സ്വാമി ജ്ഞാനാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – നവംബര്‍ 2011
നവംബര്‍ 2011
സുപ്രസിദ്ധങ്ങളായ ജ്ഞാനഭൂമികകളില്‍ മൂന്നാമത്തെഭൂമികയാണ് അസംസക്തി. വിഷയങ്ങളുമായി യാതൊരുവിധ സമ്പര്‍ക്കവുമി ല്ലാതിരിക്കുക എന്നാണ് ശബ്ദാര്‍ത്ഥം. അങ്ങനെ ഒരാള്‍ക്കു ജീവിക്കാന്‍ കഴിയുമോ എന്നു സംശയമുണ്ടാവാം. വിഷയാത്മകമാണ് ജഗത്ത്. വിഷയങ്ങളില്ലാത്ത ഒരു പ്രദേശവും ജഗത്തിലില്ല. ജീവനില്‍ ധാരാളം വിഷയവാസനകളുമുണ്ട്. ആ സ്ഥിതിക്ക് ഒരു വിഷ യത്തിന്റെയും സമ്പര്‍ക്കമില്ലാതെ ഒരാളെങ്ങനെ ജീവിക്കുമെന്നസംശയം യുക്തം തന്നെ. സമുദ്രത്തില്‍ ഉപ്പുവെള്ളം മാത്രമേ ഉള്ളു. സമുദ്രത്തില്‍ ജീവിക്കുന്നൊരാള്‍ക്ക് എന്തെങ്കിലും അനുഭവിക്കണമെങ്കില്‍ ഉപ്പുവെള്ളമല്ലാതെ മറ്റെന്താണ് കിട്ടാനുള്ളത്? അതുപോലെ വിഷയങ്ങളല്ലാതെ മറ്റൊന്നുമില്ലാത്ത ജഗത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കു വിഷയങ്ങളല്ലാതെ മറ്റെന്താണനുഭവിക്കാന്‍ കിട്ടുന്നത്? ഒന്നുംതന്നെ കിട്ടാനില്ലെന്നു പറയണം. എന്നാല്‍ ഈവക സംശയങ്ങളൊക്കെ വിഷയാലുക്കള്‍ക്കുള്ളതാണ്. ജ്ഞാനഭൂമികകളില്‍ക്കൂടെസഞ്ചരിക്കുന്ന ഒരാള്‍ക്ക് അസം സക്തനായി ജീവിക്കാനൊരു വിഷമവുമില്ല. സക്തിയില്ലാത്തൊരാള്‍ അല്പമായആഹാരം കഴിക്കാനോ വെള്ളംകുടിക്കാന്‍ പോലുമോ പാടില്ലെന്നൊന്നും വരുന്നില്ല. വിഷയങ്ങളില്‍ ആഗ്രഹമോ, ചിന്തയോ, പ്രവൃത്തിയോ ഇല്ലാത്തവനെന്നേ അസംസക്തനെന്നതിനര്‍ത്ഥ മുള്ളു. ശുഭേച്ഛയും, സുവിചാരണയുമാകുന്ന പൂര്‍വ്വഭൂമികളില്‍ക്കൂടെ വന്നൊരാള്‍ക്കു വിഷയസംബന്ധമില്ലാതെ അസംസക്തനായി രിക്കാനൊരു വിഷമവുമില്ല.
മനസ്സെപ്പോഴും ഏതിനെയാണോര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്, അതിലാണ് ആഗ്രഹം വളരാനിടയായിത്തീരുന്നത്. സാധകന്റെ ചിത്തം വിഷയസ്പര്‍ശമില്ലാതെ എപ്പോഴും തത്വവിചാരവും, തത്വാനുസന്ധാനവും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ വിഷയചിന്തയോ, വിഷയാഗ്രഹമോ അദ്ദേഹത്തിനുണ്ടാവാന്‍ വയ്യ. ആഗ്രഹമോ, ചിന്തയോ ഇല്ലാതെ ചിലപ്പോള്‍ സാഹചര്യംകൊണ്ടോ, പരപ്രേരണകൊണ്ടോ എന്തെങ്കിലും ചില വിഷയങ്ങളെ അല്പമായനുഭവിച്ചാലും അതു സക്തിക്കോ, ബന്ധത്തിനോ കാരണമായിത്തീരുന്നില്ല. അതിനാല്‍ ശരിയായ സാധകന്റെ അസംസക്തിക്ക് എപ്പോഴും ഭംഗമില്ല. മനസ്സിനെ ജഗത്തില്‍ന്നു പിന്‍തിരിച്ച് ആത്മാഭിമുഖമാക്കിത്തീര്‍ക്കാതെ ആര്‍ക്കും അസംസക്തനായിരിക്കാനും സാദ്ധ്യമല്ല. ബാഹ്യാഭ്യന്തരങ്ങളായ കരണങ്ങള്‍ ഒരു വിഷയത്തെ ആസ്വദിക്കുമ്പോള്‍ വേറെ എന്തെല്ലാം ആകര്‍ ഷകങ്ങളായ വിഷയങ്ങള്‍ ചുറ്റുപാടുമുണ്ടായാല്‍ക്കൂടിയും അവയുടെയൊന്നും അനു ഭവമുണ്ടാവാന്‍ വയ്യ. ഒരു സമയത്ത് ഒരു വിഷയത്തെ മാത്രമേ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അനുഭവിപ്പാന്‍ സാധിക്കു എന്നാണതു കാണിക്കുന്നത്. എന്നാല്‍ മനസ്സും ഇന്ദ്രിയങ്ങളും ആത്മാഭിമുഖങ്ങളായിക്കഴിഞ്ഞാല്‍-ഒരിക്കലും ആത്മവിസ്മൃതിയില്ലെങ്കില്‍-പിന്നെയെങ്ങനെ വിഷയചിന്തയുണ്ടാവും?
എന്നാലും അങ്ങനെയൊരവസ്ഥ പ്രായോഗികമായിത്തീരുമോ എന്നു പിന്നെയും സംശയിക്കുന്നവരുണ്ടാവാം. ശുഭേച്ഛയും, സുവിചാരണയുമാകുന്ന പൂര്‍വ്വഭൂമികകളിലെ അനുഭവം അവര്‍ക്കില്ലാത്തതുകൊണ്ടാണ് ചിലരങ്ങനെ സംശയിക്കുന്നത്. കഠിനമായ വിശപ്പുള്ളൊരാള്‍ ഉറങ്ങിയെന്നിരിക്കട്ടേ, ആ ഉറക്കത്തില്‍ വിശപ്പിനെ അനുഭവിക്കാറില്ലെന്നതു സ്പഷ്ടമാണല്ലോ. പ്രപഞ്ചത്തിന്റെയും ശരീരത്തിന്റെയും വിസ്മൃതിയാണതിനു ഹേതു. അതുപോലെ സാധകന് ആത്മഭാവത്തിന്റെ ഏകാഗ്രതകൊണ്ടു ശരീരം വിസ്മൃതമായിത്തീരുമെങ്കില്‍ പിന്നെയെങ്ങനെ വിഷയചിന്തയുണ്ടാവും? ശരീരം വിസ്മൃതമായിത്തീരുമോ എന്നാണെങ്കില്‍ അതിനു സംശയമേ ഇല്ല. ഒരു വസ്തുവില്‍ മനസ്സിന്നേകാഗ്രതയുണ്ടായിത്തീരുമ്പോള്‍ മറ്റെല്ലാം വിസ്മൃതങ്ങളായിത്തീരുകയെന്നതു സാധാരണ സംഭവമാണ്. പ്രായേണ എല്ലാവര്‍ക്കും ആ വിഷയത്തില്‍ അനുഭവമുണ്ടാവാം. ആ സ്ഥിതിക്ക് ആത്മഭാവത്തില്‍ ഏകാഗ്രത കിട്ടിക്കഴിഞ്ഞ സാധകന്റെ മനസ്സ് ശരീരത്തെ മറക്കുകയും, വിഷയങ്ങളുടെ സ്പര്‍ശമില്ലാതിരിക്കുകയും ചെയ്താലതിലത്ഭുതമില്ല. അതിനാല്‍ ശരീരവിസ്മൃതിയോടും വിഷയസ്പര്‍ശമില്ലാതെയുമുള്ള അസംസക്തജീവിതം സാധകന്മാര്‍ക്ക് തികച്ചും പ്രായോഗികമാണ്. അസംസക്തനായി വിഷയസ്പര്‍ശമില്ലാതെ എപ്പോഴും ആത്മചിന്തയോടുകൂടിക്കഴിയുന്ന സാധകന്‍ സുഖിയും സംതൃപ്തനുമാണ്. ആത്മനിര്‍വൃതി പൂര്‍ണ്ണമായി അദ്ദേഹത്തിന്നു കിട്ടിക്കഴിഞ്ഞിട്ടില്ലെങ്കിലും വിഷയങ്ങള്‍ഹേതുവായിട്ടുള്ള ദുഃഖം അല്പംപോലും അദ്ദേഹത്തെ ബാധിക്കുന്നില്ല. പ്രായേണ എല്ലാവരുടെയും എല്ലാവിധ ദുഃഖങ്ങളുടെയും മുഖ്യഹേതു വിഷയങ്ങളാണ്. ദുഃഖാത്മകങ്ങളാണ് വിഷയങ്ങളെന്നറിഞ്ഞിട്ടും പിന്നെയും അവ യെത്തന്നെ അന്വേഷിക്കുകയും സേവിക്കുകയും ചെയ്തുകൊണ്ടിരിക്കലാണ് ലോകസ്വഭാവം. ആ കാരണത്താല്‍തന്നെ ദുഃഖാനുഭവങ്ങള്‍ വളരലല്ലാതെ ആര്‍ക്കും ക്ഷയിക്കുന്നില്ലെന്നുംപറയണം.എന്നാല്‍ അസംസക്തനാ യസാധകന്‍ ഒരിക്കലും വൈഷയിക ദുഃഖ ത്തെ അനുഭവിക്കുന്നില്ല. വാസനാവിശേഷ ത്താല്‍ ചിലപ്പോള്‍ ചില വിഷയങ്ങളുടെ ഓര്‍ മ്മയുണ്ടായാലും, വിവേകമുള്ളതുകൊണ്ട് ഒന്നിലും ആഗ്രഹമുണ്ടാവുന്നില്ല. ആഗ്രഹമില്ലെങ്കില്‍ പ്രവൃത്തിയും ഉണ്ടാവാന്‍ വയ്യല്ലോ. അഥവാ വല്ല കാരണവശാലും വല്ല വിഷയത്തിലും ചിലപ്പോള്‍ പ്രവൃത്തിയുണ്ടായാലും അതു കേവലം യാന്ത്രികമെന്നപോലെ ജഡമാകയാല്‍ സക്തിക്കോ ബന്ധത്തിന്നോ കാരണമാവുന്നുമില്ല. അതിനാല്‍ വിഷയങ്ങള്‍ ക്കൊരിക്കലും അസംസക്തനെ ബാധിക്കാനോ ദുഃഖിപ്പിക്കാനോ സാധിക്കില്ലെന്നുതന്നെ പറയണം.
എങ്കിലും അസംസക്തന്റെ ജീവിതം കുറെ ബുദ്ധിമുട്ടുള്ളതാണെന്നു പറയാതിരിക്കാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ സാദ്ധ്യമായ അദൈ്വതാനുഭൂതി കിട്ടിക്കഴിഞ്ഞിട്ടില്ല, വിഷയാനുഭവങ്ങളില്ലതാനും. അപ്പോള്‍ ഇഹപര ങ്ങളായ രണ്ടു ലോകങ്ങളുടെയും ശരിയായ അനുഭവമില്ലാതെ, രണ്ടിന്റെയും മദ്ധ്യത്തിലാണ് അസംസക്തന്‍ നില്ക്കുന്നതെന്നു പറയണം. അങ്ങനെയുള്ള ജീവിതത്തില്‍ തൃപ്തിയും ദൃഢതയും കിട്ടുകയെന്നതു സുകൃതവിശേഷംകൊണ്ടും, ഈശ്വരാനുഗ്രഹംകൊണ്ടും മാത്രം സാധിക്കേണ്ടതാണ്. എന്നാല്‍ മുന്നോട്ടു പോവുംതോറും സാധകന്‍ കൂടുതല്‍ സംതൃപ്തനും, ചരിതാര്‍ത്ഥനുമായിക്കൊണ്ടിരക്കുകയും ചെയ്യും. അതോടൊപ്പം വിവേകവും വളര്‍ന്നുകൊണ്ടിരിക്കും. വിവേകം വളരുംതോറും വിഷയനിവൃത്തികൊണ്ടും, അസംസക്തികൊണ്ടും അദ്ദേഹം കൂടുതല്‍ കൂടുതല്‍ ചരിതാര്‍ത്ഥനായിക്കൊണ്ടിരിക്കും. ഇപ്രകാരമുള്ള അസംസക്തിയില്‍ക്കൂടെവേണം ആത്മാനുഭൂതിയാകുന്ന ജീവിതലക്ഷ്യത്തെ തികച്ചുമറിയാനും പ്രാപിക്കാനുമെന്നു വരുമ്പോള്‍ അസംസക്തജീവിതത്തിന്റെ നേട്ടം എത്ര വലിയതാണെന്നുപറയാന്‍ വയ്യ. പൂര്‍വ്വസാധനകളെക്കൊണ്ട് അതു വേണ്ടത്ര ശുദ്ധവും, ബലപ്പെട്ടതും കൂടിയാണെങ്കില്‍ അസംസക്തി മോക്ഷമാകുന്ന പരമലക്ഷ്യത്തിന്റെ കവാടവും, അസംസക്തന്‍ ധന്യനും ചരിതാര്‍ത്ഥനുമാണുതാനും.