സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഡിസംബര്‍ 2011
ഒരായിരത്തിലധികം വരുന്ന നമ്മുടെ ഉപനിഷല്‍ഭണ്ഡാരത്തിലെ ഒന്നാമത്തെ ഉപനിഷത്താണ് ഈശാവാസ്യം എന്നാണ് പറയ പ്പെട്ടുവരുന്നത്. പ്രസ്തുത ഉപനിഷത്തിലെ പ്രഥമ മന്ത്രത്തിന്റെ പ്രഥമപാദമാണ് മുകളില്‍ ഉദ്ധരിച്ച തലവാചകം. അത്യന്തം സൂക്ഷ്മമായ പരമാണുമുതല്‍ അത്യന്തംസ്ഥൂലമായ ബ്രഹ്മാ ണ്ഡമടക്കമുള്ള എല്ലാവസ്തുക്കളിലുംഈശ്വരന്‍ അധിവസിക്കുന്നുവെന്നാണ് പ്രസ്തുത വാക്യത്തിന്റെ ശബ്ദാര്‍ത്ഥം. അതെങ്ങനെ നമുക്ക് ബോധ്യപ്പെടാമെന്നാണ് ഈ ലേഖനവിഷയം. പദാര്‍ത്ഥങ്ങളെ പൊതുവെ മൂന്നുഘടകങ്ങളായി വേര്‍തിരിക്കാം. ശരീരം, ജീവന്‍, ആത്മാവ്ഇങ്ങനെ. ഒരുമാമ്പഴത്തെ എടുക്കുകഅണ്ടിയും തൊലിയും കൂടിയ സ്ഥൂലവിഭാഗം അതിന്റെ ശരീരവും, കാമ്പാകുന്ന സൂക്ഷ്മവിഭാഗം ജീവനും, രസം ആത്മാവുമാണ്. ഇങ്ങനെ എല്ലാ പദാര്‍ത്ഥത്തെയും അപഗ്രഥിച്ചു മുമ്മൂന്നുഘടകങ്ങളായി വേര്‍തിരിക്കാം. വ്യഷ്ടിയിലും സമഷ്ടിയിലും അതു തുല്യവും പ്രായോഗികവുമാണ്. സ്ഥൂലാംശ മാകുന്ന ശരീരത്തെ അധിഭൂതമെന്നും, സൂ ക്ഷ്മാംശമാകുന്ന ജീവനെ അദ്ധ്യാത്മമെന്നും, അത്യന്തസൂക്ഷ്മാംശമാകുന്ന ആത്മാവിനെ അധിദൈവമെന്നും പറയും. അധിഭൂതമാകുന്ന സ്ഥൂലാംശം നമുക്കു കാണാനും തൊടാനും എടുക്കാനുമെല്ലാം കഴിയുമെങ്കില്‍ക്കൂടി ക്ഷണികമാണ്. വളരെ കുറച്ചുസമയം മാത്രമേ നിലനില്ക്കു. മാത്രമല്ല, അതില്‍ നിര്‍വൃതിക്കാസ്പദമായ രസാംശം വളരെ കുറയുകയുംചെയ്യും. മാമ്പഴത്തിന്റെ രസമാസ്വദിക്കുന്ന വര്‍ അതിന്റെ അണ്ടിയും തൊലിയും കളയു ന്നത് അവയില്‍ രസാംശം വളരെ കുറച്ചേ ഉള്ളു എന്നതുകൊണ്ടാണ്. കാമ്പിനെ തിന്നു ന്നത് അതില്‍ രസാംശത്തിന്റെ ആധിക്യമുള്ള തുകൊണ്ടും, കാമ്പിനേയും തള്ളി രസത്തെ മാത്രമായി ആസ്വദിക്കാന്‍ കഴിയാത്തതുകൊ ണ്ടുമാണ്. സൂക്ഷ്മാംശമാകുന്ന അദ്ധ്യാത്മമല്ലെങ്കില്‍ ജീവനും ശരീരത്തെപ്പോലെ ക്ഷണികമല്ലെങ്കിലുംനശ്വരമാണ്. എന്നാല്‍ അധിദൈ വമാകുന്ന ആത്മാവിനെപ്പോഴും നാശമില്ല. അത് സ്ഥിരമായിനില്ക്കുന്നു. മാമ്പഴത്തിന്റെ അണ്ടിയും തൊലിയുംകാമ്പും നശിച്ചുംരസം നിലനില്ക്കുന്നു. ഇതുപോലെ എല്ലാറ്റിന്റേയും അധിദൈവാംശം ശാശ്വതമായി നിലനില് ക്കുന്നു. പക്ഷേ ഉപാധിയിലൂടെമാത്രമേ അതു ഗ്രഹിക്കാന്‍ കഴിയൂ എന്ന കാരണത്താല്‍ ഉപാധികളില്ലാത്തപ്പോള്‍ അതിന്റെ ഗ്രഹണമില്ലെന്നുമാത്രം. മുന്‍കൊല്ലത്തെ മാമ്പഴങ്ങളല്ല അടുത്തകൊല്ലത്തില്‍ മാവിന്‍മേലുണ്ടാവു ന്നത്. മുന്‍കൊല്ലത്തെ അണ്ടികളും തൊലികളും കാമ്പുകളുമെല്ലാംവേറെ. എല്ലാം മാറിയിരിക്കുന്നു. എന്നാല്‍ രസത്തിന്നു യാതൊരു മാറ്റവുമില്ല. അതു മുന്‍കൊല്ലത്തേതുതന്നെ. അപ്പോള്‍ മാമ്പഴങ്ങളെല്ലാം നശിച്ചാലും അതിന്റെ രസം നിലനില്ക്കുന്നുവെന്നും അതിനു നാശമില്ലെന്നും വ്യക്തമാണ്. ഇതുപോലെ ഏതു പദാര്‍ത്ഥത്തിലേയും അധിദൈവാംശത്തിന്ന് എപ്പോഴും മാറ്റമോ നാശമോ സംഭവിക്കു ന്നില്ല. അതിന്റെ സ്വാഭാവികമായ രൂപം അല്ലെ ങ്കില്‍ രസം ഇന്നതാണെന്നും പറയാനും വയ്യ. ഏതേതു വസ്തുക്കള്‍ അധിദൈവചൈതന്യ ത്തിന്റെ ഉപാധികളായിത്തീരുന്നുവോ,അതതു പദാര്‍ത്ഥങ്ങള്‍ക്ക് അനുയോജ്യമായി അതു വ്യഞ്ജിക്കപ്പെടുന്നു. മാമ്പഴത്തില്‍ രസമായി പ്രകാശിച്ച അധിദൈവാംശംതന്നെ പുഷ്പ ത്തില്‍ സുഗന്ധമായും, അഗ്നിയില്‍ ദാഹകശ ക്തിയായും, ആദിത്യനില്‍ തേജസ്സായും മനു ഷ്യനില്‍ വിജ്ഞാനമായും പ്രകാശിക്കുന്നു. വസ്തുക്കളുടെ അധിഭൂതാത്മഘടകങ്ങള്‍ – ശരീരവും ജീവനും -പരിച്ഛിന്നങ്ങളും, ഓരോ ന്നിന്റേയും പ്രത്യേകമായി മറ്റുള്ളവയില്‍ നിന്നു വേര്‍പിരിഞ്ഞുനില്‍ക്കുന്നവയുമാണെ ങ്കില്‍ക്കൂടി അധിദൈവചൈതന്യം അപരിച്ഛി ന്നവും അദൈ്വതവുമാണ്. അതിനാല്‍ അധിഭൂതപദാര്‍ത്ഥങ്ങളും അദ്ധ്യാത്മഘടകങ്ങളും അധിദൈവചൈതന്യത്തെ അവലംബിച്ചു നില്ക്കുകയെന്നല്ലാതെ അധിദൈവം മറ്റൊ ന്നിനേയും അവലംബിക്കുന്നില്ല. മാമ്പഴത്തിന്റെ കാമ്പ് രസത്തേയും തൊലി കാമ്പിനേയും അവലംബിച്ചു നില്ക്കുന്നു. രസമില്ലെങ്കില്‍ കാമ്പില്ല. എന്നാല്‍ കാമ്പില്ലെങ്കിലും രസമു ണ്ടുതാനും. അതുപോലെതന്നെ എല്ലാറ്റി ന്റേയും അവസ്ഥ. മനുഷ്യനില്‍ ആത്മാവിനെ അവലംബിച്ചു ജീവനും ജീവനെ അവലംബിച്ചു ശരീരവും നിലനില്‍ക്കുന്നു. ശരീരമി ല്ലെങ്കിലും ജീവനുണ്ട,് എന്നാല്‍ ജീവനില്ലെ ങ്കില്‍ ശരീരമില്ല. അതുപോലെ ജീവനില്ലെങ്കി ലും ആത്മാവുണ്ട്, ആത്മാവില്ലെങ്കില്‍ ജീവനി ല്ലതാനും. അതിനാല്‍ അധിദൈവമാകുന്ന ആ ത്മാവിനെ അവലംബിച്ച് അദ്ധ്യാത്മമാകുന്ന ജീവനും, ജീവനെ അവലംബിച്ച് അധിഭൂതമാ കുന്ന ശരീരവും നിലനില്ക്കുന്നുവെന്ന് വ്യക്തമാണ്. ഇങ്ങനെതന്നെ എല്ലാ വസ്തുക്ക ളുടേയും അവസ്ഥ. പ്രസ്തുത അധിദൈവത്തെയാണല്ലോ ഈശ്വരനെന്നുപറയുന്നത്. ഈ ദൃഷ്ടിയില്‍ക്കൂടി നോക്കുമ്പോള്‍ ഏതുവസ്തുവിലാണ് ഈശ്വരവാസമില്ലാത്തത്? ഏതൊരു വസ്തുവാണ് ഈശ്വരന്റെ ആവാസകേന്ദ്രമല്ലാത്തത്? എല്ലാം ഈശ്വരാവാസോപാ ധികള്‍തന്നെ. ഏതില്‍ അധിദൈവചൈതന്യം അല്ലെങ്കില്‍ ഈശ്വരനില്ലയോ, ആ വസ്തു ഇല്ലെന്നര്‍ത്ഥമാണ്. അവലംബമില്ലാതെ ഒന്നി നും നിലനില്ക്കാന്‍ വയ്യ. ലോകത്തിലെ ഓരോ പദാര്‍ത്ഥവും പ്രത്യേകമായും ലോകമൊ ട്ടാകെ സാമാന്യമായും അധിദൈവമാകുന്ന ആത്മാവിനെ അല്ലെങ്കില്‍ ഈശ്വരനെ അവലംബിച്ചു നില്ക്കുന്നുവെന്നു വ്യക്തമായല്ലോ.ഇതിനുപുറമെ ശക്തി, സ്വാതന്ത്ര്യം, അറിവ്, പ്രകാശം എന്നീ വിഭൂതികളായും ഈശ്വരന്‍ എല്ലാവരിലും, എല്ലാറ്റിലും അധിവസിക്കുന്നുവെന്നു കാണാന്‍ കഴിയും. എങ്ങനെയെ ന്നാല്‍ നാം കാലുകൊണ്ട് നടക്കുകയും കൈകൊണ്ടെടുക്കുകയും ചെയ്യുന്ന ശക്തി കാലി ന്റേയോ കൈയ്യിന്റേയോ അല്ലെന്നും അവയി ലേക്കു വന്നതാണെന്നും അല്പം ചിന്തിച്ചാല്‍ മനസ്സിലാക്കാം. എവിടെനിന്നാണ് കാലി ലേക്കും കയ്യിലേക്കും ശക്തി വന്നത്? പ്രാണന്‍, മനസ്സ്, ബുദ്ധി എന്നീ കരണങ്ങളും സ്വാഭാവികമായി ജഡങ്ങളും മറ്റൊന്നിന്റെ ചേര്‍ച്ചകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നവകളുമാകയാല്‍ ആ മറ്റൊന്നില്‍ നിന്ന് മാത്രമേ കരചരണാദ്യവയവങ്ങളിലേക്കു ശക്തിയും വന്നെത്താന്‍ കാരണമുള്ളു. വന്നതു പക്ഷേ ബുദ്ധിയില്‍കൂടെയും മനസ്സില്‍ കൂടെയും പ്രാണനില്‍കൂടെയും ഒക്കെയായിരിക്കാം. എന്നിരുന്നാലും ആ ശക്തിയുടേയും ഉറവിടം അധിദൈവമാകുന്ന ആത്മാവാണെന്നതിനു സംശയമില്ല. അതുപോലെ മനോബുദ്ധീന്ദ്രിയങ്ങ ളുടെ അറിവും സ്വാതന്ത്ര്യവും അവയുടേത ല്ലെന്നുവ്യക്തമാണ്. എന്തുകൊണ്ടെന്നാല്‍ അവ അത്യന്ത പരിമിതങ്ങളാണ്. അറിയേണ്ട തിനെ അറിയാനോ ചെയ്യേണ്ടതിനെ ചെയ്യാ നോ ഉള്ള സ്വാതന്ത്ര്യം മിക്കപ്പോഴും മനോബു ദ്ധ്യാദികരണങ്ങള്‍ക്കില്ലാതെയാണ് കണ്ടുവരുന്നത്. അതിനാല്‍ അവയും അധിദൈവമാകുന്ന ആത്മാവില്‍നിന്നാണ് വരുന്നതെന്ന് നിസ്സംശയമാണ്. ശരീരംമുതല്‍ ബുദ്ധിയടക്ക മുള്ള എല്ലാ കരണങ്ങളും ലോകത്തിലെ പദാര്‍ത്ഥങ്ങളും ലോകമൊട്ടാകെ തന്നെയും അന്ധകാരസ്വരൂപമാണ്. എങ്കിലും അവയെ ല്ലാം അറിയപ്പെടുന്നുണ്ട്. ഒരു പ്രകാശത്തില്‍ അവ വിളങ്ങുന്നതുകൊണ്ടാണ് അവ അറിയ പ്പെടുന്നത്. പദാര്‍ത്ഥങ്ങളെ വിളക്കുന്ന പ്രകാശം ആദിത്യചന്ദ്രാഗ്നികളുടേതാണെന്നു പറയാമെങ്കിലും ആ ആദിത്യചന്ദ്രാഗ്നികള്‍ക്ക് സ്വയമേവ പ്രകാശിക്കാന്‍ കഴിയുന്നില്ലെന്നും അവയിലുള്ള അധിദൈവചൈതന്യമാണ് പ്രകാശമായിട്ടിരിക്കുന്നതെന്നും മുമ്പു സൂചിപ്പിച്ചു. അതിനാല്‍ ആദിത്യാദിപ്രകാശം ആത്മപ്രകാശംതന്നെ. സ്വപ്നാവസ്ഥയില്‍ ആദിത്യചന്ദ്രാഗ്നികളുടെ പ്രകാശം കടക്കാനിടയില്ലാത്ത ശരീരാന്തര്‍ഭാഗത്ത് പദാര്‍ത്ഥങ്ങള്‍ വിളങ്ങു ന്നത് യാതൊരു പ്രകാശത്തിലാണോ, അതേ പ്രകാശംതന്നെയാണ് ആദിത്യചന്ദ്രാഗ്നികളാകുന്ന ഉപാധികളില്‍ക്കൂടെ ലോകത്തില്‍ മുഴുവന്‍ വ്യാപിച്ചു പദാര്‍ത്ഥങ്ങളെ പ്രകാശിപ്പി ക്കുന്നത്. അത് ആത്മപ്രകാശമല്ലാതെ മറ്റൊ ന്നുമല്ല. അപ്പോള്‍ അവലംബം, ശക്തി, സ്വാതന്ത്ര്യം, അറിവ്, പ്രകാശം എന്നീ രൂപത്തിലെല്ലാം ഈശ്വരന്‍ ഓരോ വസ്തുവിലും ഓരോ ജീവിയിലും അധിവസിക്കുന്നു. അധിഭൂതം അദ്ധ്യാത്മത്തില്‍നിന്നും അദ്ധ്യാ ത്മം അധിദൈവത്തില്‍നിന്നും അതായത് ശരീരം ജീവനില്‍നിന്നും ജീവന്‍ ആത്മാവില്‍ നിന്നുമാണുണ്ടായതെന്നും പറഞ്ഞുവല്ലോ. ആ സ്ഥിതിക്ക് വിശാലവീക്ഷണത്തില്‍ക്കൂടെ നോക്കുമ്പോള്‍ അധിദൈവമാകുന്ന ആത്മ ചൈതന്യമാണ് അദ്ധ്യാത്മമായും അധിഭൂതമായും അല്ലെങ്കില്‍ ജീവനായും ശരീരമായും നില്‍ക്കുന്നതെന്നുകൂടിവരുന്നു. അപ്പോള്‍ ഈശ്വരന്‍ എല്ലാറ്റിലും അധിവസിക്കുന്നു എന്നുമാത്രമല്ല; ഈശ്വരന്‍തന്നെ എല്ലാമായി ജഗത്തായി വിളങ്ങുന്നു എന്നുകൂടി പറയണം. ബ്രഹ്മൈവേദം സര്‍വ്വം എന്നിങ്ങനെയുള്ള അന്യവാക്യങ്ങള്‍കൂടി ഇവിടെ അധ്യാഹരിക്കേ ണ്ടതായിവരും. വേദാന്തശാസ്ത്രത്തിന്റെ മര്‍ മ്മപ്രധാനങ്ങളായ സിദ്ധാന്തങ്ങളൊക്കെത്ത ന്നെയും മുകളില്‍ ഉദ്ധരിച്ച മന്ത്രപാദത്തില്‍ അടങ്ങിയിരിക്കുന്നതായി ബോധിക്കാന്‍ കഴിയും. അഖണ്ഡസച്ചിദാനന്ദാകാരമായ അദൈ്വതബ്രഹ്മത്തില്‍ നിന്നന്യമായി മറ്റൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും വെള്ളത്തില്‍ തിര പോലെയും കയറില്‍ പാമ്പുപോലെയുമുള്ള പ്രതിഭാസം മാത്രമാണ് ജഗത്തെന്നും പ്രസ്തുത മന്ത്രവാക്യത്തില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നു. കയറില്‍ തോന്നപ്പെട്ട പാമ്പിന്റെ അസ്തിത്വത്തിനു ഹേതു കയറാണ്. കയറില്ലെ ങ്കില്‍ അങ്ങനെയൊരു സര്‍പ്പപ്രതീതിയുമു ണ്ടാവാന്‍ പോവുന്നില്ല. തിരകളുടെ അസ്തിത്വത്തിന്നു ഹേതു ജലവുമാണ്. ജലമില്ലെങ്കില്‍ തിരകളുടെ പ്രതീതിക്കും കാരണമില്ല. അതുപോലെ ജഗത്തിന്റെ അസ്തിത്വത്തിന്നു ഹേതുബ്രഹ്മംതന്നെ. ബ്രഹ്മത്തില്‍ തോന്നപ്പെടുന്ന പ്രതിഭാസം മാത്രമാണ് ജഗത്ത്. അപ്പോള്‍ ജഗദ്വസ്തുക്കളില്‍ ഈശ്വരനല്ല; ഈശ്വരനില്‍ ജഗദ്വസ്തുക്കളാണ് പ്രകാശിക്കുന്നത്. ഇല്ലാ ത്ത അതിഭൂതാധ്യാത്മവസ്തുക്കളുടെ പ്രതീ തിക്കാസ്പദവും സത്തയും അധിദൈവമാകുന്ന ബ്രഹ്മംതന്നെ. നാമൊരു പുഷ്പത്തെക്ക ണ്ടാഹ്ലാദിക്കുന്നുവെന്നിരിക്കട്ടെ. വര്‍ണ്ണശബളവും സുഗന്ധഭൂയിഷ്ഠവുമായ ആ പുഷ്പം ഇന്നലെ ഉണ്ടായിരുന്നില്ല; നാളേയ്ക്കു നില നില്ക്കാനും പോവുന്നില്ല. ഇന്നലെയും നാളെ യുമാകുന്ന ഭൂതഭവിഷ്യല്‍കാലങ്ങളിലില്ലാ ത്തതും അവ രണ്ടിന്റേയും മധ്യമായ ഇന്നാകുന്ന വര്‍ത്തമാനകാലത്തുള്ളതുമായ പുഷ്പം എവിടെനിന്നു വന്നുഎന്നു പരിശോധിക്കുമ്പോള്‍ ഇന്നലെയും നാളെയും ഇല്ലാ ത്ത വസ്തു ഇന്നുമാത്രമായി ഉണ്ടാവാന്‍ അര്‍ ഹതയില്ലെന്നും, അങ്ങനെയുള്ളതായി തോന്ന പ്പെടുന്നുവെങ്കില്‍ അതിന്റെ സത്ത മറ്റൊന്നാണെന്നും ആ സത്തയില്‍ താല്ക്കാലികമായി തോന്നപ്പെട്ട സ്ഫുരണംമാത്രമാണ് പുഷ്പമെന്നും പറയണം. ഈ നിലയില്‍ ജഗത്തിനെ ഒട്ടാകെ വിശാലവീക്ഷണം ചെയ്യുമ്പോള്‍ എല്ലാ വസ്തുക്കളും ക്ഷണികമായ പുഷ്പ മെന്നപോലെ ഇന്നലെയും നാളെയും ഇല്ലാ ത്തവയും വര്‍ത്തമാനകാലത്തുമാത്രം പ്രതീ തിക്കാസ്പദമായി സ്ഫുരിക്കപ്പെടുന്നവയാണെന്നും ബോദ്ധ്യമാവും. അപ്പോള്‍ ജഗത്തൊട്ടാകെത്തന്നെയും അപരിഛിന്നവിജ്ഞാനാനന്ദഘനസ്വരൂപവും എല്ലാറ്റിന്റേയും മൂലസത്തയുമായ ബ്രഹ്മത്തില്‍ താല്ക്കാലികമായി സ്ഫുരിച്ചുതോന്നപ്പെടുന്ന ഒരു സ്ഫുരണവിശേഷംമാത്രമാണെന്നുബോധി ക്കാന്‍കഴിയും. ബ്രഹ്മത്തില്‍നിന്നന്യമായി ഒന്നുംതന്നെ എപ്പോഴുംസംഭവിച്ചിട്ടില്ല. കയറിലെ സര്‍പ്പപ്രതീതി ഭ്രമമാണ്. കയറിന്റെ ബോധമുണ്ടാവുമ്പോള്‍ ഭ്രമംതീര്‍ന്നുപരമാര്‍ത്ഥബോധമുണ്ടാവുകയും ചെയ്യും. അതുപോലെ ബ്രഹ്മത്തില്‍ ജഗല്‍പ്രതീതിയും ഭ്രമംമാത്രമാണ്. ബ്രഹ്മബോധംകൊണ്ടു ജഗല്‍ പ്രതീതിയും നീങ്ങി പരമാര്‍ത്ഥമായ വസ്തുബോധമുണ്ടാവുകയും ചെയ്യും. എന്നിരുന്നാ ലും പ്രസ്തുത രണ്ടുഭ്രമങ്ങളും തമ്മില്‍ ഗണ്യ മായ വ്യത്യാസമുണ്ട്. അതിനാല്‍ ഭ്രമം നീങ്ങി പരമാര്‍ത്ഥബോധപ്രകാശത്തിന്നും സാരമായ വ്യത്യാസമുണ്ട്. എങ്ങനെയെന്നാണെങ്കില്‍ പറയാം. കയറിനെ പാമ്പെന്നു തെറ്റിദ്ധരിച്ചു ഭ്രമിക്കുന്ന ആള്‍ കയറില്‍നിന്നും പാമ്പില്‍ നിന്നും വേറെയാണ്. ഭ്രമാസ്പദമായ വസ്തു കയറായാലും പാമ്പായാലും തനിക്കൊന്നും വരാന്‍ പോവുന്നില്ല. എന്നാല്‍ ബ്രഹ്മത്തില്‍ ജഗല്‍ഭ്രാന്തികൊണ്ടു ഭ്രമിക്കുന്നവന്‍ ഭ്രമാസ്പദമായ ബ്രഹ്മത്തിന്റെയും ഭ്രമസ്വരൂപമായ ജഗത്തിന്റെയും അംശമാണ്. അപ്പോള്‍ ഭ്രമം തന്നില്‍ത്തന്നെ; തന്നെസ്സംബന്ധിച്ചുതന്നെയാണെന്നാണിരിക്കുന്നത്. അതിനാല്‍ ആദ്യത്തെ ഭ്രമംപോലെയല്ല ഈ ഭ്രമം തന്നെ ബാധിക്കു ന്നത്. ആ ബാധയാണ് ബന്ധം. ആ ബന്ധംതന്നെ ദുഃഖവും. ബന്ധത്തിന്നും ദുഃഖത്തിന്നും ഹേതു അജ്ഞാനം. അജ്ഞാനത്തിന്റെ നിവൃത്തി ജ്ഞാനംകൊണ്ടുമാത്രം. ആ ജ്ഞാ നോപദേശംതന്നെ ഈ ലേഖനത്തിന്റെ തലവാചകമായ ഈശാവാസ്യമിദം സര്‍വ്വംഎന്ന മന്ത്രപാദം. കേവലം പത്തൊന്‍പതുമന്ത്രങ്ങള്‍ മാത്രമുള്ള ഈശാവാസ്യോപനിഷത്തിലെ പ്രഥമമന്ത്രത്തിലെ പ്രഥമപാദമാണിവിടെ നിരൂപി ക്കപ്പെട്ടത്. വേദാന്തശാസ്ത്രം മുഴുവന്‍തന്നെയും അതിലുള്‍ക്കൊണ്ടിട്ടുണ്ടോ എന്നുതോന്നും. അത്രമാത്രം ഗഹനവും തത്വസംഫു ല്ലവുമാണ് അതില്‍ ഉള്ളടക്കപ്പെട്ടിരിക്കുന്ന ആശയം. ഈ സ്ഥിതിക്കു പ്രസ്തുത ഉപനിഷത്തിലെ എല്ലാ മന്ത്രങ്ങളേയും വേണ്ടപോലെ പഠിച്ചു വിചാരംചെയ്യുന്ന ഒരാള്‍ക്ക് ആത്മജ്ഞാനത്തിന്നും ആത്മാനുഭൂതിക്കും എന്താണുവിഷമം! വാസ്തവത്തില്‍ വളരെ സുഗമമാണെന്നു പറയണം. എങ്കിലും ഉപനി ഷത്തുക്കളെ വേണ്ടപോലെ പഠിക്കലോ പഠി പ്പിക്കലോ വിചാരംചെയ്തു ഗ്രഹിക്കലോ ഒന്നുമില്ലാതായിത്തീര്‍ന്നു എന്നുള്ളതുകൊ ണ്ടാണ് ആത്മജ്ഞാനം ഇന്നു സുലഭവസ്തുവല്ലാതായിത്തീരാന്‍ കാരണം. ഉപനിഷന്മന്ത്ര ങ്ങള്‍ക്കോ, അവയുടെ അര്‍ത്ഥവ്യാപ്തിക്കോ ആത്മജ്ഞാനത്തിന്റെ സമ്പ്രദായത്തിനോ ഒന്നും ഇന്നുംപണ്ടത്തേതില്‍നിന്ന് ഒരുമാറ്റവും വന്നിട്ടില്ല. അവയെ കൈകാര്യം ചെയ്യുന്നരീതിക്കും അവയോടുള്ള സമീപനരീതിക്കും മാത്രമേ മാറ്റംസംഭവിച്ചിട്ടുള്ളു. അതുകൊ ണ്ടാണ് ജ്ഞാനംദുര്‍ഗ്ഗമമായിത്തീര്‍ന്നതും. ജ്ഞാനം – ആത്മജ്ഞാനം – വളരെ ബുദ്ധി മുട്ടുളെളാരു കാര്യമാണ്. ഉപനിഷത്തുക്കള്‍ പഠിക്കാനും, തത്വവിചാരം ചെയ്യാനുമൊക്കെ വിഷമമാണ്. അതൊന്നും ഇക്കാലത്തേയ്ക്കു പറ്റിയതല്ല, ഭക്തിയാണെളുപ്പം. അതുകൊണ്ടെ നിക്കു ഭക്തിമതി എന്നുപറയാറുണ്ട് ചിലര്‍. ഭക്തിയുടേയും ജ്ഞാനത്തിന്റെയുമൊന്നും സ്വരൂപമറിയാത്തവരെന്നല്ലാതെന്താണവരെ പ്പറ്റി പറയേണ്ടത്? ഈശ്വരനെ അറിയാതെ എങ്ങനെയാണ് മോക്ഷധര്‍മ്മസ്വരൂപിണിയായ ഭക്തിയുണ്ടാവുന്നത്! ഗീതയില്‍ ഭക്തിയെ നാലായി തരംതിരിച്ചു പറയുന്നിടത്തു ജ്ഞാനികളാണ് ശരിയായിട്ടുള്ള ഭക്തന്മാ രെന്നും അവരുടെ ഭക്തിയെ ശരിയായ മോ ക്ഷധര്‍മ്മമായിട്ടിരിക്കുന്നുള്ളുവെന്നും എത്ര വ്യക്തമായിപ്പറഞ്ഞിരിക്കുന്നു! ഇതിനുപുറമെ ജ്ഞാനം ബുദ്ധിമുട്ടുള്ളതാണെന്നും ഭക്തിസാധന വളരെഎളുപ്പമാണെന്നും അറിഞ്ഞത് അറിവുകൊണ്ടല്ലേ? അപ്പോള്‍ ഭക്തിയുണ്ടാവു ന്നതിനു മുമ്പുതന്നെ ഒരാളില്‍ അറിവുണ്ടെന്നും ആ അറിവില്‍നിന്നുണ്ടായി ആ അറിവില്‍ത്തന്നെ വികസിച്ച് ആ അറിവില്‍ ത്തന്നെ അടങ്ങുന്ന ഒന്നാണ് ഭക്തിയെന്നും വ്യക്തമല്ലേ? മറ്റെല്ലാറ്റിന്റെയുമെന്നപോലെ ഭക്തിയുടേയും ഊടും പാവുമാകുന്ന അറിവിനെ നിഷേധിച്ചുകൊണ്ടുള്ള ഭക്തിശ്രമം എത്രമാത്രം സഫലമാവും? ആ അറിവുതന്നെ യല്ലേ ജ്ഞാനം? അതു വിഷയാകാരമാവുമ്പോള്‍ ലൗകികവും ആത്മാകാരമാവുമ്പോള്‍ അദ്ധ്യാത്മവുമായി. അല്ലാതെന്താണു വ്യത്യാ സം? വിദ്യയും അവിദ്യയും ജ്ഞാനവും അജ്ഞാനവുമെല്ലാം ഒരേ അറിവുതന്നെ. കര്‍ മ്മവും ഭക്തിയും യോഗവുമെല്ലാം ആ അറിവിന്റെ അല്ലെങ്കില്‍ ജ്ഞാനത്തിന്റെ രൂപവിശേഷങ്ങള്‍മാത്രം. അപ്രകാരമുള്ള അദൈ്വതജ്ഞാനമാണ്. ഈശാവാസ്യമിദം സര്‍വ്വം എന്ന മന്ത്രപാദംകൊണ്ടുപദേശിക്കു ന്നത്. ഇതിനെ പഠിച്ചാല്‍ മതി. എന്നാല്‍ത്തന്നെ കര്‍മ്മവും ഭക്തിയും യോഗവും ജ്ഞാനവുമെല്ലാം പൂര്‍ണ്ണമാവും, ജന്മം സഫലവുമാകും.