാല്‍ ഇതു സമഷ്ടിപ്രപഞ്ചത്തിലെ അവസ്ഥയാണ് പറഞ്ഞത്. വ്യഷ്ടിപ്രപഞ്ചത്തിലും ഇതുപോലെതന്നെയുള്ള രണ്ടു ജീവിതസമ്പ്രദായമുണ്ട്. ശരീരമാകുന്ന ഗൃഹത്തില്‍ തന്റെ പ്രകൃതി (സ്വഭാവം)യാകുന്ന ഭാര്യയോടും, അതിലുണ്ടാകുന്ന പലതരത്തിലുള്ള വികാരങ്ങളാകുന്ന പുത്രന്മാരോടും ഇന്ദ്രിയങ്ങളാകുന്ന പരിജനങ്ങളോടുംകൂടി അധിവസിക്കുന്ന ജീവനാകുന്ന ഗൃഹസ്ഥന്‍ മിക്കപ്പോഴും പരിജനങ്ങളോടുകൂടി ഗൃഹത്തില്‍നിന്നു പുറത്തുപോയി പലകാര്യങ്ങളും ചെയ്കയും, വീണ്ടും ഗൃഹത്തിലേയ്ക്കുതന്നെ മടങ്ങിവരികയും സുഷുപ്തിയാകുന്ന വിശ്രമത്തെ അനുഭവിക്കുകയും ഒക്കെ ചെയ്യുന്നു. ഈ സമ്പ്രദായത്തില്‍ ഇരിക്കുന്നിടത്തോളംകാലം ശരീരംകൊണ്ടു സംന്യാസിയായിത്തീര്‍ന്നിട്ടുള്ള ഒരാള്‍ക്കൂടി സംസ്‌കാരംകൊണ്ടു ഗൃഹസ്ഥ നാണ്. അങ്ങനെതന്നെ ശരീരംകൊണ്ടു ഗൃഹസ്ഥനാണെങ്കില്‍ക്കൂടി ജീവന്‍ ശരീരമാകുന്ന ഗൃഹത്തില്‍നിന്നു പുറത്തിറങ്ങാതെയും, ഇന്ദ്രിയങ്ങളാകുന്ന പരിവാരങ്ങളോടുകൂടിച്ചേരാതെയും, അവരുടെ സേവനങ്ങളാകുന്ന വിഷ യസല്ക്കാരങ്ങളെ സ്വീകരിക്കാതെയും, തന്റെ പ്രകൃതിയാകുന്ന പത്‌നിയുണ്ടെങ്കിലും പത്‌നിയുടെ ശുശ്രൂഷകള്‍ക്കു വശംവദനാവാതെയും, പത്‌നിയില്‍ വികാരങ്ങളാകുന്ന പുത്രന്മാരെ ഉല്പാദിപ്പിക്കാതെയും അടങ്ങിയിരിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ സംന്യാസിയെന്നു പറയാം. സംന്യാസിക്കു ഗൃഹമുണ്ടാവാനും, ഗൃഹസ്ഥന്നു ഗൃഹമില്ലാതിരിക്കാനും വയ്യ. ഇതല്ലേ ലോകസ്വഭാവം? ഈ ശരീരത്തെ ഗൃഹമാക്കി ഗൃഹസ്ഥധര്‍മ്മങ്ങളെ അനുഷ്ഠിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരാള്‍ ഗൃഹസ്ഥന്‍ തന്നെയാണ്. ഈ ശരീരത്തെ ആശ്രമമാക്കി അവിടെ വിഷയബാധ കൂടാതെ എപ്പോഴും ഈശ്വരഭജനംമാത്രം നടത്തിക്കൊണ്ടിരിക്കുന്നവന്‍ സംന്യാസിയുമാണ്. ഗൃഹസ്ഥന്നു മുക്തിയില്ലെന്നും, സംന്യാസിക്കു ജന്മമില്ലെന്നും സാ ധാരണ പറയാറുണ്ട്. ശാസ്ത്രങ്ങളും ഈ അഭിപ്രായം വെളിപ്പെടുത്തീട്ടുണ്ട്. എന്നാല്‍ ഗൃഹസ്ഥനെന്നും, സംന്യാസിയെന്നുമുള്ള ഈ പ്രതിപാദനം കേവലം ശരീരസംസ്‌കാരത്തെ മാത്രം അടിസ്ഥാനപ്പെടുത്തീട്ടുള്ളതല്ല. അതും ഇല്ലെന്നു പറഞ്ഞുകൂടാ. പക്ഷേ അതുമുഖ്യമല്ല, ജീവന്റെ സംസ്‌കാരമാണ് മുഖ്യം. ജീവന്‍ ശരീരത്തെ ഗൃഹമാക്കിയിരിക്കുന്നുവോ, അഥവാ ആശ്രമമാക്കിയിരിക്കുന്നുവോ; ഇതാണുനോ ക്കേണ്ടത്. ഗൃഹംസുഖിക്കാനുള്ള ഉപാധിയാണ്. ആശ്രമം ഈശ്വരാരാധനത്തിനുള്ള ഉപാധിയുമാണ്. ഇതില്‍ ഏതിനാണ് ശരീരത്തെ ഉപയോഗിക്കുന്നത്? സുഖിക്കാനോ; ഈശ്വരാരാധനത്തിന്നോ? എന്നുള്ളതില്‍നിന്നാണ് അതുതെളിയുന്നത്. അങ്ങനെ പ്രകൃതിയെ തന്നെ സുഖിപ്പിക്കുന്ന പത്‌നിയാക്കീട്ടോ; അഥവാ തന്നെ സേവിക്കുന്ന ദാസിയാക്കീട്ടോ കൊണ്ടുനടക്കുന്നത്? ദാസിയാണെങ്കില്‍ തനിക്കു കല്പിക്കാം. തന്റെ കല്പനയ്ക്കു സ്വയം കീഴൊതുങ്ങും. അല്ല, പത്‌നിയാണെങ്കില്‍ ഇഷ്ടംനോക്കുകയും സ്‌നേഹിക്കുകയും ഒക്കെ വേണ്ടിവരും. പ്രകൃതിയില്‍നിന്നുണ്ടാവുന്ന വികാരങ്ങളെ പുത്രന്മാരായിട്ടോ ശത്രുക്കളായിട്ടോ കാണുന്നത്? സംന്യാസിക്കു പ്രകൃതി ദാസിയും, വികാരങ്ങള്‍ ശത്രുക്കളുമാണ്. ഗൃഹസ്ഥന്നു പ്രകൃതി പത്‌നിയും, വികാരങ്ങള്‍ ഓമനപ്പുത്രന്മാരുമാണ്. അതുപോലെ ഇന്ദ്രിയങ്ങള്‍ സംന്യാസിയുടെ ദാസന്മാരും ഗൃഹസ്ഥന്റെ സേവകന്മാരുമാണ്. ഈ നിലയ്ക്കാണ് ഗൃഹസ്ഥനെയും സംന്യാസിയെയും വേര്‍തിരിക്കേണ്ടിയിരിക്കുന്നത്. അപ്പോള്‍ നിലവിലുള്ള ഗൃഹസ്ഥന്മാരില്‍ത്തന്നെ എത്രയോ സംന്യാസിമാരെയും സംന്യാസിമാരില്‍ എത്രയോ ഗൃഹസ്ഥന്മാരെയും കാണാന്‍ കഴിഞ്ഞേയ്ക്കും. എന്നാല്‍ ഈ നിലയ്ക്കുള്ള സംന്യാസവും, ഗാര്‍ഹസ്ഥ്യവുമാണ് ഒരു ജീവനെ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നത്. പഴയകാലത്തെ ഋഷികളൊക്കെ തപസ്വികളും, ജ്ഞാനസമ്പന്നന്മാരായിരുന്നിട്ടും ഗൃഹസ്ഥന്മാരായിരുന്നു; സംന്യാസികളായിരുന്നില്ല. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ അവരൊക്കെ മുക്തന്മാരുമായിരുന്നു. പുറമെ ഗൃഹസ്ഥനായി കാണപ്പെടുമ്പോള്‍ത്തന്നെ ഒരാള്‍ക്ക് അകത്തു സംന്യാസിയും മുക്തനുമായിരിക്കാന്‍കഴിയുമെന്നാണല്ലോ അവരുടെ ചരിത്രംപഠിപ്പിക്കുന്നത്. അങ്ങനെതന്നെ പുറമെ സംന്യാസിയായാല്‍ ക്കൂടി അകത്തു സംന്യാസിയോ മുക്തനോ ആയിക്കൊള്ളണമെന്നില്ലെന്നും ഗൃഹസ്ഥനും, ബദ്ധനും, മൂഢനുമാവാന്‍ വിരോധമില്ലെന്നുംകൂടി വ്യഞ്ജിപ്പിക്കുന്നു. അതിനാല്‍ സാധാരണ ലോകത്തില്‍ വ്യവഹാരകാരണമായ ഗാര്‍ഹസ്ഥ്യവും, സംന്യാസവുമല്ല സാംസ്‌കാരികമായ ഗാര്‍ഹസ്ഥ്യസംന്യാസങ്ങളാണ് ഒരാളെ നയിക്കുന്നതെന്നു വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. കര്‍മ്മങ്ങളുടെയും, കര്‍ത്തൃഭാവത്തിന്റെയും പരിത്യാഗമാണല്ലോ സംന്യാസം. കര്‍മ്മങ്ങള്‍ ശരീരത്തില്‍നിന്നല്ല, മനസ്സില്‍നിന്നാണ് പോകേ ണ്ടതെന്നു ഗീതയില്‍ എത്ര ഭംഗിയായുപന്യസി ച്ചിരിക്കുന്നു! കര്‍മ്മങ്ങളുടേയും, ഫലങ്ങളുടെയും സമുച്ചയമാണ് പ്രപഞ്ചം. അവയൊക്കെയും കര്‍ത്താവിനെ അവലംബിച്ചു നില്ക്കുന്നവയുമാണ്. അപ്പോള്‍ അകര്‍ത്താവായ ഒരാള്‍ക്ക് എന്തുഫലമാണ് പ്രപഞ്ചത്തില്‍നിന്നു കിട്ടാന്‍പോകുന്നത്? ഒന്നുമില്ല. എന്നാല്‍ കര്‍മ്മങ്ങളുടെയും, കര്‍ത്തൃഭാവത്തിന്റെയും പരിത്യാഗമെന്നു പറഞ്ഞാല്‍ പ്രപഞ്ചത്തിന്റെ ഒട്ടാകെയുള്ള പരിത്യാഗമെന്നര്‍ത്ഥമാവുമല്ലോ. പ്രപഞ്ചം അകത്തോ പുറത്തോ നില്‍ക്കുന്നതെന്ന് പരിശോധിച്ചാല്‍ അകത്താണെന്നു വ്യക്തമായി ബോധിക്കാന്‍ കഴിയും. അപ്പോള്‍ സംന്യാസവും, ഗാര്‍ഹസ്ഥ്യവും മാനസികവും സാംസ്‌കാരികവുമാണ്; അല്ലാതെ ശാരീരികമോ കര്‍മ്മപരമോ അല്ല എന്നു വരുമ്പോള്‍ ശാരീരിക വേഷവിധാനങ്ങള്‍ക്കു മാറ്റമൊന്നും വരുത്താതെതന്നെ ഒരു ഗൃഹസ്ഥനു സംന്യാസിയായും, സംന്യാസിക്കു ഗൃഹസ്ഥനായും ജീവിക്കാന്‍ സാധിക്കുമെന്നു ചുരുക്കം. എന്നാല്‍ പിന്നെ ശരീരത്തിന്റെ വേഷവിധാനങ്ങള്‍ക്കു മാറ്റം വരുത്തുന്നതെന്തിനാണെന്നൊരു സംശയം ജനിച്ചേയ്ക്കാം. അതും ആവശ്യംതന്നെ. അതുകൊണ്ടു പല പ്രയോജനങ്ങളുമുണ്ട്. പക്ഷേ അതിനൊന്നുമല്ല പ്രാധാന്യം, മാനസികമായ സംസ്‌കാരത്തിനാണെന്നേ പറഞ്ഞതിനര്‍ത്ഥമുള്ളു.
ജ്ഞാനവും, ആചാരശുദ്ധിയുമില്ലാത്ത സംന്യാസിയും, ധര്‍മ്മനിഷ്ഠയില്ലാത്ത ഗൃഹസ്ഥനും ഏതാണ്ടൊരുപോലെയാണ്. ഇഹപരലോകാനുഭൂതികള്‍ ഇരുകൂട്ടര്‍ക്കും ശൂന്യമാണ്. സംന്യസിച്ചതുകൊണ്ട് ഇഹലോകസുഖങ്ങളും ജ്ഞാനമില്ലാത്തതുകൊണ്ടു പരാനുഭൂതിയും രണ്ടുമില്ല സംന്യാസിക്ക്. അങ്ങനെതന്നെയാണ് ഗൃഹസ്ഥനും. ധര്‍മ്മനിഷ്ഠയില്ലെങ്കില്‍ മനസ്സിന്നു സ്ഥൈര്യമോ സമാധാനമോ ഉണ്ടായിരിക്കയില്ല. എന്തെല്ലാം വിഷയഭോഗങ്ങളുണ്ടായാലും മനസ്സിന്നു സൈ്വരമായ സ്ഥിതിയുണ്ടായിരിക്കയില്ല. എപ്പോഴും അസ്വസ്ഥപ്പെട്ടുകൊണ്ടേയിരിക്കും. അപ്പോള്‍ ജീവിതകാലത്തില്‍ സൈ്വരവും സമാധാനവുമുണ്ടാവുന്നില്ല. ജ്ഞാനമില്ലാത്തതുകൊണ്ടും, ആചാരനിഷ്ഠ മലിനമായതുകൊണ്ടും മരണാനന്തരഗതിയും മോശംതന്നെ. അങ്ങനെ ഇരുകൂട്ടരും ഉഭയലോകഭ്രഷ്ടന്മാരായിത്തീരുന്നു. ജ്ഞാനവും, അനുഷ്ഠാനവുമാണ് സംന്യാസിയുടെ സമ്പത്ത്. ധര്‍മ്മനിഷ്ഠയും കര്‍ മ്മശുദ്ധിയുമാണ് ഗൃഹസ്ഥന്റെയും സമ്പത്ത്. ഇതുണ്ടെങ്കില്‍ ഇരുകൂട്ടരും രണ്ടുലോകങ്ങളിലും സുഖികളാണ്. ഇല്ലെങ്കില്‍ ഉഭയലോകഭ്രഷ്ടരുമാണ്. ഗൃഹസ്ഥന്‍ സംന്യാസിക്കു ഭിക്ഷയും, സംന്യാസി ഗൃഹസ്ഥന്നു ജ്ഞാനവും കൊടുക്കേണ്ടതുമാണ്.